Leader Page
വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണെങ്കിലും മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം യുഡിഎഫിനൊപ്പവും ഒന്ന് എൽഡിഎഫിനൊപ്പവുമാണ്. കൽപ്പറ്റ ജനറലും മാനന്തവാടിയും സുൽത്താൻ ബത്തേരിയും സംവരണ മണ്ഡലങ്ങളാണ്. മാനന്തവാടി കഴിഞ്ഞ രണ്ടു തവണയും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, 2011ൽ യുഡിഎഫിനൊപ്പമായിരുന്നു. പി.കെ. ജയലക്ഷ്മി ആയിരുന്നു എംഎൽഎ. ഇത് 2016ലാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ഒ.ആർ. കേളുവാണ് എംഎൽഎ ആയത്. പിന്നീട് 2021ലും ഒ.ആർ. കേളു എംഎൽഎ ആയി. ഇപ്പോൾ അദ്ദേഹം മന്ത്രിയുമാണ്.
രണ്ടുതവണ മാത്രമാണ് സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനു നഷ്ടമായത്. കൽപ്പറ്റയിൽ യുഡിഎഫും ജനതാദളുമാണ് കൂടുതൽ കാലം വിജയിച്ചത്. ഒരു പ്രാവശ്യം മാത്രം സിപിഎമ്മിനൊപ്പം. മാനന്തവാടിയാകട്ടെ മണ്ഡല രൂപീകരണത്തിനുശേഷം നാല് തവണ എൽഡിഎഫിനൊപ്പവും ഒമ്പത് തവണ യുഡിഎഫിനൊപ്പവുമായിരുന്നു.
വാനോളം പ്രതീക്ഷയിൽ യുഡിഎഫ്
അനുകൂലമാണ് വയനാട് എന്ന ചിന്തയിലാണ് യുഡിഎഫ് ജില്ലാ നേതൃത്വവും അണികളും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം സാംപിൾ മാത്രമാണെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ശബരിമല സ്വർണത്തട്ടിപ്പും ബ്രഹ്മഗിരി സൊസൈറ്റിയിലെ തട്ടിപ്പും പിണറായി സർക്കാരിന്റെ വീഴ്ചകളുമാണ് യുഡിഎഫ് എണ്ണിപ്പറയുക. അയൽ ജില്ലയായ കണ്ണൂരിലെ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണവും വയനാട്ടിലെത്തും.
സിപിഎമ്മിൽ ജില്ലാ നേതാക്കൾ വെട്ടിനിരത്തിയ പൂതാടി പഞ്ചായത്തിലെ എ.വി. ജയൻ അടക്കമുള്ളവരുടെ നിലപാടുകളും യുഡിഎഫിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങൾ ലഭിച്ചെങ്കിലും മാനന്തവാടി കൂടി ഇത്തവണ പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. അതിനായി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. ബത്തേരിയിലും കൽപ്പറ്റയിലും ഭരണവിരുദ്ധ വികാരം മുതലെടുത്ത് ഭൂരിപക്ഷം വർധിപ്പിക്കാമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. പ്രചാരണത്തിന് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെത്തിയേക്കും.
മണ്ഡലം വർധിപ്പിക്കാൻ എൽഡിഎഫ്
2011ൽ മൂന്ന് മണ്ഡലവും നഷ്ടപ്പെട്ട സ്ഥിതിയിൽനിന്നാണ് 2016ൽ മാനന്തവാടിയും കൽപ്പറ്റയും തിരിച്ചുപിടിച്ച് എൽഡിഎഫ് മുന്നേറ്റം നടത്തിയത്. 2021ൽ മാനന്തവാടി നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. എന്നാൽ കൽപ്പറ്റ കൈവിട്ടു. മാനന്തവാടി നഷ്ടപ്പെടാതെ സുൽത്താൻ ബത്തേരിയും കൽപ്പറ്റയും എന്നതാണ് എൽഡിഎഫ് ലക്ഷ്യം. മാനന്തവാടിയിൽ ഒ.ആർ. കേളുവിനുതന്നെയാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ എം.എസ്. വിശ്വനാഥനായിരിക്കും എൽഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ച് സിപിഎമ്മിനൊപ്പം ചേർന്ന വിശ്വനാഥനിലൂടെ യുഡിഎഫ് വോട്ടുകളിലും കണ്ണുണ്ട്. കൽപ്പറ്റയിൽ എൽഡിഎഫിനൊപ്പമുള്ള ജനതാദളിനായിരിക്കും സീറ്റ്.
മാനന്തവാടിയിൽ എന്തും സംഭവിക്കാം
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുന്ന പതിവ് ഇത്തവണയും മാറില്ല. രണ്ട് തവണ കൈവിട്ട മാനന്തവാടിയാണ് യുഡിഎഫിന് വെല്ലുവിളി. ഇത്തവണ മാനന്തവാടി കൈവിടാൻ യുഡിഎഫ് ഒരുക്കമല്ല. എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ മണ്ഡലംകൂടിയാണ് മാനന്തവാടി. 2011നു ശേഷം രണ്ട് തവണ തോറ്റു. എന്നാൽ, സ്ഥാനാർഥിയുടെ കാര്യം ഇതുവരെ തീരുമാനമായിട്ടില്ല.
2016ലും 2021ലും വിജയിച്ച ഒ.ആർ. കേളുവാണ് എൽഡിഎഫിന്റെ മാനന്തവാടിയിലെ തുറുപ്പുചീട്ട്. രണ്ട് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ടെന്ന സിപിഎം നിലപാട് മാറ്റിവച്ചേക്കും. ഒ.ആർ. കേളു മണ്ഡലത്തിലെ പ്രിയപ്പെട്ട വ്യക്തിത്വമാണ്. എങ്കിലും സ്വന്തം മണ്ഡലത്തിൽ സംഭവിച്ച മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശുചിമുറിയുടെ അഭാവവും വനത്തിൽ താമസിച്ചിരുന്ന ആദിവാസികളുടെ കുടിൽ പൊളിച്ചുനീക്കിയതും വെല്ലുവിളിയാകും. എന്നാൽ വയനാട് ഗവ. മെഡിക്കൽ കോളജ് മാനന്തവാടിയിൽ ആരംഭിച്ചതും ഇതിനായി സ്ഥലം കണ്ടെത്തിയതും എൽഡിഎഫിന് അനുകൂല ഘടകമാണ്. എൻഡിഎ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ഡലത്തിലെ വോട്ടുകൾ ചോരാതിരിക്കാനും ശക്തി വെളിപ്പെടുത്താനുമാണ് എൽഡിഎ ശ്രമിക്കുന്നത്.
സുൽത്താന്റെ കോട്ട പിടിക്കാൻ ആര്?
സംവരണ മണ്ഡലമായ ബത്തേരിയിൽ വോട്ടിന്റെ എണ്ണം വർധിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അവസാന മൂന്ന് വട്ടവും ഇവിടെ വിജയിച്ച ഐ.സി. ബാലകൃഷ്ണൻ തന്നെയാകും യുഡിഎഫ് സ്ഥാനാർഥിയെന്നാണ് സൂചന. നിരവധി ആരോപണങ്ങളും കാലുമാറ്റങ്ങളും ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും യുഡിഎഫിന് വെല്ലുവിളിയാണ്. ബത്തേരി അർബൻ സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പണമിടപാടുകളും യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. എൻ.എം. വിജയന്റെ ബാധ്യതകൾ ഏറെ വിവാദത്തിനു ശേഷമാണ് യുഡിഎഫ് തീർത്തത്. ഇതു മുതലെടുക്കാൻ എൽഡിഎഫ് നിരവധി ശ്രമങ്ങൾ നടത്തി. സിപിഎം കേന്ദ്ര, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ വരെ വിജയന്റെ വീട് സന്ദർശിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള നിരവധി നേതാക്കളും സംശയനിഴലിലായിരുന്നു. ഇതെല്ലാം മുതലെടുത്ത് മുൻ കോൺഗ്രസ് അംഗത്തെത്തന്നെ പോരിനിറക്കാനാണ് എൽഡിഎഫ് നീക്കമെന്നാണ് അറിയുന്നത്.
Kerala
കൊച്ചി: ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കത്രിക വയറ്റിൽ കുടുങ്ങി, ഒരു കുഞ്ഞിന്റെ കൈ മുറിച്ചു കളയേണ്ടി വന്നു, അഞ്ചു വർഷം കത്രിക വയറ്റിൽ വച്ച് നടക്കേണ്ടി വന്ന സ്ത്രീയുടെത് തുടങ്ങി വ്യാപകമായ വാർത്തകളാണ് വരുന്നതെന്നും കൊച്ചിയിൽ പുതുയുഗയാത്രയിൽ സംസാരിക്കവേ സതീശൻ പറഞ്ഞു.
കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന്റെയും പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയുടെയും ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയുടെയും ദുരവസ്ഥ പറഞ്ഞു കൊണ്ടാണ് വി.ഡി സതീശൻ സംസാരിച്ചത്.
അവരോടൊന്നും കരുണ കാണിക്കാത്ത, മനസാക്ഷിയില്ലാത്ത ക്രൂരന്മാരുടെ സർക്കാരാണ് കേരളം ഭരിക്കുന്നത്. വെന്റിലേറ്ററിൽ കിടക്കുന്ന ഈ കേരളത്തിലെ ആരോഗ്യത്തെ നമുക്ക് ആരോഗ്യവതിയായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അഞ്ചുവർഷമായി കത്രിക വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എംപിയാണ് ചികിത്സ സഹായം ഒരുക്കിയത്. വി.ഡി. സതീശനാണ് വിനോദനിക്ക് കൃത്രിമ കൈ നൽകുന്നതിനുള്ള ചികിത്സ ചെലവ് ഏറ്റെടുത്തത്.
Kerala
കോഴിക്കോട്: ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 12വരെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം കടുത്ത വഞ്ചനയാണെന്നു കേരള മദ്യനിരോധന സമിതി.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ പിന്നെ ബാറുകളുടെ കാര്യത്തില്‍ മാത്രമാണു വികസനമുണ്ടായതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ലിക്കര്‍ ഡിസ്ട്രിബ്യൂട്ടറി ഫ്രണ്ടായി മാറിയെന്നും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
അബ്കാരികളെ പ്രീണിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ മദ്യാനുകൂല നടപടിയാണ് ബാറുകളുടെ സമയം ദീര്‍ഘിപ്പിച്ചതിലൂടെ വ്യക്തമായത്. മന്ത്രിസഭ പോലും അറിയാതെ ബാര്‍ സമയം വര്‍ധിപ്പിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ സാമ്പത്തിക താത്പര്യം മാത്രമാണുള്ളത്.
സംസ്ഥാനത്തെ ബാറുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നത് കണക്കില്‍പ്പെടാത്ത, നികുതിയടയ്ക്കാത്ത മദ്യമാണ്. ടൂറിസ്റ്റുകളുടെ താത്പര്യമാണ് സമയവര്ധനവിന് പിന്നിലെന്ന് പറയുന്നതു സര്‍ക്കാരിന്റെ സാമ്പത്തിക താത്പര്യം മറിച്ചുപിടിക്കാനുള്ള കപടതന്ത്രമാണ്. പാര്‍ട്ടി ഫണ്ടിലേക്ക് പണം ശേഖരിക്കാനുള്ള പ്രധാന സ്രോതസായി എക്സൈസ് വകുപ്പ് മാറി. തുടര്‍ഭരണ സാധ്യതയില്ലെന്ന് ബോധ്യമായതോടെ കടുംവെട്ട് നടത്തുകയാണ് സര്‍ക്കാരെന്നും ജനവഞ്ചന നടപടികള്‍ക്ക് കടുത്ത തിരിച്ചടി ലഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. വിന്‍സെന്റ് മാളിയേക്കല്‍, പ്രഫ. ഒ.ജെ. ചിന്നമ്മ, പ്രഫ. ടി.എം. രവീന്ദ്രന്, ഇയ്യച്ചേരി പത്മിനി എന്നിവര്‍ പങ്കെടുത്തു.
Leader Page
അക്ഷരങ്ങളുടെയും റബറിന്റെയും കായലുകളുടെയും നാടായ കോട്ടയം എക്കാലത്തും ഐക്യജനാധിപത്യമുന്നണിക്കൊപ്പമായിരുന്നു. കരുത്തരായ ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും വര്‍ഷങ്ങളായി ഐക്യമുന്നണിയെ നയിച്ചത് ചരിത്രമാണ്. എല്‍ഡിഎഫ് തരംഗത്തിൽപ്പോലും പതറാതിരുന്ന കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിഗ്രൂപ്പിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി നേട്ടമുണ്ടാക്കി. എങ്കിലും പാലായിൽ ജോസ് കെ. മാണിയുടെ പരാജയം ക്ഷീണമായി.
കേരള കോണ്‍ഗ്രസ് രാഷ്ട്രീയവും ക്രൈസ്തവ സഭകളുടെ നിലപാടും എന്‍എസ്എസ് ആസ്ഥാനവുമൊക്കെയായി എല്ലാ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ ചർച്ചകളിൽ കോട്ടയമുണ്ടായിരുന്നു. ഇത്തവണ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കേരള കോണ്‍ഗ്രസ്-എം ഇടതുമുന്നണിയില്‍ ഉറച്ചുനില്ക്കാന് തീരുമാനിച്ചതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനും പാലായും കടുത്തുരുത്തിയും കൂടി പിടിച്ചെടുക്കാനുമുള്ള തയാറെടുപ്പിലാണ് ഇടതുമുന്നണി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെന്നപോലെ മാണി ഗ്രൂപ്പിനെ നിയമസഭയിലേക്കും ചേര്‍ത്തുപിടിക്കുകയാണ് സിപിഎമ്മും എല്‍ഡിഎഫും. ജില്ലയിൽ എ ക്ലാസ് മണ്ഡലങ്ങളൊന്നുമില്ലെങ്കിലും പല മണ്ഡലത്തിലും ബിജെപിക്ക് ശക്തിയുണ്ട്. നിലവില്‍ ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം എല്‍ഡിഎഫിനും നാലെണ്ണം യുഡിഎഫിനുമാണ്.
»സിറ്റിംഗ് എംഎല്‍എമാര്‍ വീണ്ടും
യുഡിഎഫില്‍ സിറ്റിംഗ് എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ (കോട്ടയം), ചാണ്ടി ഉമ്മന്‍ (പുതുപ്പള്ളി), മോന്‍സ് ജോസഫ് (കടുത്തുരുത്തി), മാണി സി. കാപ്പന് (പാലാ) എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നുറപ്പായി. എല്‍ഡിഎഫില്‍ മന്ത്രി വി.എന്‍. വാസവന് (ഏറ്റുമാനൂര്‍), ഡോ. എന്‍. ജയരാജ് (കാഞ്ഞിരപ്പള്ളി), ജോബ് മൈക്കിള്‍ (ചങ്ങനാശേരി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍) എന്നിവരും മത്സരരംഗത്തുണ്ടാകും. സി.കെ. ആശ(വൈക്കം)യുടെ കാര്യത്തില്‍ മാത്രമാണു തീരുമാനമാകാനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സീറ്റ് ധാരണ ഇത്തവണയും തുടരുമെന്ന പ്രതീക്ഷയിലാണു പാര്‍ട്ടികള്‍. യുഡിഎഫില്‍ കോണ്‍ഗ്രസ്-അഞ്ച്, കേരള കോണ്‍ഗ്രസ്-മൂന്ന്, മാണി സി. കാപ്പന് (സ്വത) ഒന്ന് എന്നിങ്ങനെയും എല്‍ഡിഎഫില്‍ സിപിഎം-മൂന്ന്, സിപിഐ-ഒന്ന്, കേരള കോണ്‍ഗ്രസ് എം-അഞ്ച് എന്നിങ്ങനെയുമായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റു വിഭജനം.
» പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിന് അനുകൂലം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നേടിയ ഭൂരിപക്ഷത്തോടെയാണ് ജില്ലയില്‍ യുഡിഎഫിന്റെ തിരിച്ചുവരവ് തുടങ്ങുന്നത്. പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജും ജില്ലയിലെ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും നേടിയ തകര്‍പ്പന്‍ വിജയവും യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയ വലിയ ആധിപത്യം വേറെയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ നേരിയ ലീഡ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. ബാക്കി മണ്ഡലങ്ങളില്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്.
» എല്‍ഡിഎഫിന്റെ പ്രതീക്ഷ കേരള കോണ്‍ഗ്രസ് എമ്മില്‍
ത്രിതല പഞ്ചായത്തിൽ എല്‍ഡിഎഫിനേറ്റ തിരിച്ചടിയോടെ കേരള കോണ്‍ഗ്രസ്- എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിച്ചതാണ്. മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ച ജോസ് കെ. മാണിയുടെ പ്രതീക്ഷ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ 1,500 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിലാണ്.
» കേരള കോണ്‍ഗ്രസ് സീറ്റുകളില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
യുഡിഎഫില്‍ കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂര്‍ എന്നീ മൂന്നു സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചത്. ഇതില്‍ കടുത്തുരുത്തിയില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ഇത്തവണ ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ വേണമെന്ന നിലപാടിലാണു കോണ്‍ഗ്രസ്. ഇതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പലവട്ടം നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. രണ്ടു സീറ്റും വിട്ടു നല്‍കില്ലെന്നും ഇത്തവണ രണ്ടിടത്തും വിജയിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥികളുണ്ടെന്നുമാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാല്‍, ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തിട്ട് പൂഞ്ഞാര്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ഇനി പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫാണു തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ മത്സരിപ്പിക്കാനാണ് സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
» ജോസ് കെ. മാണി പാലായിലോ കടുത്തുരുത്തിയിലോ?
ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ജോസ് കെ. മാണിയുടെ മറുപടി. ജോസ് കെ. മാണി ഇത്തവണ മത്സരിക്കുമോ മത്സരിച്ചാല്‍ പാലായിലാണോ കടുത്തുരുത്തിയിലാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാലായില്‍ നിഷ ജോസ് കെ. മാണിയുടെ പേരും കേട്ടിരുന്നെങ്കിലും ജോസ് കെ. മാണി തന്നെ ഇതു നിഷേധിച്ചു. എതിരാളി ആരായാലും യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന് പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ യുഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ സ്വന്തം പാര്‍ട്ടിയായ കെഡിപിയുടെ ബാനറിലായിരിക്കും മത്സരം.
» കോണ്‍ഗ്രസില്‍ സീറ്റിനായി ഒരുപിടി നേതാക്കള്‍
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സീറ്റുറപ്പിച്ചു പ്രവര്‍ത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും മണ്ഡലത്തില്‍ സജീവമാണ്. പൂഞ്ഞാര്‍ സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച കെപിസിസി സെക്രട്ടറി ടോമി കല്ലാനിയുടെ പേരിനാണു മുന്‍തൂക്കം. കാഞ്ഞിരപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് വാഴയ്ക്കന്റെ പേരിനൊപ്പം ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍, റോണി കെ. ബേബി, ജിജി അഞ്ചാനി, ജില്ലാ പഞ്ചായത്തംഗം ആന്മരിയ എന്നിവരുടെ പേരുകളാണുള്ളത്. ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍നിന്നു വിട്ടുകിട്ടിയാല്‍ മത്സരിക്കാന്‍ ഒരുപിടി നേതാക്കളാണു രംഗത്ത്. സംവരണ മണ്ഡലമായ വൈക്കത്ത് ദളിത് നേതാവ് സണ്ണി എം. കപിക്കാടിനെ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് ആലോചന.
» കോട്ടയവും പുതുപ്പള്ളിയും സിപിഎമ്മിനു കഠിനം
കോട്ടയത്തു തുടര്‍ച്ചയായ നാലാം അങ്കത്തിൽ ഭൂരിപക്ഷം വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണു തിരുവഞ്ചൂര്‍. കഴിഞ്ഞ തവണ 18,743 ആയിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ മത്സരിച്ച കെ. അനില്‍കുമാറാണ് ഇടതുപക്ഷത്ത് പ്രഥമ പരിഗണനയില്‍. ഇദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. സുരേഷ് കുറുപ്പിന്റെ പേരും കേൾക്കുന്നുണ്ട്.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ജെയ്ക് സി. തോമസിനെ 37,719 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പരാജയപ്പെടുത്തിയത്. മൂന്നു തവണ തോറ്റ ജെയ്ക് സി. തോമസ് ഇനി പുതുപ്പള്ളിയില്‍ നിൽക്കില്ല. ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ റെജി സഖറിയ, കെ.എം. രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന് എന്നിവരാണ് പട്ടികയിലുള്ളത്. ബാലികേറാമലയായതിനാല്‍ പൊതു സ്വതന്ത്രനെ പരീക്ഷിക്കാനും നീക്കമുണ്ട്.
» ടേം മാനദണ്ഡം ഒഴിവായാല്‍ ആശയ്ക്ക് മൂന്നാമൂഴം
ഒരാള്‍ക്ക് തുടരെ രണ്ടു ടേം എന്ന പാര്‍ട്ടി മാനദണ്ഡം മാറിയാല്‍ വൈക്കത്ത് സിറ്റിംഗ് എംഎല്‍എ ആശ വീണ്ടും മത്സരിക്കും. ആശയ്ക്കു തന്നെയാണ് സിപിഐയുടെ പ്രഥമ പരിഗണന. മണ്ഡല രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമാണ് വൈക്കം. സിപിഐയുടെ പ്രാദേശിക നേതൃത്വത്തിലെ ഭിന്നതകളും ജാതി സമവാക്യങ്ങളുമാണ് യുഡിഎഫിന്റെ നോട്ടം.
Leader Page
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടത്തേക്കും ലോക്സഭയില്‍ വലത്തേക്കും തദ്ദേശത്തില്‍ വീണ്ടും ഇടത്തേക്കും ചായുന്ന ചരിത്രമാണു കോഴിക്കോടിന്.
വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് എത്തുമ്പോള്‍ കഴിഞ്ഞ കാല് നൂറ്റാണ്ടായി കേരള നിയമസഭയില്‍ കോഴിക്കോട്ടുനിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി പോലുമില്ല എന്ന യാഥാര്‍ഥ്യമാണ് മുന്നിലുള്ളത്. 2001ല്‍ കൊയിലാണ്ടിയില്‍നിന്ന് പി. ശങ്കരനും കോഴിക്കോട് നോര്‍ത്തില്‍നിന്ന് എ. സുജനപാലും ജയിച്ചുകയറിയതിനു ശേഷം ഇന്നുവരെ ജില്ലയില്‍ ഒരിടത്തും കോണ്‍ഗ്രസിനു വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് രണ്ട് എംപിമാരുണ്ടെങ്കിലും ഒരു എംഎല്‍എ പോലുമില്ല. വടകരയിലും കൊടുവള്ളിയിലും ലീഗിന്റെയും ആര്‍എംപിയുടെയും പ്രതിനിധികൾ മാത്രമാണ് നേരിയ ആശ്വാസം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 11 സീറ്റും ഇടതുപക്ഷം നേടി.
ഹോട്ട് സീറ്റുകള്‍
കോഴിക്കോട് ജില്ലയില്‍ ഏറെ ശ്രദ്ധാകേന്ദ്രം കുറ്റ്യാടി മണ്ഡലമാണ്. 2011 മുതലുള്ള കുറ്റ്യാടിയുടെ തെരഞ്ഞെടുപ്പ് ചരിത്രം ഇരുമുന്നണികള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്. 2011ല്‍ ഇടതുമുന്നണി തരക്കേടില്ലാത്ത വിജയം നേടിയ മണ്ഡലം 2016ല്‍ മുസ്ലിം ലീഗ് തിരിച്ചുപിടിക്കുന്നതാണു കണ്ടത്. 2011 ല്‍ കെ.കെ. ലതിക നേടിയത് 6,972 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 2016ല്‍ പാറക്കല്‍ അബ്ദുള്ളയെ ഇറക്കി കുറ്റ്യാടി പിടിച്ച യുഡിഎഫ് നേടിയത് 1,157 വോട്ടിന്റെ ഭൂരിപക്ഷം. 2021ലെ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 333 വോട്ട് ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുള്ളയില്‍നിന്ന് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയിലൂടെ സിപിഎം മണ്ഡലം തിരിച്ചുപിടിച്ചു. 2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ 2,437 വോട്ടിന്റെ ഭൂരിപക്ഷം 333 വോട്ടിലേക്കു ചുരുങ്ങിയെങ്കിലും വിജയം എല്‍ഡിഎഫിനായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പില്‍ കുറ്റ്യാടി മണ്ഡല പരിധിയില്‍ ലീഡ് യുഡിഎഫിനായിരുന്നു. ഏതാണ്ട് 4,558 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനു പ്രതീക്ഷ പകരുന്നത്.
നെഞ്ചിടിപ്പേറ്റുന്ന മറ്റൊരു മണ്ഡലം നാദാപുരമാണ്. എല്‍ഡിഎഫിന്റെ കുത്തകയാണെങ്കിലും നാദാപുരത്തെ നേര്‍ത്തുവരുന്ന ഭൂരിപക്ഷം യുഡിഎഫിനും പ്രതീക്ഷ പകരുന്നു. സി.എച്ച്. കണാരനും കാന്തലോട്ട് കുഞ്ഞമ്പുവും സത്യന് മൊകേരിയും ബിനോയ് വിശ്വവുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ നിരന്തരമായി ജയിച്ചുപോന്ന നാദാപുരത്ത് 2011 മുതല്‍ മൂന്നു തവണയും സിപിഐയിലെ ഇ.കെ. വിജയനാണ് എംഎല്‍എ. 2011 ല്‍ 7,546, 2016ല്‍ 4,759, 2021ല്‍ 4,036 എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 5,365 വോട്ടിന്റെ ഭൂരിപക്ഷം നേടാനായത് യുഡിഎഫ് പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു.
പേരാമ്പ്ര സീറ്റില്‍ 2020ലെയും 2025ലെയും തദ്ദേശ തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം നേരേ കീഴ്മേല്‍ മറിഞ്ഞതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. 2020ല്‍ മണ്ഡലത്തില്‍ 10,072 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന എല്‍ഡിഎഫ് 22,592 വോട്ടിനാണു കഴിഞ്ഞ തവണ ജയിച്ചത്. 2016ല്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങിയിരുന്നു. 2011ല്‍ 15,260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു എല്‍ഡിഎഫിന്. 1980 മുതല്‍ നിരന്തരം ഇടതു സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ചുവരാറുള്ള പേരാമ്പ്രയില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലപരിധിയില്‍ യുഡിഎഫ് നേടിയത് 10,233 വോട്ടിന്റെ ഭൂരിപക്ഷം. 2026ലെ തെരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ വോട്ടിംഗില്‍ പ്രതിഫലിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,071 വോട്ടിനു കൊയിലാണ്ടിയില്‍ മുന്നിലായിരുന്ന എല്‍ഡിഎഫ് 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടി പിടിച്ചത്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3,924 വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലപരിധിയില്‍ നേടിയിരിക്കുന്നത് യുഡിഎഫാണ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളും നേര്‍ത്ത ഭൂരിപക്ഷംകൊണ്ട് മുന്നണികളെ കുഴക്കുന്ന സീറ്റുകളാണ്.
2011 ല്‍ 3,833 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച തിരുവമ്പാടി സീറ്റ് 2016ലും 2021ലും ഇടതുമുന്നണിക്കൊപ്പമാണു നിന്നത്. 2016ല്‍ 3,008 വോട്ടിന്റെയും 2021ല്‍ 4,643 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍ഡിഎഫിനു കിട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റമാണ് തിരുവമ്പാടിയില്‍ നടത്തിയത്. മണ്ഡലപരിധിയില്‍ യുഡിഎഫിനിപ്പോള്‍ 24,197 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 2020 തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ 5,246 വോട്ട് ഭൂരിപക്ഷം മറികടന്ന് 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 4,643 വോട്ടിന് ഇടതുമുന്നണി ജയിച്ച തിരുവമ്പാടി ഇക്കുറി എങ്ങനെ ചിന്തിക്കും എന്നതാണ് അറിയേണ്ടത്.
കൊടുവള്ളിയില്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 7,931 വോട്ട് ലീഡുണ്ടായിരുന്നു. തൊട്ടുപിറകേ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം.കെ. മുനീര്‍ വിജയിച്ചത്. 2016ല്‍ 573 വോട്ടിന് ഇടതുമുന്നണി സ്ഥാനാര്‍ഥി കാരാട്ട് റസാഖിനെ ജയിപ്പിച്ച ചരിത്രവുമുണ്ട് കൊടുവള്ളിക്ക്. മുമ്പ് 2006ല്‍ പി.ടി.എ. റഹീം കൊടുവള്ളിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി 7,506 വോട്ടിന് ജയിച്ചിരുന്നു. ഇത്തവണ കൊടുവള്ളി ശ്രദ്ധാകേന്ദ്രമാകുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ 20,417 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്റെ പേരിലാണ്.
എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമായ വടകരയില്‍ ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കഴിഞ്ഞ തവണ ജയിച്ചുകയറിയ കെ.കെ. രമ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്. ആര്‍എംപിഐ യുഡിഎഫിന്റെ അസോസിയേറ്റ് പാര്ട്ടിയായതിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. എല്ലാക്കാലവും ഇടതുപക്ഷത്തിന്റെ കുത്തകസീറ്റായിരുന്ന വടകരയില്‍ ലോക് താന്ത്രിക് ജനതാദളി(എല്‍ജെഡി)ലെ മനയത്ത് ചന്ദ്രനെതിരേ 7,014 വോട്ടിനാണു രമ കഴിഞ്ഞതവണ ജയിച്ചുകയറിയത്.
പ്രഖ്യാപനമായില്ലെങ്കിലും പി.വി. അന്‍വര്‍ തുടങ്ങി
‘മരുമോനിസം’ എന്ന പ്രയോഗവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും അതുവഴി മുഖ്യമന്ത്രി പിണറായിയെയും ലക്ഷ്യമാക്കി മുന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. ബേപ്പൂര്‍ മണ്ഡലത്തിലെ പൗരപ്രമുഖരെ അടക്കം സന്ദര്‍ശിച്ച് പിന്തുണ ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പക്ഷേ, ബേപ്പൂരിലെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യം യുഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചന കെപിസിസി പ്രസിഡന്റ് അടുത്തിടെ നല്‍കിയെങ്കിലും പിന്നീട് അദ്ദേഹം മലക്കംമറിഞ്ഞു. പക്ഷേ, അന്‍വര്‍ പ്രചാരണരംഗത്തുനിന്നു പിന്‍വലിഞ്ഞിട്ടില്ല. യുഡിഎഫ് പിന്തുണയോടെ അന്‍വര്‍ മത്സര രംഗത്ത് എത്തിയാല്‍ മത്സരം കടുത്തതാകും. ഒരു കാലത്ത് പിണറായിയുടെ വിശ്വസ്തനായിരുന്ന അന്‍വറിനോടു തോറ്റാല്‍ കനത്ത ക്ഷീണമാകുമെന്നതിനാല്‍ സിപിഎമ്മും കരുതിക്കൂട്ടിയാണു നീങ്ങുന്നത്.
1982നു ശേഷം സിപിഎമ്മല്ലാതെ മറ്റൊരു പാര്‍ട്ടി ജയിച്ച ചരിത്രമില്ലാത്ത ബേപ്പൂര്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നല്‍കുന്നത് അപായസൂചനയാണ്. 2021ലെ തെരഞ്ഞെടുപ്പില്‍ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.എ. മുഹമ്മദ് റിയാസ് ജയിച്ച മണ്ഡലത്തില്‍ ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിന്റേതായിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച 15,087 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് റിയാസ് 28,747 ലേക്ക് ഉയര്‍ത്തിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം അഞ്ചു മണിക്കൂർ വരെ ദീർഘിപ്പിച്ച നടപടി ഇടതു മുന്നണിയിലെ പ്രമുഖ നേതാക്കൾ അറിഞ്ഞില്ല.
പ്രധാന ഘടകകക്ഷിയിലെ പല പ്രമുഖ നേതാക്കളും ഫൈവ് സ്റ്റാർ മുതലുള്ള ബാറുകളുടെ പ്രവർത്തനസമയം പുലർച്ചെ മൂന്നു വരെ നീട്ടിയത് ഇന്നലെ രാവിലെ പത്രങ്ങൾ കണ്ടാണ് അറിഞ്ഞത്. എൽഡിഎഫിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയാണ് സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാനായി ബാറുകളുടെ പ്രവർത്തനസമയം 17 മണിക്കൂറായി ഉയർത്തിയത്.
എന്നാൽ, ചില ഇടനിലക്കാരുമായി ചർച്ച ചെയ്താണ് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയതെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷി നേതാക്കളുടെ ആരോപണം.
ഖജനാവിലേക്ക് ലഭിക്കേണ്ട ബാറുകളുടെ ലൈസൻസ് ഫീസ് ഉയർത്താതെയാണ് ത്രീ, ഫോർ സ്റ്റാർ ബാറുകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ ഉയർത്തിയത്.
മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി എം.ബി. രാജേഷും മാത്രം കണ്ടാണ് ബാറുകളുടെ സമയപരിധി ഉയർത്തിയതെന്ന് ഇ ഫയൽ രേഖകൾ വ്യക്തമാക്കുന്നു. ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടാകാമെന്ന സംശയവും പൊതുസമൂഹത്തിൽ വ്യാപകമാണ്. സാധാരണ മന്ത്രിസഭയിൽ ചർച്ച ചെയ്താണ് അബ്കാരി നിയമഭേദഗതി കൊണ്ടുവരുന്നത്.
ബാറുകളുടെ പ്രവർത്തന സമയം ഉയർത്തുന്നതിനുള്ള ഇ ഫയൽ നീക്കം പ്രതിപക്ഷത്തിന് അറിയാമായിരുന്നിട്ടും മിണ്ടാതിരുന്നുവെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിക്കുന്നത്.
എന്നാൽ, എക്സൈസ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചിട്ടുപോലും ആഴ്ചകളായെന്നും ഇക്കാര്യം സർക്കാർ ഭാഗത്തുനിന്ന് ആരും അറിയിച്ചില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്. പ്രതിപക്ഷവുമായി ഒരു ചർച്ചയും എക്സൈസ് വകുപ്പു നടത്തിയിട്ടില്ല. എൽഡിഎഫ് കണ്‍വീനറോ മന്ത്രിസഭയോ അറിയാത്ത കാര്യം പ്രതിപക്ഷം എങ്ങനെ അറിയുമെന്നാണ് വി.ഡി. സതീശൻ ചോദിക്കുന്നത്.
സംസ്ഥാനത്തെ കള്ളുചെത്ത് തൊഴിലാളികളുടെ തൊഴിൽ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാതെയാണ് വൻകിട ബാറുടമകൾക്കായി മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് വൻ ഇളവുകൾ നൽകുന്നതെന്നാണ് സിപിഐ നേതാക്കളുടെ ആരോപണം.
ആരുമായും ചർച്ച നടത്താതെ ബാറുകളുടെ പ്രവർത്തന സമയം പുലർച്ചെ മൂന്നു മണിവരെ ദീർഘിപ്പിച്ച നടപടിയിലെ സിപിഐ അതൃപ്തി എൽഡിഎഫിലോ മന്ത്രിസഭാ യോഗത്തിലോ പ്രകടിപ്പിക്കും.
എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നിരിക്കേ പരസ്യ പ്രതികരണത്തിന് സിപിഐ മുതിരുമോ എന്ന കാര്യത്തിൽ ചർച്ചകൾക്കു ശേഷമേ തീരുമാനിക്കൂ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കേ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തിച്ചതുപോലെ കടുത്ത നടപടികൾക്ക് തയാറാകേണ്ടതില്ലെന്നാണ് സിപിഐ നേതാക്കളുടെ പ്രാഥമിക തീരുമാനം.
Kerala
തൃശൂർ: സംസ്ഥാനത്തെ ബാർ പ്രവർത്തന സമയം ഉയർത്തിയത് പ്രതിപക്ഷത്തിന്റെ അറിവോടെയാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് ഒരു ചർച്ചയും മന്ത്രി നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.
ബാറുകളുടെ സമയം ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ഭാഗത്ത് നിന്നും നേരത്തെ തന്നെ ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. ഇക്കാര്യത്തില്‍ ഒരു വര്‍ഷം മുന്‍പ് പിന്തുണ ആവശ്യപ്പെട്ട് ബാറുടമകള്‍ സമീപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സമയം നീട്ടി നല്കുന്നതില് പ്രതിപക്ഷത്തിന് ഒരു റോളുമില്ല. അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാര്‍ ഉടമകളല്ല സര്‍ക്കാരിനോട് പറയേണ്ടത്. പക്ഷെ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുക്കുന്നതിനെ കുറിച്ച് പ്രതിപക്ഷത്തിന് അറിയില്ലായിരുന്നുവെന്നും സതീശൻ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് കണ്‍വീനറോ നേതാക്കളോ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മന്ത്രിസഭയില്‍ വയ്ക്കാതെ, ആരുമായും ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എക്സൈസ് മന്ത്രി ഈ വിഷയം പ്രതിപക്ഷത്തെ ഒരാളുമായും ചര്‍ച്ച നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഒരു ഫോണ്‍ കോളിലൂടെയോ നിയമസഭയില്‍ നേരിട്ടോ എക്സൈസ് മന്ത്രി സംസാരിച്ചിട്ടില്ലെന്നും വി.ഡി.സതീശൻ അറിയിച്ചു.
സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കില്‍ പ്രതിപക്ഷത്തോട് നേരിട്ടാണ് സംസാരിക്കേണ്ടത്. അല്ലാതെ ബാര്‍ ഉടമകളോടല്ല. പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപെടാനുള്ള പിടിവള്ളിയാണ് മന്ത്രിയുടെ പ്രസ്താവനയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ഉയർത്തിയ സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിനുപിന്നിൽ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാറുകളുടെ പ്രവർത്തനസമയം ഉയർത്തിയ സംഭവത്തിൽ യുഡിഎഫിനെതിരെയും ബിജെപി അധ്യക്ഷൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സംസ്ഥാനത്ത് അഴിമതിയുടെ കാര്യത്തിൽ ഇടത്-വലത് മുന്നണികൾ ഒറ്റക്കെട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ് പുതിയ ഭേദഗതി എന്ന് എക്സൈസ് മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
തങ്ങൾ തുറക്കുന്നത് ബാറുകൾ അല്ല, സ്കൂളുകളാണെന്ന് മുദ്രാവാക്യമുയർത്തി അധികാരത്തിലെത്തിയ പിണറായി സർക്കാർ 10 വർഷം പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് ഞെട്ടിക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബാറുകളുടെ പ്രവർത്തന സമയം 12 മണി വരെ ഉയർത്തിയതോടെ മാസം 60 മണിക്കൂർ, അതായത് അഞ്ച് പ്രവർത്തി ദിവസത്തിന് തുല്യമായ വർധനവാണ് പിണറായി സർക്കാർ ബാറുകൾക്ക് നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് സമാഹരണമാണ് ഇവരുടെ ലക്ഷ്യം. ജനങ്ങൾ ലഹരി ഉപയോഗിച്ച് നശിച്ചാലും കുഴപ്പമില്ല എന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് അവസാനിപ്പിക്കണമെന്നും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കളമശേരി മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയായി വീണ്ടും അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിനും മുന്നേ കളമശേരി മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരിക്കുകയാണ് അബ്ദുൾ ഗഫൂർ. പ്രതിപ ക്ഷ നേതാവ് വി.ഡി. സതീശന്റെ പുതുയുഗ യാത്രയ്ക്ക് മുന്നേ അബ്ദുൾ ഗഫൂർ മണ്ഡലത്തിൽ പര്യടനം ആരംഭിച്ചുകഴിഞ്ഞു.
യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന കളമശേരിയിൽ കഴിഞ്ഞ തവണ പി. രാജീവ് വിജയച്ചത് 10,850 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. വീണ്ടും ഭരണം പിടിക്കാൻ നിയമമന്ത്രിയായ പി. രാജീവ് വികസന മുന്നേറ്റ ജാഥ നടത്തി മണ്ഡലത്തിൽ പ്രചാരണം നേരത്തെ ആരംഭിച്ചിരുന്നു.
എൽഎഡിഎഫിന്റെ മധ്യമേഖല ജാഥയ്ക്ക് മുന്നേ രാജീവ് പ്രചാരണം ആരംഭിച്ചിരുന്നു. മണ്ഡലത്തിൽ പലയിടത്തും പി. രാജീവ് ‘ഒപ്പം’ പദ്ധതികളിലൂടെ അടക്കം നടപ്പാക്കിയ വികസനങ്ങളുടെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ രാജീവ് മത്സരിക്കുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ല.
Leader Page
ഒരു മുന്നണിയെയും ഏറെക്കാലം കൂടെ നിര്‍ത്തിയ ചരിത്രമില്ല ആലപ്പുഴയ്ക്ക്. എന്നാല്‍, ഇടതു തരംഗം ആഞ്ഞുവീശിയ 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളില്‍ എട്ടും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാട് മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥിതി മാറുകയും ചെയ്തു.
മാറിമറിഞ്ഞ് അരൂര്‍
ഒരു മുന്നണിക്കും പിടികൊടുക്കാതെ ഇടത്തേക്കും വലത്തേക്കും ചാടുന്ന രീതിയാണ് അരൂര്‍ മണ്ഡലത്തിന്. തുടര്‍ച്ചയായി സിപിഎമ്മിലെ എ.എം. ആരിഫ് വിജയിച്ചിരുന്ന മണ്ഡലം. ഉപതെരഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാനിലൂടെ യുഡിഎഫ് പിടിച്ചെടുത്തു. ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദെലീമയിലൂടെ എല്‍ഡിഎഫ് അരൂര്‍ തിരിച്ചുപിടിച്ചു.
പത്ത് പഞ്ചായത്തുകളുള്ള അരൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരിയ നേട്ടമുണ്ടായെങ്കിലും സ്ഥാനാര്‍ഥി ആരെന്നറിഞ്ഞാൽ മാത്രമേ വിജയസാധ്യത കണക്കാക്കാനാകൂ. നിലവില്‍ തീരമേഖലയില്‍ വോട്ട് കുറഞ്ഞത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 75,617 വോട്ടും യുഡിഎഫിന് 68,604 വോട്ടും, എന്‍ഡിഎയ്ക്ക് 17,479 വേട്ടുമാണ് ലഭിച്ചത്. 7,013 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദെലീമ വിജയിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎിന് 49,962 വോട്ടും യുഡിഎഫിന് 60,978 വോട്ടും എന്‍ഡിഎയ്ക്ക് 37,491 വോട്ടുമാണ് ലഭിച്ചത്.
ഇടതു ചാഞ്ഞ് ചേര്‍ത്തല
വിപ്ലവഭൂമിയായ വയലാര്‍ ഉള്‍പ്പെടുന്ന ചേര്‍ത്തല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ്. മണ്ഡല പുനഃക്രമീകരണത്തോടെ സിപിഎം ശക്തികേന്ദ്രങ്ങളായ മുഹമ്മയും കഞ്ഞിക്കുഴിയും ചേര്ത്തലയിലേക്കെത്തിയതോടെ എല്‍ഡിഎഫ് ചായ്വ് കൂടി. എന്നാൽ ഇക്കുറി ശബരിമല വിവാദവും വിലക്കയറ്റവുമെല്ലാം അണികള്‍ക്കിടയില്‍തന്നെ അസംതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ജനകീയനായ മന്ത്രി പി. പ്രസാദിനെ വീണ്ടും ഇറക്കി കളംപിടിക്കാനാണ് എല്‍ഡിഎഫ് പദ്ധതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയിലെ പി. പ്രസാദ് 6,148 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എസ്. ശരത്തിനെ പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയത് എന്‍ഡിഎയിൽ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എസ്. ജോതിസാണ്.
ആലപ്പുഴയില്‍ സമ്മിശ്ര വികാരം
യുഡിഎഫിനെയോ എല്‍ഡിഎഫിനെയോ തുടര്‍ച്ചയായി പിന്തുണയ്ക്കാത്ത മണ്ഡലമാണ് ആലപ്പുഴ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പി.പി. ചിത്തരഞ്ജന് 11,644 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ഡോ. കെ.എസ്. മനോജിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ സന്ദീപ് വാചസ്പതിക്ക് 21,650 വോട്ട് കിട്ടി. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനുള്ള ശ്രമമാണ് എല്‍ഡിഎഫ് നടത്തുന്നത്. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക തലങ്ങളില്‍ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നു. ഇതിന്റെ പേരിൽ പാര്‍ട്ടി നടപടിയും എടുത്തിട്ടുണ്ട്. ഈ വിഭാഗീയത എങ്ങനെ മറനീക്കി പുറത്തുവരുമെന്ന് സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു ശേഷമേ അറിയാന്‍ സാധിക്കൂ. മത്സ്യത്തൊഴിലാളി മേഖലയിലുള്‍പ്പെടെ ഉണ്ടായിട്ടുള്ള ഭരണവിരുദ്ധ വികാരം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
അമ്പലപ്പുഴയില്‍ കാറ്റ് വലത്തേക്കോ?
ശബരിമലയുള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം അമ്പലപ്പുഴയിലുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് ഈ വികാരം മറനീക്കി പുറത്തുവന്നത്. എല്‍ഡിഎഫ് വര്‍ഷങ്ങളോളം ഭരിച്ചിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. ആലപ്പുഴ നഗരസഭയും യുഡിഎഫിനൊപ്പം നിന്നു. എല്‍ഡിഎഫ് ജനപ്രതിനിധിയുടെ ഏകാധിപത്യ സ്വഭാവം സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. സുധാകരനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുന്നത് സ്ഥാനാര്ഥിമാറ്റത്തിനുള്ള സൂചനകളും നല്‍കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ എച്ച്. സലാം 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിലെ എം. ലിജുവിനെ പരാജയപ്പെടുത്തിയത്.
കുട്ടനാട്ടില്‍ എന്തും സംഭവിക്കാം
എല്‍ഡിഎഫിലെ എന്‍സിപി അംഗം തോമസ് കെ. തോമസാണ് നിലവിലെ എംഎല്‍എ. എന്നാല്‍, എങ്ങോട്ടു വേണമെങ്കിലും ചായാമെന്ന സ്ഥിതിയിലാണ് മണ്ഡലം. തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയാല്‍ അത് എല്‍ഡിഎഫിന് ഗുണം ചെയ്യാനാണ് സാധ്യത. ജനങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്ന തലയെടുപ്പുള്ളൊരു നേതാവിനെ ഏറെ ആഗ്രഹിക്കുന്നൊരു മണ്ഡലം കൂടിയാണ് കുട്ടനാട്. നെല്‍കൃഷി സാമ്പത്തിക അടിത്തറയായ ഈ മേഖലയിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ എപ്പോഴും തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് തിരിച്ചടിയാകാറുണ്ട്. കേരള കോണ്‍ഗ്രസ് ഇത്തവണയും യുഡിഎഫിന്റെ സീറ്റിലെത്തുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ഈ സീറ്റിനായി ചരടു വലിക്കുന്നുണ്ട്. സുസമ്മതനായ സ്ഥാനാര്ഥിയുണ്ടെങ്കിലേ കോണ്‍ഗ്രസിനും സീറ്റില്‍ വിജയിക്കാനാകൂ. 50 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന കൈനകരി, 25 വര്‍ഷമായി കൈയിലിരിക്കുന്ന രാമങ്കരി എന്നീ പഞ്ചായത്തുകള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ കൈവിട്ടതും രാമങ്കരി യുഡിഎഫ് തിരിച്ചുപിടിച്ചതും ചില്ലറ പ്രതീക്ഷയല്ല യുഡിഎഫ് ക്യാമ്പിനു നല്‍കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ 5,516 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍സിപിയിലെ തോമസ് കെ. തോമസ് കേരള കോണ്‍ഗ്രസിലെ ജേക്കബ് ഏബ്രഹാമിനെ പരാജയപ്പെടുത്തിയത്. ബിഡിജെഎസിലെ തമ്പി മേട്ടുതറ 14,946 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഹരിപ്പാട് കാറ്റ് വലത്തേക്ക്
2021ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല 13,666 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഹരിപ്പാട് വലത്തേക്ക് തന്നെയെന്നാണ് പൊതുവിലെ വിലയിരുത്തല്‍. സിപിഎമ്മിലെ ആര്. സജിലാലിനെ പരാജയപ്പെടുത്തിയാണ് ചെന്നിത്തല മണ്ഡലം പിടിച്ചത്. ബിജെപിയിലെ കെ. സോമന് 17,890 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മേല്ക്കൈയെന്നതും യുഡിഎഫ് ക്യാമ്പിന് ആശ്വാസത്തിന് വകനല്കുന്നതാണ്.
കായംകുളത്ത് ചുവപ്പു മായുമോ
കായംകുളം സിപിഎമ്മിനെ കൈവെടിയുമോ എന്ന ആശങ്ക പരക്കെയുണ്ട്. കായംകുളത്തുകാരുടെ ആവശ്യമായ പില്ലര്‍ എലവേറ്റഡ് ഹൈവേ എന്ന ആശയത്തിന് നിലവിലെ എംഎല്‍എ യു. പ്രതിഭ ഒപ്പം നിന്നില്ലെന്ന പരാതി പരക്കെയുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പത്തിയൂര്‍ ഉള്‍പ്പെടെ എ.എം. ആരിഫ് മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടതും എല്‍ഡിഎഫ് ക്യാമ്പില്‍ ആശങ്ക പരത്തുന്നുണ്ട്. കായംകുളം നഗരസഭ 15 വര്‍ഷത്തിനു ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. പത്തിയൂര്‍, കണ്ടെല്ലൂര് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ ബിജെപി നടത്തിയ മുന്നേറ്റം കണ്ടില്ലെന്നു നടിക്കാനാവില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തിയൂരില്‍ മുന്‍പന്തിയിലെത്തിയത് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനാണ്. സിപിഎമ്മിന്റെ ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിബിന്‍ സി. ബാബു ബിജെപിയില്‍ ചേര്‍ന്നതും ഇടതുകേന്ദ്രങ്ങളിലെ ബിജെപി വേരോട്ടത്തെ സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6,298 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഎമ്മിലെ യു. പ്രതിഭ കോണ്‍ഗ്രസിലെ അരിതാ ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. ബിജെഡിഎസിലെ പ്രദീപ് ലാല്‍ 11,413 വോട്ടുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
മാവേലിക്കര ഇടതു സഹയാത്രികനാകുമോ
1991ല്‍ സിപിഎമ്മിലെ എസ്. ഗോവിന്ദക്കുറുപ്പില്നിന്നു കോണ്‍ഗ്രസിലെ എം. മുരളിയാണ് മണ്ഡലം തിരിച്ചുപിടിച്ചത്. നാലു തവണ യുഡിഎഫിനൊപ്പമായിരുന്നു. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം സിപിഎമ്മിലെ ആര്. രാജേഷ് മണ്ഡലം തിരിച്ചുപിടിച്ച് രണ്ടു തവണ എംഎല്‍എ ആയി. 15 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് മാവേലിക്കര. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 24,717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്പിഎമ്മിലെ എം.എസ്. അരുണ്‍കുമാര്‍ കോണ്ഡഗ്രസിലെ കെ.കെ. ഷാജുവിനെ പരാജയപ്പെടുത്തിയത്. ബിജെപിയിലെ കെ. സഞ്ജു 30,955 വോട്ടുനേടി മൂന്നാം സ്ഥാനത്തെത്തി.
ചെങ്ങന്നൂര്‍ വീണ്ടും സജി ചെറിയാനെ തുണയ്ക്കുമോ?
2021ലെ തെരഞ്ഞടുപ്പില്‍ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മന്ത്രികൂടിയായ സജി ചെറിയാന് കോണ്‍ഗ്രസിലെ എം. മുരളിയെ പരാജയപ്പെടുത്തിയത്. രാഷ്ട്രീയത്തിനതീതമായി സജി ചെറിയാനുള്ള സ്വീകാര്യത തുണയ്ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലെ ചെന്നിത്തല, മാന്നാര്‍ ഡിവിഷനുകളില്‍ വിജയിക്കാനായതും എല്‍ഡിഎഫിന് ശുഭപ്രതീക്ഷ നല്കുന്നു. ഗ്രാമപഞ്ചായത്തുകളില്‍ നാലെണ്ണം ബിജെപിയും രണ്ടു വീതം സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്നു. നഗരസഭാ ഭരണം കോണ്‍ഗ്രസിനു ലഭിച്ചു. ഈ അനുകൂല സാഹചര്യങ്ങള്‍ തുണയാകുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ.
Kerala
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വികസന മുന്നേറ്റ ജാഥയുടെ വേദിയിലെത്തി പണം നൽകിയത് സ്വന്തം താത്പര്യപ്രകാരമാണെന്ന് മൊയ്തീൻ. പാർട്ടിയോട് വലിയ കൂറുള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്നും മൊയ്തീൻ പറഞ്ഞു.
കോഴിക്കോട് ബാലുശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴായിരുന്നു മൊയ്തീൻ വേദിയിലെത്തി എം.വി.ഗോവിന്ദന് പണം നൽകിയത്. ഇത് പിന്നീട് വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു.
പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വയോധികൻ രംഗത്തെത്തിയിരുന്നു. സ്വന്തം താത്പര്യ പ്രകാരം പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം കൈമാറാൻ ആവശ്യപ്പെട്ട് വീഡിയോ ചിത്രീകരിച്ചതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് വിഷയത്തിൽ നിലപാട് തിരുത്തി മൊയ്തീൻ വീണ്ടും രംഗത്തെത്തിയത്. പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് മൊയ്തീൻ പറയുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ചരിത്ര ഭൂരിപക്ഷം നേടിയായിരിക്കും യുഡിഎഫ് അധികാരത്തിലെത്തുകയെന്നും സച്ചിൻ പറഞ്ഞു.
"കേരളത്തിൽ യുഡിഎഫിന് അനുകൂലമാണ് സാഹചര്യം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരാനാണ് ജനം ആഗ്രഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിലുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തിൽ ജനങ്ങൽ തൃപ്തരാണ്.'-സച്ചിൻ അവകാശപ്പെട്ടു.
നിലവിൽ ഭരണത്തിലുള്ള എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ മടുത്തിരിക്കുകയാണ്. അവരെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണ്. അതിനാൽ തന്നെ എൽഡിഎഫ് തകർന്നടിയുമെന്ന കാര്യം ഉറപ്പാണ്.
കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനായി കേരളത്തിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സച്ചിൻ. തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണമായി സജ്ജമായെന്നും സച്ചിൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിനെ രാജീവിയൻ സർക്കാരെന്നാണ് അയ്യർ വിശേഷിപ്പിച്ചത്. രാജീവ് ഗാന്ധിയുടെ സ്വപ്നം കേരളം സാക്ഷാത്കരിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരള സർക്കാർ വികേന്ദ്രീകൃത ഭരണത്തിന് ഊന്നൽ നൽകുന്നു. പഞ്ചായത്തുകളെ ഉൾക്കൊള്ളിച്ച് സർക്കാർ ഭരണം നടത്തുന്നു. പഞ്ചായത്ത് രാജ് ആക്ട് കേരളം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയെന്നും മണിശങ്കർ അയ്യർ വ്യക്തമാക്കി.
കേരളം ഏറ്റവും മികച്ച സംസ്ഥാനമാണ്. നല്ല നിലയിലാണ് കേരളത്തിന്റെ പ്രകടനം. താൻ ധരിക്കുന്നത് വേഷ്ടിയാണ്. അതിന് കോൺഗ്രസിന്റെ നിറം ആണെന്നും, കോൺഗ്രസുകാരനെന്ന നിലയിൽ യുഡിഎഫ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നതായും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു.
എന്നാൽ പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും. വി.ഡി.സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ നിർദേശിക്കില്ല. ധാരാളം മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. താൻ ഒരു ഉറച്ച കോൺഗ്രസുകാരനാണെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാലിനെ അഭിനവ സർദാർ വല്ലഭായ് പട്ടേൽ ആക്കാൻ ശ്രമിക്കുന്നവരുടെ തലച്ചോർ പരിശോധിക്കണം. രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്താനില്ല. പക്ഷേ കഴിവുള്ളവരെയും അർഹരെയും തിരിച്ചറിയണമെന്നും മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രം വലത്തോട്ട് സഞ്ചരിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതിനോപ്പം നിൽക്കുകയും ചെയ്യുന്ന ചരിത്രമാണു കണ്ണൂരിനുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടെണ്ണം മാത്രമാണു യുഡിഎഫിനൊപ്പമുള്ളത്. ബാക്കി ഒൻപതെണ്ണവും എൽഡിഎഫിനൊപ്പമാണ്. ഇതിൽ, ആറെണ്ണവും എൽഡിഎഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുകൊണ്ടിരിക്കുന്നതാണ്. എംഎൽഎമാരുടെ ഭൂരിപക്ഷത്തിന്റെ റിക്കാർഡുകൾ പിറക്കുന്നതും എൽഡിഎഫിന്റെ ഈ കുത്തകമണ്ഡലങ്ങളിൽനിന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെയും തട്ടകമാണു കണ്ണൂർ ജില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും എൽഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ തങ്ങൾക്ക് മേൽക്കൈ നേടാൻ സാധിച്ചതിനാൽ ഇത്തവണ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ നഷ്ടപ്പെട്ട ഭൂരിപക്ഷ മേൽക്കോയ്മ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് എൽഡിഎഫ്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിൽ ബിജെപിയുടെ പാർട്ടിഗ്രാമങ്ങളുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരു മണ്ഡലത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ എൻഡിഎ മുന്നണിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലും ചില നഗരസഭകളിലും പഞ്ചായത്തുകളിലും ബിജെപി നേടിയ വിജയം ഇരുമുന്നണികളുടെ ഭൂരിപക്ഷത്തെയും ഒരു പരിധിവരെ സ്വാധീനിച്ചേക്കാം.
ഇടതിന്റെ കരുത്ത് അടിയുറച്ച കോട്ടകളിൽ
ഭരണവിരുദ്ധ വികാരമോ യുഡിഎഫ് തരംഗമോ ഉണ്ടായാലും കണ്ണൂരിൽ എക്കാലവും ഇടതുപക്ഷത്തിന്റെ കോട്ടകൾ ഭദ്രമായിരിക്കും. ഈ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണയും തെരഞ്ഞെടുപ്പിനെ നേരിടുന്നത് . കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മണ്ഡലങ്ങളായ അഴീക്കോട്, കണ്ണൂർ, കൂത്തുപറന്പ്, തളിപ്പറന്പ് എന്നിവിടങ്ങളിൽ യുഡിഎഫിന്റെ മേൽക്കൈ ഉണ്ടായിരുന്നുവെങ്കിലും അഴീക്കോടും കണ്ണൂരും ഒഴികെ തദ്ദേശതെരഞ്ഞെടുപ്പിലെ കണക്കുകൾ സൂചിപ്പിക്കുന്നത് എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിലെ നില ഭദ്രമാണെന്നാണ്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ തലശേരി, കൂത്തുപറന്പ്, പയ്യന്നൂർ, കല്യാശേരി, ധർമടം എന്നിവിടങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ എൽഡിഎഫിന് സാധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തലശേരി മണ്ഡലത്തിൽ ബിജെപിയിലേക്കുള്ള വോട്ടിന്റെ ഒഴുക്ക് കുറയ്ക്കാനും സാധിച്ചു. തലശേരി മണ്ഡലത്തിലാണ് എൽഡിഎഫിന് ഏറ്റവും കൂടുതൽ ലീഡുള്ളത്. അതിനാൽ, മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇടതിനു വലിയ പ്രതീക്ഷതന്നെയാണ് കണ്ണൂരിലെ മണ്ഡലങ്ങൾ.
കൂടുതൽ സീറ്റ് നേടാൻ യുഡിഎഫ്
കണ്ണൂർ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീതയതും ഭരണവിരുദ്ധ വികാരവും രണ്ട് സിറ്റിംഗ് സീറ്റുകൾക്കു പുറമേ അധികം രണ്ട് സീറ്റുകൾകൂടി നേടാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇരിക്കൂറിനും പേരാവൂരിനും പുറമെ കണ്ണൂരും അഴീക്കോടും വിജയിക്കുമെന്നാണു പ്രതീക്ഷ. കണ്ണൂരിൽ കോൺഗ്രസും അഴീക്കോട് ലീഗുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ എൽഡിഎഫ് ജയിച്ച ഈ മണ്ഡലങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. കണ്ണൂരിലും അഴീക്കോടും നേടിയ ലീഡ് പ്രതീക്ഷയുണർത്തുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയായി യുഡിഎഫിനെ കൈവിട്ട കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡുണ്ട്. കഴിഞ്ഞ തവണ കൈവിട്ട അഴീക്കോട് 2489 വോട്ടിന്റെയും ലീഡ്. അതിനാൽ, ഈ രണ്ട് മണ്ഡലങ്ങളും തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള തയാറെടുപ്പിലാണു യുഡിഎഫ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിലാണു യുഡിഎഫ് ലീഡ് നേടിയത്.
തളിപ്പറന്പിൽ അട്ടിമറിവിജയമുണ്ടാകുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി എം.വി. ഗോവിന്ദന്റെ ലീഡ് നില കുറയുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ നേടിയ ഭൂരിപക്ഷവുമാണ് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്.
മത്സരരംഗത്ത് കൂടുതലും സിറ്റിംഗ് എംഎൽഎമാർ
യുഡിഎഫ്-എൽഡിഎഫ് സിറ്റിംഗ് എംഎൽഎമാരെല്ലാം മത്സരിക്കാനാണ് സാധ്യത. യുഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാരായ സജീവ് ജോസഫ് ഇരിക്കൂറിലും പേരാവൂരിൽ സണ്ണി ജോസഫും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായി. എൽഡിഎഫിൽ ഇരിക്കൂർ നിലവിൽ കേരള കോൺഗ്രസ്-എമ്മിന്റെ സീറ്റാണ്. കഴിഞ്ഞ തവണ മത്സരിച്ച സജി കുറ്റിയാനിമറ്റം തന്നെയായിരിക്കും ഇത്തവണയും മത്സരിക്കുക. പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ എൽഡിഎഫ് കെ.കെ. ശൈലജയെ ഇറക്കുമെന്നു സൂചനയുണ്ട്. 2006 ൽ കെ.കെ. ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂർ. അങ്ങനെയെങ്കിൽ, നിലവിൽ ശൈലജയുടെ സിറ്റിംഗ് സീറ്റായ മട്ടന്നൂരിൽ സിപിഎം യുവസ്ഥാനാർഥിക്ക് അവസരം നല്‍കിയേക്കും.
കണ്ണൂരിൽ നിലവിൽ കെ. സുധാകരൻ മത്സരിക്കണമെന്നാണു കോൺഗ്രസ് തീരുമാനം. സുധാകരൻ മത്സരിച്ചില്ലെങ്കിൽ മുൻ മേയർ ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ, റിജിൽ മാക്കുറ്റി, സജീവ് മാറോളി എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ ഇത്തവണ പിടിക്കണമെന്ന നിലപാടിലാണു യുഡിഎഫ്. അതിനാൽ, സുധാകരനെ തന്നെ മത്സരിപ്പിക്കാനാണു സാധ്യത. കണ്ണൂരിൽ കോൺഗ്രസ്-എസ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ വീണ്ടും ജനവിധി തേടിയേക്കും. കടന്നപ്പള്ളി മത്സരിച്ചില്ലെങ്കിൽ കണ്ണൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
മത്സരരംഗത്ത് രണ്ടു ടേം വ്യവസ്ഥ മാറ്റിയ സ്ഥിതിക്ക് ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും തലശേരിയിൽ എ.എൻ. ഷംസീറും ഒരിക്കൽക്കൂടി ജനവിധി തേടിയേക്കും. കല്യാശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും തുടരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മത്സരിക്കില്ലെന്നു പ്രഖ്യാപിച്ച സ്ഥിതിക്ക് തളിപ്പറന്പിൽ പി.കെ. ശ്യാമള, എൻ. സുകന്യ, ടി.കെ. ഗോവിന്ദൻ, എം.വി.ജയരാജൻ, എം.വി. നികേഷ്കുമാർ എന്നിവരുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.
രക്തസാക്ഷി ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് ഒരിക്കൽകൂടി മത്സരിക്കാൻ അവസരം കൊടുക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ തീരുമാനമായില്ല.
മധുസൂദനൻ ഇല്ലെങ്കിൽ പി. ജയരാജനെ പയ്യന്നൂരിൽ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. കൂത്തുപറന്പിൽ എൽഡിഎഫിൽ കെ.പി. മോഹനനൻതന്നെ മത്സരിക്കാനാണു സാധ്യത. അഴീക്കോട് മുസ്ലിം ലീഗിൽനിന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. അഴീക്കോടിനു പുറമേ കൂത്തുപറന്പിലും ലീഗാണു മത്സരിക്കുന്നത്. മട്ടന്നൂരിൽ നിലവിൽ, യുഡിഎഫിൽ ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ, ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തേക്കും. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ യുഡിഎഫ് സ്ഥാനാർഥികളെക്കുറിച്ച് ഇതുവരെയും തീരുമാനമായിട്ടില്ല. എങ്കിലും ധർമടത്തും തലശേരിയിലും മികച്ച സ്ഥാനാർഥികളെ നിർത്തണമെന്നാണു യുഡിഎഫ് തീരുമാനം.
രക്തസാക്ഷി ഫണ്ട് തട്ടിപ്പും വിഭാഗീയതയും
ഭരണവിരുദ്ധ വികാരത്തേക്കാൾ ജില്ലയിലെ സിപിഎമ്മിലുണ്ടായ വിഭാഗീയതയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമാണ് തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ ജില്ലാ കമ്മിറ്റിയംഗവും പയ്യന്നൂർ സ്വദേശിയുമായ വി. കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലെ ടി.ഐ. മധുസൂദനൻ എംഎൽഎയ്ക്കെതിരേയും സിപിഎം നേതൃത്വത്തിനെതിരേയും രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി നടത്തിയ വെളിപ്പെടുത്തലുകൾ പയ്യന്നൂർ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉറച്ച കോട്ടകളിൽ തിരിച്ചടിയായി.
കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയ കണക്കിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്പോഴും വിശദീകരണം കൊടുക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പയ്യന്നൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് സ്വതന്ത്രനായി മത്സരിച്ച സ്ഥാനാർഥിയുടെ വിജയവും സിപിഎമ്മിലെ വിഭാഗീതയത ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് പ്രചാരണമാക്കുന്നതും രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരിക്കും.
എന്നാൽ, പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് എൽഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വികസനസദസുകൾ ആരംഭിച്ചു കഴിഞ്ഞു. പയ്യന്നൂർ, കണ്ണൂർ നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ യുഡിഎഫിനും തലവേദനയായിരിക്കുകയാണ്.
Kerala
കോഴിക്കോട്: മുന്നണി സംവിധാനത്തില്‍ കടുത്ത അവഗണന നേരിടുന്നുണ്ടെന്നു വിലയിരുത്തിയ ആര്‍ജെഡി സംസ്ഥാന കൗണ്‍സില്‍ യോഗം തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും എല്‍ഡിഎഫിനുണ്ടായ അപ്രതീക്ഷിത തോല്‍വിക്കു കാരണം കാലുവാരലാണെന്നും തുറന്നടിച്ചു.
ഇടതുമുന്നണിയില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതില്‍ യോഗത്തിലുയര്‍ന്ന ശക്തമായ അമര്ഷത്തിനൊടുവില്, സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ നേതൃസ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളം അടക്കം പാര്‍ട്ടിക്കു കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്നുള്ള ആവശ്യവും സംസ്ഥാന കൗണ്‍സിലില്‍ ഉയര്‍ന്നു. യോഗത്തിനുശേഷം എം.വി. ശ്രേയാംസ് കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലും എല്‍ഡിഎഫില്‍ ആര്‍ജെഡി നേരിടുന്ന അവഗണന തുറന്നടിച്ചു.
എല്‍ഡിഎഫ് വിടുക എന്നത് നിലവില്‍ പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നു വ്യക്തമാക്കിയ ശ്രേയാംസ്കുമാര്‍, താന്‍ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യവും കാലുവാരലുമാണ് ആര്‍ജെഡി സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമെന്ന പരസ്യവിമര്‍ശത്തിനും അദ്ദേഹം തയാറായി.
അടുത്തകാലത്ത് പല നേതാക്കളും പാര്‍ട്ടി നിലപാടുകളെന്ന രീതിയില്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശ്രേയാംസ് കുമാര്‍ സ്ഥാനം ഒഴിയാമെന്നു സൂചിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റാണ് ഔദ്യോഗികമായി പാര്‍ട്ടി നിലപാടുകള്‍ പറയേണ്ടത്. അതിനു പകരമായി മറ്റ് ആളുകള്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുകയാണെങ്കില്‍ താന്‍ ഈ സ്ഥാനത്തിരിക്കണോ എന്ന രീതിയിലാണു ശ്രേയാംസ്കുമാര്‍ രാജിസന്നദ്ധത അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായിട്ടുകൂടിയാണു ആര്‍ജെഡി സംസ്ഥാന കൗണ്‍സിലില്‍ എല്‍ഡിഎഫ് സംവിധാനത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കല്‍പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകള്‍ക്കു പുറമേ ഇത്തവണ കോവളം സീറ്റുകൂടി ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
കോഴിക്കോട് കോര്‍പറേഷനില്‍ മത്സരിച്ച അഞ്ചിടങ്ങളിലും ആര്‍ജെഡി സ്ഥാനാര്‍ഥികള്‍ തോല്ക്കാന് കാരണം എല്‍ഡിഎഫിലുണ്ടായ കാലുവാരലാണെന്നും കൗണ്‍സില്‍ വിലയിരുത്തി. ഈ വിഷയത്തില്‍ സിപിഎമ്മിനെയാണ് ആര്‍ജെഡി പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്, നീലലോഹിതദാസന്‍ നാടാര്‍, കെ.പി. മോഹനന്, സുരേന്ദ്രന് പിള്ള തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Kerala
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. തുടർ ഭരണം ലഭിച്ചാൽ മലയാളത്തിൽ "പാവപ്പെട്ട' എന്ന പ്രയോഗം ഉണ്ടാകില്ലെന്ന എം.വി.ഗോവിന്ദന്റെ പ്രസ്താവനയിലാണ് പരിഹാസം.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ എം.വി.ഗോവിന്ദനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കുറിച്ചു.
അഞ്ച് വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ലെന്നും, എല്ലാവരും പട്ടിണി കാരണം മരണപ്പെടുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താത്വികാചാര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുതെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു. എൽഡിഎഫിന് ഭരണം കിട്ടിയാൽ "പാവപ്പെട്ട' എന്ന പ്രയോഗം അവസാനിക്കുമെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രസ്താവന.
ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ "പാവങ്ങൾ' എന്ന പദം ഉണ്ടാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം;
ഇന്നത്തെ പ്രസ്താവനയിൽ എല്ലാവരും ഗോവിന്ദൻ മാഷിനെ വിമർശിക്കുന്നത് കണ്ടു. എന്നാൽ ഞാൻ മാഷിനൊപ്പമാണ്. അഞ്ചു വർഷം കൂടി പിണറായി വിജയൻ ഭരിച്ചാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാവില്ല, കാരണം എല്ലാവരും പട്ടിണി കാരണം മരണപ്പെടും.
അല്ലെങ്കിൽ പ്രാരാബ്ദങ്ങൾ മൂലം അവർ സ്വയം ജീവനൊടുക്കും. താത്വികാചര്യനായ ഗോവിന്ദൻ മാഷ് പറയുന്നത് പൂർണമായും മനസ്സിലാക്കാതെ വെറുതേ അദ്ദേഹത്തെ വിമർശിക്കരുത്.
Kerala
കോഴിക്കോട്: ഇടതുമുന്നണിയിൽ തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന പരാതിയുമായി ആർജെഡി രംഗത്ത്. മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായതോടെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു.
ആർജെഡി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പാർട്ടിയിലെ ആഭ്യന്തര കലഹങ്ങളും മുന്നണിയോടുള്ള അതൃപ്തിയും പരസ്യമായത്.
കോഴിക്കോട്ടെ തോൽവിയാണ് പ്രധാനമായും ആരോപണങ്ങളുടെ ആണിക്കല്ലായത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ മത്സരിച്ച അഞ്ച് സീറ്റുകളിലും ആർജെഡി പരാജയപ്പെട്ടിരുന്നു.
പ്രാദേശിക സിപിഎം നേതാക്കൾ ഇടപെട്ട് തങ്ങളെ തോൽപ്പിച്ചതാണെന്ന് ആർജെഡി ആരോപിക്കുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുമുണ്ട്.
Kerala
കൊച്ചി: എസ്എൻഡിപി - എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി പൊന്നുരുന്നിയിൽ എസ്എൻഡിപി യോഗം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സ്വർണക്കൊള്ള വിവാദം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ളൂവെന്നും അത് കഴിഞ്ഞാൽ ചർച്ച പോലും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി സർക്കാർ മൂന്നാമതും വരാൻ സാധ്യതയുണ്ട്. സർക്കാരിനെ കുറിച്ച് തനിക്ക് മോശം അഭിപ്രായം ഇല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
സമുദായ സ്ഥാനാർഥി വേണമെന്ന ആവശ്യം എസ്എൻഡിപി ഉന്നയിക്കില്ല. തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് വോട്ട് ചെയ്യാം. സ്ഥാനാർഥി നിർണയം കഴിഞ്ഞ് ബോർഡ് കൂടി എസ്എൻഡിപി അഭിപ്രായം പറയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് രാഷ്ട്രീയ പ്രചാരണായുധമാക്കാൻ ഇടതുമുന്നണി.
ശബരിമല സ്വർണക്കൊള്ളകേസിൽ മൂന്നു സിപിഎം നേതാക്കൾ അറസ്റ്റിലായിരിക്കേ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്പോൾ രാഷ്ട്രീയമായി യുഡിഎഫിനെ കൂടി പ്രതിരോധത്തിലാക്കാനുള്ള സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും തന്ത്രമാണ് നീക്കമെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഫോട്ടോ പുറത്തു വന്നതിന്റെ പേരിൽ അടൂർ പ്രകാശ് എംപിയെ ചോദ്യം ചെയ്തെങ്കിൽ, പോറ്റിയുമായി വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയനേയും ചോദ്യം ചെയ്യണമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം.
2019ലാണ് ശബരിമല സ്വർണക്കൊള്ള നടന്നതെന്ന് പ്രത്യേക അന്വേഷണ സംഘവും ഹൈക്കോടതിയും സ്ഥിരീകരിച്ചതാണ്. ഇക്കാലളയവിൽ പ്രതിപക്ഷത്തെ ഒരു എംപി മാത്രമാണ് അടൂർ പ്രകാശ് എന്നാണ് വിശദീകരണം. അദ്ദേഹത്തിന് ശബരിമലയിൽ കയറി സ്വർണക്കൊള്ള നടത്താൻ ഒരു തരത്തിലുള്ള അധികാരവും ഇക്കാലയളവിൽ ഇല്ലെന്നാണ് പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നത്. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡും അറിയാതെ ഒരു നീക്കവും നടത്താൻ കഴിയില്ലെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചിരിക്കേ യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്യുക വഴി മാധ്യമ ശ്രദ്ധ ജാഥയിൽ നിന്നു മാറ്റി ശബരിമലയിലെ സ്വർണക്കൊള്ളയിലെ യുഡിഎഫ് നേതാക്കളുടെ പങ്കിലേക്കു കൊണ്ടുവരാനുമുള്ള സിപിഎം തന്ത്രമാണെന്നും യുഡിഎഫ് നേതാക്കൾ പറയുന്നു.
അതേസമയം, സിപിഎം നേതാക്കൾ പ്രതിസ്ഥാനത്തും ആരോപണമുനയിലും നിൽക്കുന്പോൾ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കണ്‍വീനറെ കൂടി ലഭിച്ചതാണ് തെരഞ്ഞെടുപ്പു നാളുകളിൽ ഇടതുമുന്നണിക്ക് പ്രചാരണ ആയുധമാക്കാൻ കഴിയുന്നത്. കടകംപള്ളി സുരേന്ദ്രനെ കൂടാതെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത കാര്യം സിപിഎം സമൂഹമാധ്യമങ്ങൾ വഴിയും താഴത്തട്ടിലും പ്രചാരണം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരിക്കേ 2004ലാണ് ഉണ്ണികൃഷ്ണൻ പോറ്റി ആദ്യമായി ശബരിമലയിൽ എത്തിയതെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. കെ.സി. വേണുഗോപാലിനെ കൂടി ഇതുമായി ബന്ധപ്പെട്ട പ്രചാരണ വിഷയത്തിൽ ഉൾപ്പെടുത്തുകയാണ് ഇടതു തന്ത്രം.
നിയമവാഴ്ചയെ ബഹുമാനിക്കുന്ന വ്യക്തിയെന്ന നിലയിലാണ് ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന സംഘം വിളിച്ചപ്പോൾ അടൂർ പ്രകാശ് എത്തിയതെന്നും പ്രതിയോടൊപ്പം നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിലാണ് ചോദ്യം ചെയ്തതെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്നും കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചില കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തി.
Kerala
തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.
ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദ നായകന് ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കയറ്റിയതും അതീവ സുരക്ഷയുള്ള നമ്പര്‍ 10 ജന്‍പഥില്‍ എത്തിച്ചതും അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ പുറത്തുവരാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എംപി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല സ്വര്‍ണക്കൊള്ള വിഷയം ഉയര്‍ത്തി നിയമസഭ സ്തംഭിപ്പിച്ച പ്രതിപക്ഷം ഇതു ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടുകയാണ്. പോറ്റിയെ ശബരിമലയിലെത്തിച്ചതുള്പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുമെന്ന ഭയം യുഡിഎഫിനുണ്ട്. യുഡിഎഫ് ഭരണകാലത്താണ് പോറ്റി ശബരിമലയിലെത്തിയത്.
കോണ്‍ഗ്രസിന്റെ ഉന്നതനായ അഖിലേന്ത്യാ നേതാവ് 2004ല്‍ ദേവസ്വംമന്ത്രിയായിരുമ്പോഴാണ് ഉണ്ണികൃഷ്ണന്‍പോറ്റി ആദ്യം ശബരിമലയില്‍ കയറി കളികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ദേവസ്വം ബോര്‍ഡാണ് ഇതിനൊക്കെ അവസരം ഒരുക്കിക്കൊടുത്തത്. ഇക്കാര്യങ്ങളൊക്കെ പുറത്തു വരാതിരിക്കാനാണ് നയപ്രഖ്യാപന ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ ചൊല്ലിയുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ശബരമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് ബിജെപിയാണ്. കോണ്‍ഗ്രസും അതിനെ പിന്തുണയ്ക്കുന്നു.
കോണ്‍ഗ്രസിന് ഹൈക്കോടതിയേക്കാള്‍ ബിജെപിയെയാണോ വിശ്വാസം എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും പിണറായി വിജയന് ആരോപിച്ചു.
വികസന മുന്നേറ്റ ജാഥ സ്വാഗത സംഘം ചെയര്മാന് കുര്യന് മടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ജോസ് കെ. മാണി എംപി, മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കെ.കെ. ശൈലജ എംഎൽഎ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോസ് കെ. മാണി നയിക്കുന്ന ജാഥ ഇന്ന് പത്തനംതിട്ട ജില്ലയിലെ പര്യടനത്തിനുശേഷം കോട്ടയത്തേക്കു പ്രവേശിക്കും. 14ന് എറണാകുളത്താണ് സമാപനം. കെ.കെ. ശൈലജ, പി.കെ. ബിജു , പി.പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കോലഞ്ചേരി, കെ.ജി. അജിത്ത് , ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍.
Kerala
കാസർഗോഡ്: പിണറായി വിജയൻ സർക്കാർ അവസാന ശ്വാസം വലിക്കുകയാണെന്നും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. എല്ലായിടത്തും കൈയിട്ട് വാരിയ ഭരണമാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര. ശബരിമലയിലെ സ്വർണ്ണം വരെ കട്ടെടുത്തു. ദൈവത്തിന്റെ സ്വത്ത് മോഷ്ടിച്ചവർക്ക് ദൈവ ശാപം കിട്ടുമെന്നും മുരളീധരൻ പറഞ്ഞു.
പിണറായിക്കും ഗോവിന്ദനും ചിത്തഭ്രമം ബാധിച്ചു. അയ്യപ്പന്റെ സ്വർണ്ണം കട്ടവരൊക്കെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. എല്ലാ കള്ളന്മാരും പുറത്തിറങ്ങിയാൽ കേസ് തെളിയുമെന്ന കോടതിയുടെ വാദം അംഗീകരിക്കാൻ കഴിയില്ല.'-മുരളീധരൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ ഭഗവാന്റെ സ്വർണം കട്ടവരെ അകത്താക്കുമെന്നും മുരളീധരൻ പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കുഞ്ഞികൃഷ്ണനെ ചീത്ത പറയാൻ അല്ലാതെ സിപിഎം കണക്ക് തുറന്ന് പറയാൻ വാർത്ത സമ്മേളനം വിളിക്കുന്നില്ലെന്നും മുരളീധരൻ വിമർശിച്ചു.
Kerala
പത്തനംതിട്ട: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നറ്റ ജാഥ നാളെ ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ടയില്‍നിന്ന് ആരംഭിക്കും. മധ്യമേഖല വികസന മുന്നേറ്റ ജാഥ നാളെ മുതല്‍ 14 വരെയാണ് പര്യടനം നടത്തുന്നത്.
കേരള കോണ്‍ഗ്രസ് - എം ചെയര്മാന് ജോസ് കെ. മാണിയാണ് ക്യാപ്റ്റന്‍. കെ. കെ. ശൈലജ, പി. കെ. ബിജു, പി. പി. സുനീര്‍ എംപി, സാബു ജോര്‍ജ്, സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ്്, മാത്യൂസ് ജോര്‍ജ്, കെ.ജി. അജിത്ത്, ഫ്രാന്‍സിസ് തോമസ്, എം.എ. ലത്തീഫ്, ബിനോയ് ജോസഫ് എന്നിവരാണ് ജാഥാംഗങ്ങള്‍.
നാളെ മൂന്നിന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജാഥ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് റാന്നി, അഞ്ചിന് കോന്നി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ആദ്യ ദിവസത്തെ പര്യടനം സമാപിക്കും.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.
ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ചൊവ്വാഴ്ച സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ പ്രതിപക്ഷം മര്‍ദിച്ചെന്നായിരുന്നു സ്പീക്കര്‍ വ്യക്തമാക്കിയത്. സ്വര്‍ണക്കൊള്ളക്കേസില്‍ സോണിയാഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രിമാര്‍ സംസാരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാര്‍ രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ നേതാവാണ് പ്രതിപക്ഷ നേതാവെന്നും ഞാന്‍ ഞാന്‍ എന്ന ഒറ്റവികാരമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. വി.ഡി. സതീശന് സമനില തെറ്റിയെന്നും ബിജെപിയുടെ നാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
നിയമസഭയില്‍ മുന്‍പ് സ്പീക്കറുടെ ഡയസില്‍ കയറി കസേര തള്ളിയിട്ടവരാണ് ഇരട്ടത്താപ്പുകാരെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാകവാടത്തില്‍ കുത്തിയിരിപ്പുസമരം നടത്തി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തലസ്ഥാനം സമരപൂരിതം. എസ്ഐടിയുടെ അന്വേഷണം വഴിതെറ്റുന്നതിൽ പ്രതിഷേധിച്ചു യുഡിഎഫ് നിയമസഭയ്ക്കുള്ളിൽ വൻ ബഹളവും പ്രതിഷേധവും നടത്തിയപ്പോൾ നിയമസഭയ്ക്കു പുറത്തു യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു.
നിയമസഭയിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുന്നതിനിടയിൽ പ്രതിപക്ഷം ബഹളം തുടങ്ങി. ചില എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു നീങ്ങിയതും പ്ലക്കാർഡുകൾ പിടിച്ചു സ്പീക്കറുടെ മുന്നിലെത്തിയതും വലിയ സംഘർഷം സൃഷ്ടിച്ചു. ഇതോടെ സഭ താത്കാലികമായി നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്ലക്കാർഡുകൾ ഉയർത്തി തന്റെ കാഴ്ച മറക്കാൻ ശ്രമിച്ചതിൽ സ്പീക്കർ അമർഷം രേഖപ്പെടുത്തി. എന്നാൽ, തങ്ങളുടെ സമരം സാധാരണമായ ഒന്നാണെന്നു പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. പിന്നീട് സഭ ഒരിക്കൽകൂടി ബഹളം കാരണം നിർത്തിവയ്ക്കേണ്ടി വന്നു.
മുഖ്യമന്ത്രിക്കെതിരെ യുവമോർച്ച നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് പലതവണ ബലം പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ തുടർന്നും ബാരിക്കേഡുകൾക്കു മുകളിൽ കയറാനും പ്രതിഷേധം തുടരാനും ശ്രമിച്ചതാണ് സംഘർഷാവസ്ഥ നീളാൻ കാരണം. രണ്ടു വട്ടം ഗ്രനേഡും കണ്ണീർവാതക പ്രയോഗങ്ങളും നടത്തേണ്ടി വന്ന സംഘർഷം രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.
Kerala
തിരുവനന്തപുരം: ബഹളത്തെ തുടർന്ന് നിർത്തിവച്ച നിയമസഭാ നടപടികൾ വീണ്ടും ആരംഭിച്ചു. ഡയസിലേക്ക് ഇരച്ചുകയറിയ പ്രതിപക്ഷ അംഗങ്ങളുടെ നടപടി ശരിയായില്ലെന്ന് സ്പീക്കർ പ്രതികരിച്ചു.
സ്പീക്കറുടെ മുഖം മറച്ച് പ്രതിഷേധിച്ചത് ശരിയല്ലെന്നും ജനാധിപത്യ അവകാശം പ്രതിപക്ഷത്തിന് മാത്രമല്ല സ്പീക്കർക്കും ഉണ്ടെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ബാനർ പിടിക്കുന്നത് ആദ്യമല്ലെന്നും സഭയിൽ ഇത്തരത്തിൽ സംഘർഷമുണ്ടാകുമ്പോൾ സഭാ നടപടികൾ നിർത്തിവച്ച് രണ്ടുകൂട്ടരുമായി സ്പീക്കർ സംസാരിക്കുന്നതാണ് പതിവ്. എന്നാൽ അങ്ങ് ഇതുവരെ അത് ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഞങ്ങളെയും ഞങ്ങളുടെ സമരത്തെയും വെല്ലുവിളിക്കുകയാണ് സ്പീക്കർ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. എന്നാൽ അതിനുമാത്രം സംഘർഷം സഭയിൽ ഉണ്ടായില്ലെന്ന് സ്പീക്കർ മറുപടി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള പ്രതിഷേധത്തിൽ ഇന്ന് രണ്ടുതവണയാണ് സഭാ നടപടികൾ നിർത്തിവച്ചത്.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന പ്രചാരണം 100 ശതമാനം നുണയാണെന്നും കഴിഞ്ഞ 10 കൊല്ലം കേരളം ഭരിച്ച സിപിഎം തങ്ങളുടെ ഭരണത്തിന്റെ റിപ്പോർട്ട് കാർഡ് കാണിക്കുന്നതിന് പകരം കേന്ദ്രത്തിനെതിരെ കുപ്രചാരണം നടത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുപിഎ സർക്കാർ എന്താണ് കേരളത്തിന് വേണ്ടിയ ചെയ്തിരുന്നത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അത് നടപ്പിലാക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിന് ഉണ്ടോ?.
കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തെല്ലാം നൽകിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന എട്ട് പേജുള്ള ഒരു രേഖ തന്റെ പക്കലുണ്ട്. അത് പിന്നീട് വിശദീകരിക്കാം.
കേരളത്തിന് ലഭിച്ച റെയിൽവേ വിഹിതത്തെക്കുറിച്ചും പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി മാധ്യമങ്ങളെ കാണും. നരേന്ദ്ര മോദി സർക്കാർ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ബജറ്റിലെ കാര്യങ്ങൾ കൃത്യമായി പഠിക്കാൻ താല്പര്യമുള്ളവർക്ക് അത് മനസിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൽഡിഎഫ് പ്രചരണ ജാഥകൾക്ക് ഇന്ന് തുടക്കം. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കാസർഗോഡ് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ നയിക്കും. എം.വി. ഗോവിന്ദൻ ക്യാപ്ടനാകുന്ന വടക്കൻ മേഖലയിലെ മുന്നേറ്റ ജാഥ 16ന് പാലക്കാട് തരൂരിൽ സമാപിക്കും.
ഇന്നും നാളെയും കാസർഗോഡ് ജില്ലയിലെ മണ്ഡലങ്ങളിൽ പര്യടനം നടത്തും. തെക്കൻ മേഖല ജാഥ ബിനോയ് വിശ്വവും, മധ്യമേഖല ജാഥ ജോസ് കെ. മാണിയും നയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുകയായിരിക്കും എൽഡിഎഫിന്റെ ലക്ഷ്യം.
Kerala
കാസര്‍ഗോഡ്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നയിക്കുന്ന എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് ഇന്നു കുമ്പളയില്‍ തുടക്കമാകും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ജാഥാ മാനേജര്‍ പി. സന്തോഷ്കുമാര്‍ എംപി, സ്ഥിരാംഗങ്ങളായ കെ.എസ്. സലീഖ (സിപിഎം), മാത്യു കുന്നപ്പള്ളി (കേരള കോണ്‍ഗ്രസ്- എം) പി.പി. ദിവാകരന് (ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍), പി.എം. സുരേഷ് ബാബു (എന്‍സിപി), മനയത്ത് ചന്ദ്രന്(ആര്‍ജെഡി), കാസിം ഇരിക്കൂര്‍ (ഐഎന്‍എല്‍), ബാബു ഗോപിനാഥ് (കോണ്‍ഗ്രസ്-എസ്), വടക്കോട് മോനിച്ചന് (കേരള കോണ്‍ഗ്രസ്-ബി), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), നൈസ് മാത്യു (കേരള കോണ്‍ഗ്രസ്-സ്കറിയ തോമസ്) എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് നുള്ളിപ്പാടിയില്‍ ജാഥയ്ക്കു സ്വീകരണം നല്‍കും.
നാളെ രാവിലെ പത്തിനു പെരിയാട്ടടുക്കത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് കോട്ടച്ചേരിയിലും വൈകുന്നേരം നാലിന് കാലിക്കടവിലും സ്വീകരണം നല്‍കും. തുടര്‍ന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും.
District News
മൂവാറ്റുപുഴ : ജോസ് കെ മാണി ക്യാപ്റ്റനായ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ഫെബ്രുവരി 11ന് രാവിലെ ഒമ്പതിന് മൂവാറ്റുപുഴയിൽ സ്വീകരണം നൽകും. വികസന മുന്നേറ്റ ജാഥയുടെ പ്രചാരണാർഥം എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രചാരണ ജാഥ നാളെ മുതൽ അഞ്ചു വരെ പര്യടനം നടത്തും.
സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ക്യാപ്റ്റനും, സിപിഎം ഏരിയാ സെക്രട്ടറി അനീഷ് എം. മാത്യു വൈസ് ക്യാപ്റ്റനും, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ഷൈൻ ജേക്കബ് മാനേജരുമായ ജാഥ നാളെ വൈകുന്നേരം അഞ്ചിന് പൈങ്ങോട്ടൂരിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി രണ്ടിന് രാവിലെ 8 30ന് പോത്താനിക്കാട് പഞ്ചായത്തിലെ പോത്താനിക്കാട് നിന്ന് ജാഥ പര്യടനം തുടങ്ങി ആയവന, കല്ലൂർക്കാട് പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകുന്നേരം കലൂരിൽ സമാപിക്കും.
രണ്ടിന് രാവിലെ 8.30 ന് മടക്കത്താത്ത് നിന്ന് തുടങ്ങി മഞ്ഞള്ളൂർ, ആവോലി പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകുന്നേരം മൂവാറ്റുപുഴ നഗരസഭയിലെ 130 കവലയിൽ സമാപിയ്ക്കും. നാലിന് രാവിലെ 8. 30ന് കായനാട് നിന്ന് തുടങ്ങുന്ന ജാഥ മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ പര്യടനം നടത്തി വൈകിട്ട് പാലക്കുഴ പഞ്ചായത്തിലെ നോർത്ത് പാലക്കുഴയിൽ സമാപിക്കും. അഞ്ചിന് രാവിലെ 8:30ന് വാളകത്തുനിന്ന് തുടങ്ങുന്ന ജാഥ വാളകം പഞ്ചായത്ത്, മൂവാറ്റുപുഴ നഗരസഭ, പായിപ്ര പഞ്ചായത്തിലും പര്യടനം നടത്തി വൈകിട്ട് പായിപ്ര കവലയിൽ സമാപിക്കും.
Kerala
തിരുവനന്തപുരം: ഖജനാവിലെ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച അഞ്ചു ലോക കേരള സഭാസമ്മേളനങ്ങൾ പ്രവാസികളുടെ കണ്ണിൽ പൊടിയിടുന്ന ഫലശൂന്യമായ അധികാര ആഭാസം മാത്രമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗം വിളമ്പി പ്രവാസികളുടെ വയറു നിറച്ചതല്ലാതെ പ്രവാസി ക്ഷേമത്തിനുള്ള ലോക കേരള സഭയുടെ പ്രധാന നിർദ്ദേശങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ഏതാനും പേർ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് കൊട്ടിഘോഷിച്ചെങ്കിലും ഇതുവരെ കാര്യമായ വിദേശ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. സർക്കാരിലുള്ള വിശ്വാസതകർച്ചയും ചുവപ്പുകൊടിയോടുള്ള ഭയപ്പാടുമാണ് ഇതിനു കാരണം.
പ്രവാസികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കേണ്ട നോർക്ക വകുപ്പ് മരണശയ്യയിലാണ്. പ്രവാസികളുടെ പുനരധിവാസ പദ്ധതി, ക്ഷേമ പെൻഷൻ, ഇൻഷ്വറൻസ് എന്നിവയെല്ലാം സ്തംഭനത്തിലാണ് .
ലോക കേരളസഭ സിപിഎമ്മിന് തെരഞ്ഞെടുപ്പുകളിൽ പണപ്പിരിവ് നടത്താനുള്ള ഒരു കറവപ്പശു മാത്രമാണ്. വിദേശങ്ങളിലെ ധനാഢ്യന്മാർക്കും സിപിഎം ഘടകങ്ങളുടെ മേധാവികൾക്കുമാണ് ലോക കേരളസഭയിൽ മുൻതൂക്കം.
ലോക കേരളസഭ പ്രവാസി മലയാളി സമൂഹത്തിന്റെ പരിച്ഛേദമോ പ്രതിനിധിസഭയോ അല്ല. എല്ലാ ലോക കേരളസഭയിലും കോട്ടും സൂട്ടും ധരിച്ച് എത്തുന്ന ചില സ്ഥിരം മുഖങ്ങൾ പിൻവാതിൽ വഴി പ്രവേശിച്ച പ്രാഞ്ചിയേട്ടന്മാരാണെന്നും അദ്ദേഹം പരിഹസിച്ചു.
Kerala
തിരുവനന്തപുരം: എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ. ശശീന്ദ്രന്.
കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്ക്കുന്ന എന്‍സിപിക്ക്, എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ല. അതിനാല്‍ ആ ബന്ധം അജിത് പവാര്‍ പക്ഷം ഉപേക്ഷിച്ചാല്‍ ലയനത്തിന് തടസമുണ്ടാകില്ലെന്ന് എ.കെ. ശശീന്ദ്രന് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ നാമമാത്രമായ സീറ്റുകളില്‍ മത്സരിക്കുന്ന എന്‍സിപിക്ക് യുവാക്കള്‍, സ്ത്രീകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് അവസരം നല്കാന് പ്രായോഗികമായി കഴിയില്ലെന്നും എ.കെ. ശശീന്ദ്രന് വ്യക്തമാക്കി.
NRI
മനാമ: കേരള ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച 2026 - 27 സാമ്പത്തിക വർഷത്തെ ബജറ്റിലുള്ളത് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അപ്രായോഗിക പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു
വിഭവസമാഹരണത്തിന് വ്യക്തമായ വഴികളില്ലാതെയാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ പദ്ധതികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കടത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട ബജറ്റാണിത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന സാമ്പത്തികാവസ്ഥയെയും സാമ്പത്തികരംഗം നേരിടുന്ന വെല്ലുവിളികളെയും യാഥാർഥ്യ ബോധത്തോടെ അഭിമുഖീകരിക്കുന്നതിൽ ബജറ്റ് പരാജയമാണ്. എവിടെ നിന്ന് പണം എന്ന അടിസ്ഥാന ചോദ്യത്തിന് യുക്തിസഹമോ നവീനമോ ആയ ഉത്തരം കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ പരാജയം തുറന്നു പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചുവെന്നും ധനമന്ത്രി സമ്മതിക്കുന്നു. ഈ വർഷം മാത്രം 17,000 കോടി രൂപയുടെ കുറവ് വരുമാനത്തിലുണ്ടായിട്ടും കടമെടുപ്പിനെ ആശ്രയിച്ച് മാത്രം വീണ്ടും വാഗ്ദാനങ്ങൾ നൽകുന്നത് സർക്കാരിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
കിഫ്ബി വഴി 96,554 കോടിയുടെ പദ്ധതികൾ അനുവദിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 24,734 കോടിയുടെ പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കിയത്. ഇത് തെളിയിക്കുന്നത് വാഗ്ദാനങ്ങളിലെയും അവകാശവാദങ്ങളിലെയും കാപട്യമാണ്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ തുടർച്ചയായി പരാജയപ്പെടുകയാണെന്നും പ്രവാസി വെൽഫയർ അറിയിച്ചു.
നടപ്പിലാക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങൾ നൽകിയും അടിസ്ഥാന ജനതയുടെ വികസനത്തെ അവഗണിച്ചും ജനങ്ങളെ വഞ്ചിക്കുന്ന വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഫലത്തിൽ ബജറ്റ് മാറിയിരിക്കുകയാണെന്നും പ്രവാസി വെൽഫെയർ സെക്രട്ടറിയേറ്റ് ഇറക്കിയ പത്രകുറിപ്പിൽ അഭിപ്രായപ്പെട്ടു.
Kerala
കോട്ടയം: തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ ജില്ലകളില്‍ സിപിഎമ്മിനു മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന സെന്റര്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് സെന്റര്‍ രൂപീകരിച്ചിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയും ജില്ലയില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങള്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളും ഉള്‍പ്പെടുന്നതാണ് സെന്റര്‍. ആദ്യമായാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും മുന്നൊരുക്കള്ക്കുമായി ജില്ലകള്‍ തോറും സിപിഎം സെന്റര്‍ രൂപീകരിക്കുന്നത്.
മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാറുണ്ടായിരുന്നു. ഇത്തവണയും നിയോജക മണ്ഡലം കമ്മിറ്റികള്‍ നേരത്തെ തന്നെ രൂപീകരിച്ചിരുന്നു. പ്രായപരിധി പിന്നിട്ട മുതിര്‍ന്ന നേതാക്കളെ സെന്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ആലപ്പുഴയില്‍ ജി. സുധാകരന്, തിരുവനന്തപുരത്ത് ആനാവൂര്‍ നാഗപ്പന്, കൊല്ലത്ത് കെ. വരദരാജന്, കോട്ടയത്ത് വൈക്കം വിശ്വനും കെ.ജെ. തോമസും, ഇടുക്കിയില്‍ എം.എം.മണി, പത്തനംതിട്ടയില്‍ കെ.അനന്തഗോപന്‍, എറണാകുളത്ത് ഗോപി കോട്ടമുറിക്കല്‍, തൃശൂരില്‍ ബേബി ജോണ്‍, പാലക്കാട്ട് എ.കെ. ബാലന്, കാസര്‍ഗോഡ് പി. കരുണാകരന് എന്നിവര്‍ സെന്ററുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Kerala
കോട്ടയം: തെരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ക്കും പ്രരംഭ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കുമായുള്ള സിപിഎം ജില്ലാ കമ്മിറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു പങ്കെടുക്കും. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് പിണറായി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നത്.
കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുത്തു കഴിഞ്ഞു. അടുത്ത ദിവസങ്ങളില്‍ തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കമ്മിറ്റികളുടെ യോഗം ചേരും.
ജില്ലാ സെക്രട്ടേറിയേറ്റ് യോഗങ്ങളിലും നിയോജക മണ്ഡലം സെക്രട്ടറിമാര്‍ കൂടി പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്
കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്മാരാകും.
പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്മാര്.
എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.
Kerala
തിരുവനന്തപുരം: സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമില്ലെന്നും ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ഗൃഹസന്ദർശനത്തിൽ വ്യക്തമായി. ജനങ്ങൾ മുന്നോട്ടുവച്ച വിമർശനം ഉൾക്കൊള്ളും. പോരായ്മകൾ തിരുത്തി മുന്നോട്ടുപോകും. ജനങ്ങളുടെ നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ രക്തസാക്ഷി ഫണ്ട് സംബന്ധിച്ച് പാർട്ടിക്കെതിരേ ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണന്റെ വിഷയത്തിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു.
പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്നും നയാപൈസ വകമാറ്റില്ല. ഒരു ക്രമക്കേടിനും പാർട്ടി കൂട്ടുനിൽക്കില്ല. പാർട്ടി വിഷയം ചർച്ച ചെയ്തതാണ്. കുഞ്ഞികൃഷ്ണൻ പാർട്ടിക്ക് അകത്ത് പറഞ്ഞതെല്ലാം പരിഗണിച്ചിട്ടുണ്ട്. ഇനി പരാതിയുണ്ടെങ്കിൽ പോലീസിനെയും സമീപിക്കാമല്ലോയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച കള്ളക്കഥ പൊളിഞ്ഞെന്നും ജനങ്ങൾക്കത് മനസിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊടിമരത്തിലേക്ക് അന്വേഷണം വന്നപ്പോൾ എസ്ഐടിക്കെതിരെ വി.ഡി. സതീശൻ രംഗത്ത് വന്നു. തന്ത്രിയെ പിടിച്ചതോടു കൂടി ബിജെപിക്ക് മിണ്ടാട്ടമില്ല. പോറ്റിയെ കയറ്റിയത് ഇടതുപക്ഷമല്ല യുഡിഎഫ് ആണ്. വിഷയത്തിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം ആരെയും സംരക്ഷിക്കില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ്- യുഡിഎഫ് മുന്നണികൾ തമ്മിലുള്ള അഡ്ജസ്റ്റമെന്റ് ഭരണമാണു നടക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
"എൽഡിഎഫും യുഡിഎഫും തമ്മിൽ പതാകയിലും ചിഹ്നത്തിലും മാത്രമേ വ്യത്യാസമുള്ളൂ. ഇവർ രണ്ടു കൂട്ടരുടെയും അജൻഡ ഒന്നുതന്നെയാണ്. ഇടതു-വലതു മുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. ഇരുകൂട്ടരും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. വികസിത കേരളത്തിനായി കൈകോർക്കാനുള്ള കൃത്യമായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. വികസിത കേരളത്തിനായി ബിജെപിക്കൊപ്പം ജനങ്ങൾ നില്‍ക്കണം''- പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
"ശബരിമലയിലെ വിശ്വാസത്തെ തകർക്കാൻ ലഭിച്ച ഓരോ അവസരവും നടപ്പാക്കിയതാണ് ഇടതു സർക്കാർ. ബിജെപി സർക്കാർ വന്നാൽ, ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ആരോപണവിധേയരായവർ ജയിലിനുള്ളിലാകും. ഇതാണ് മോദിയുടെ ഗാരന്റി’’-പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സാധാരണക്കാരുടെ നിക്ഷേപം കൊള്ളയടിക്കപ്പെട്ടു. ഇത്തരക്കാർക്ക് കനത്ത ശിക്ഷയാണു നല്‍കേണ്ടത്. ബിജെപിക്ക് സംസ്ഥാന ഭരണത്തിന് അവസരം ലഭിച്ചാൽ സഹകരണ ബാങ്കിലെ പണം മോഷ്ടിച്ചവരിൽനിന്നുതന്നെ ഈടാക്കി നഷ്ടപ്പെട്ടവർക്കു തിരിച്ചു നല്‍കും. കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളം വിമുഖത കാട്ടുന്നതായും പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിനാൽ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കു ലഭിക്കേണ്ട സഹായം നഷ്ടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസിനു വികസന പദ്ധതികളൊന്നുമില്ലെന്നും അവർ ഇപ്പോൾ മാവോ-മുസ്ലിം കോണ്‍ഗ്രസ് പാർട്ടിയായി മാറിയെന്നും വിഘടനവാദം വളർത്തുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.
ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആർ.വി. അർലേക്കർ എന്നിവർ ചേർന്നു സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രി റോഡ് ഷോ ആയാണു പൊതുസമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്തെത്തിയത്.
പൊതുസമ്മേളനവേദിക്കു സമീപത്തായി തയാറാക്കിയ മറ്റൊരു വേദിയിൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. തുടർന്നാണ് പ്രധാനമന്ത്രി വേദിയിലേക്കെത്തിയത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, എൻഡിഎ നേതാക്കൾ ബിജെപി സംസ്ഥാന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടത്, വലത്, എൻഡിഎ മുന്നണികള്‍ മദ്യനയത്തിലും മാരക രാസലഹരികളുടെ വ്യാപനത്തിലും നിലപാട് വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അർധവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ പ്രകടനപത്രികകള്‍ പ്രഹസന പത്രികകളായി മാറുകയാണ്. മദ്യത്തിനു പേരിടാനും ലോഗോ നിര്‍മിക്കാനും അപേക്ഷ ക്ഷണിച്ച സര്‍ക്കാരാണിത്. മദ്യം ഹോം ഡെലിവറി ചെയ്യാന്‍ പദ്ധതി ആസൂത്രണം ചെയ്തു പരാജയപ്പെട്ടു.
കള്ളുഷാപ്പുകള്‍ ഒന്നാകെ ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകളായി മാറി. നഗ്നമായ അബ്കാരി ലംഘനങ്ങള്‍ മദ്യവകുപ്പിനു കീഴില്‍ നടന്നിട്ടും കണ്ടില്ലെന്നു നടിക്കുന്നു. മദ്യത്തിന്റെ ലഭ്യതക്കുറവാണ് മയക്കുമരുന്നുകള്‍ വര്‍ധിക്കുന്നതിനു കാരണമെന്നു പ്രചരിപ്പിച്ചവര്‍ക്ക് യഥേഷ്ടം മദ്യം ലഭ്യമാക്കിയിട്ടും നാട് മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയതിനു മറുപടിയില്ല.
തെരഞ്ഞെടുപ്പില്‍ മദ്യനയവും രാസലഹരികളുടെ വ്യാപനവും പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്കി.
പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കാലാവധി പൂര്‍ത്തിയാക്കിയ മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന് യാത്രയയപ്പും പുതുതായി നിയമിതനായ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് വരവേല്പും നൽകി.
കമ്മീഷന് സെക്രട്ടറി ഫാ. തോമസ് ഷൈജു അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ആന്റണി ജേക്കബ്, സി.എക്സ്. ബോണി, അന്തോണിക്കുട്ടി ചെതലന്‍, മേരി ദീപ്തി, കെ.പി. മാത്യു, തോമസ് കോശി, റോയി മുരിക്കോലില്‍, എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ബിജെപി യുടെ വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്നും തിരുവനന്തപുരത്തെ മോചിപ്പിച്ച് ബിജെപിക്ക് അവസരം നൽകിയ വോട്ടർമാർക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംഘടിപ്പിച്ച വികസിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പാവപ്പെട്ടവർക്ക് നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിവരിച്ചു.
കേരളത്തിൽ മാറ്റം വന്നുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നു തുടങ്ങിക്കഴിഞ്ഞു. ഇനി കേരളം ബിജെപിയുടെ കൈയിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തെ ഏഴ് പതിറ്റാണ്ടായി ഇരുമുന്നണികളും അവഗണിച്ചു. ഇന്ത്യയിലെ വലിയ നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള കോർപറേഷൻ ഭരണസമിതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് അറിയിച്ച അദ്ദേഹം മാറാത്തത് ഇനി മാറുമെന്ന് മലയാളത്തിൽ പറഞ്ഞു.
ഇരുമുന്നണികളും ഇപ്പോൾ നടത്തുന്ന അഡ്ജസ്റ്റ്മെന്റ് ഭരണത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. സാധാരണക്കാരുടെ ശത്രു ആയി മാറിയ എൽ ഡി എഫ് സർക്കാരിനെ പാഠം പഠിപ്പിക്കണം. കേരളത്തെ മാറ്റാനുള്ള സമയമാണ് ഇനി വരാൻ പോകുന്ന തെരഞ്ഞെടുപ്പ്. കേരളത്തിൽ നിന്നും എൽഡിഎഫിനേയും യുഡിഎഫിനേയും തൂത്തെറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രധാന പ്രതി സ്ഥാനത്തുള്ള ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള സൗഹൃദ ചിത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ ഇരുമുന്നണികളെയും വെട്ടിലാക്കി.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം രാജു ഏബ്രഹാം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങളാണ് വ്യാഴാഴ്ച പുറത്തുവന്നതെങ്കില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനൊപ്പമുള്ള ചിത്രങ്ങളാണ് ഇന്ന് യുഡിഎഫിനെ വെട്ടിലാക്കിയത്.
അടൂര്‍ പ്രകാശിനെ പോറ്റിയെ നേരത്തെ അറിയാമെന്നതും സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതില്‍ ഇടനിലക്കാരനായെന്നതും നേരത്തെ പുറത്തുവന്ന വിവരങ്ങളായിരുന്നു. എന്നാല്‍ പോറ്റിയെ വീട്ടില്‍ സന്ദര്‍ശിച്ച് ഉപഹാരങ്ങള്‍ സ്വീകരിക്കുകയോ കൈമാറുകയോ ഒക്കെ ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുതിയ വിവാദങ്ങളിലേക്ക് വഴിവച്ചിരിക്കുന്നത്.
വോട്ടറെന്ന നിലയില്‍ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ വിശദീകരിച്ചിരുന്നത്. അടൂര്‍ പ്രകാശ് പുളിമാത്തെ പോറ്റിയുടെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ കഴിഞ്ഞദിവസം അയല്‍വാസി നടത്തുകയും ചെയ്തതാണ്.
സ്വര്‍ണക്കൊള്ളയില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാര്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പോറ്റിയുടെ വീട്ടിലെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നത്.
പോറ്റിയുടെ വീട്ടില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനൊപ്പം അന്ന് എംഎല്‍എയായിരുന്ന രാജു പോയത് അവിടെ ഒരു ചടങ്ങിനായിരുന്നുവെന്നു പറയുന്നു. എന്നാല്‍ ചിത്രങ്ങള്‍ സിപിഎമ്മിലെ കടുത്ത പ്രതിരോധത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനഘടകമായെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരേ പാര്‍ട്ടി നടപടിയുണ്ടാകാത്തത് തിരിച്ചടിയായെന്നും വിലയിരുത്തലുകളുണ്ടായി. സംസ്ഥാന നേതൃത്വം അനുമതി നല്കിയാല് പത്മകുമാറിനെതിരേ നടപടിയെടുക്കുമെന്ന രാജു ഏബ്രഹാമും പറഞ്ഞിരുന്നു.
ഇതിനിടെയാണ് കടംപള്ളി സുരേന്ദ്രനൊപ്പം എംഎല്‍എയായിരിക്കേ രാജു ഏബ്രഹാം പോറ്റിയുടെ വീട്ടില്‍ സന്ദര്‍ശനം സന്ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നല്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. പോറ്റിയുടെ കുടുംബത്തിന ഒപ്പം ഇരുവരുംനില്‍ക്കുന്ന ദൃശ്യങ്ങളുമുണ്ട്.
അന്ന് കടകംപള്ളി ദേവസ്വം മന്ത്രിയും രാജു ഏബ്രഹാം റാന്നി എംഎല്‍എയുമായിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി തന്നെ പോറ്റിക്കൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നത് പാര്‍ട്ടിയിലും ചര്‍ച്ചയാകുന്നുണ്ട്.
അതിനിടെ, രാജു ഏബ്രഹാം നല്കിയ വിശദീകരണത്തിലും അവ്യക്തതകളുണ്ട്. ചിത്രം പുറത്തു വന്നതു സംബന്ധിച്ച് അറിഞ്ഞെങ്കിലും സംഭവം ഓര്‍മയില്ലെന്നായിരുന്നു രാജു ഏബ്രഹാമിന്റെ വിശദീകരണം. ദൃശ്യങ്ങളിലുള്ള വ്യക്തിയുടെ മുഖം ഓര്‍മയുണ്ടെങ്കിലും ചടങ്ങിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ കണ്ടുപരിചയമുണ്ടെന്നും രാജു പറഞ്ഞു. അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടാകാമെന്നുമായിരുന്നു മറ്റൊരു വിശദീകരണം.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു.
പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
Kerala
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭ സമ്മേളനം തുടരുന്നതിനിടെ ഇന്ന് സഭയിൽ ഭരണ-പ്രതിപക്ഷ പോരിന് സാധ്യത. ശബരിമല സ്വർണക്കൊള്ള വിഷയമാണ് നിയമസഭയെ പ്രക്ഷുബ്ധമാക്കുക.
സ്വർണക്കൊള്ള അടിയന്തര പ്രമേയ നോട്ടീസ് ആയി കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. കേസിൽ ജയിലിൽ തുടരുന്നവരുടെ സിപിഎം ബന്ധം പ്രതിപക്ഷം നിയമസഭയിൽ ആയുധമാക്കും. ഇതുകൂടാതെ കടകംപള്ളി സുരേന്ദ്രനെതിരായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും സിപിഎമ്മിന് സഭയിൽ തിരിച്ചടിയാകും.
ഉണ്ണികൃഷ്ണൻ പോറ്റി-സോണിയ ഗാന്ധി കൂടിക്കാഴ്ചയുടെ ചിത്രവും വാജി വാഹന കൈമാറ്റവും ഭരണ പക്ഷം ഉന്നയിച്ചേക്കും. ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ സഭ ആരംഭിക്കുന്ന ഒൻപത് മണി മുതൽ ഭരണ-പ്രതിപക്ഷ പോരിനാണ് സാധ്യത.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇന്ന് ആരംഭിക്കും. അതേസമയം മുൻ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എൻ. വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻ. വാസുവിന്റെ അപ്പീൽ.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നല്‍കണമെന്ന് വാസു അപ്പീലിൽ ആവശ്യപ്പെടുന്നു. കേസ് അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവും ഉള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി തന്റെ കസ്റ്റഡി അനിവാര്യമല്ലെന്നാണ് വാസുവിന്റെ വാദം.
ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് എൻ. വാസുവിന്റെ അപ്പീല്‍ പരിഗണിക്കുക. അതേസമയം സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി ബുധനാഴ്ച തള്ളിയിരുന്നു.
Kerala
ന്യൂഡൽഹി: കേരളത്തില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്ന് എൻഡിടിവി സർവേ. വോട്ട്വൈബ് സര്‍വേയിൽ 51.9 ശതമാനം പേരാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്.
31 ശതമാനം പേര് വളരെ മോശം ഭരണമാണെന്നും 20.9 ശതമാനം പേര് മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8 ശതമാനം പേര് വളരെ മികച്ച ഭരണമാണെന്നും 10.7 ശതമാനം പേര് നല്ല ഭരണമെന്നും 11.8 ശതമാനം പേര് ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8 ശതമാനം അഭിപ്രായം രേഖപ്പെടുത്തിയില്ല.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിയാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 22.4 ശതമാനം പേര് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് 18 ശതമാനം പേരും കെ.കെ. ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9 ശതമാനം പേരും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണമെന്ന് 14.7 ശതമാനം പേരും ശശി തരൂര്‍ എംപി മുഖ്യമന്ത്രിയാകണമെന്ന് 9.8 ശതമാനം പേരും അഭിപ്രായപ്പെട്ടു.
സർവേയിൽ യുഡിഎഫിനെ 32.7 ശതമാനം ആളുകൾ അനുകൂലിച്ചു. എല്‍ഡിഎഫിനെ 29.3 ശതമാനം പേരും എൻഡിഎയെ 19.8 ശതമാനം പേരും മറ്റുള്ളവരെ മൂന്ന് ശതമാനം പേരും അനുകൂലിച്ചു.
അതേസമയം എന്‍ഡിടിവി സര്‍വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പണിയുമില്ലാത്ത ചിലരാണ് സർവേ നടത്തുന്നതെന്നും പാര്‍ട്ടി സര്‍വേ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലപ്പുഴ: തീരദേശം ഇടതുപക്ഷത്തുനിന്ന് അകന്നു എന്നുള്ളതാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പൊതുപ്രവണതകളിൽ ഒന്നെന്ന് തോമസ് ഐസക്. എന്നാൽ തീരദേശത്തിനുവേണ്ടി കഴിഞ്ഞ 10 വർഷക്കാലത്തെന്നപോലെ കേരളചരിത്രത്തിൽ ഒരു കാലത്തും സർക്കാരിൽ നിന്ന് പിന്തുണ ലഭിച്ചിട്ടില്ല. എന്നിട്ടും തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞത് മുഖ്യമായും സാമുദായിക ചരടുവലികളുടെ ഫലമാണെന്ന് വേണം കരുതാനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപതോളം വീടുകളിൽ പോയിരുന്നു. ഏതാണ്ട് എല്ലാം തന്നെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ. സജീവ കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും അതിൽ ഉണ്ടായിരുന്നു. എങ്കിലും ഇരുന്നു സംസാരിക്കുമ്പോൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കും.
വർധിപ്പിച്ച പെൻഷനും, സ്ത്രീ സുരക്ഷാ സഹായവും തന്നെ സ്റ്റാർ പെർഫോമറുകൾ. മത്സ്യത്തൊഴിലാളികളുടെ എല്ലാ ക്ഷേമ ആനുകൂല്യങ്ങളും ഗണ്യമായി ഉയർത്തിയിട്ടുണ്ട്. ചെട്ടികാട്ടെ പുതിയ താലൂക്ക് ആശുപത്രി വലിയ സഹായമാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. പക്ഷെ വിചാരിച്ച വോട്ട് കിട്ടാത്തതിന് കാരണം സാമുദായിക ചരടുവലികളാണെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: എൻഎസ്എസും എസ്എൻഡിപിയും സഹോദരസമുദായങ്ങളാണെന്നും ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തുഷാർ വെള്ളാപ്പള്ളി. ഐക്യ നീക്കം തെരഞ്ഞെടുപ്പ് മുൻനിർത്തി എന്നത് കോൺഗ്രസിന്റെ ആരോപണം മാത്രമാണ്. തെരഞ്ഞെടുപ്പുമായി അതിനെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി.ഡി. സതീശനെതിരായ വെള്ളാപ്പള്ളി നടേശന്റെ വിമർശനങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി ഉന്നംവച്ചല്ലെന്നും തുഷാർ പറഞ്ഞു. സതീശന്റെ പ്രസ്താവനകൾ അനാവശ്യമാണ്. എസ്എൻഡിപിയ്ക്കും എൻഎസ്എസിനും എതിരെ മോശമായി സംസാരിച്ചു. സമുദായ നേതാക്കളിൽ നിന്ന് ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രമാണെന്നും തുഷാർ വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ ഇടത് അനുകൂല നിലപാടുകളും മൂന്നാംപിണറായി സർക്കാർ വരുമെന്ന് പറഞ്ഞതും വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന അങ്ങനെ ഒരു നിലപാട് പറഞ്ഞിട്ടില്ല. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലോ ചൂലോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എ.കെ. ബാലനു പിന്നാലെ മന്ത്രി സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ സിപിഐക്കു കടുത്ത അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത പരാമർശങ്ങളാണു സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിക്കു കാരണമാകുമെന്നാണ് സിപിഐ നേതാക്കളുടെ പക്ഷം. ഇതിലെ പ്രതിഷേധം സിപിഐ നേതാക്കൾ സിപിഎം നേതൃത്വത്തെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ഇരുപാർട്ടികളും ഗൃഹസന്ദർശന പരിപാടിയുമായി മുന്നോട്ടു പോകവേ വിവാദങ്ങൾ സൃഷ്ടിക്കുന്നതു രാഷ്ട്രീയമായി പിന്നാക്കം പോകാനേ ഉപകരിക്കൂ എന്ന നിലപാടിലാണു സിപിഐ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന. ഇതു സിപിഎമ്മിനുള്ളിൽത്തന്നെ വലിയ ചർച്ചയായി. ബാലന്റെ പരാമർശത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനർ ടി.പി.രാമകൃഷ്ണനും തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് പരസ്യമായി ബാലനെ അനുകൂലിച്ചത്.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരേ സിപിഎമ്മിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പാർട്ടി നേതൃയോഗങ്ങളിൽപോലും ഒരു നേതാവും ഇതേക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. ഇതിനു പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാൽ അറിയാമെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശമുണ്ടായത്. ഇതു ന്യൂനപക്ഷങ്ങൾക്കെതിരായുള്ള നിലപാടായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരായി.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം നേതാക്കളിൽനിന്ന്, പ്രത്യേകിച്ച് മന്ത്രിയിൽനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതു ന്യൂനപക്ഷത്തെ ഇടതുമുന്നണിയിൽനിന്നു കൂടുതൽ അകറ്റുമെന്ന ആശങ്കയിലാണു സിപിഐ. എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടാണ്.
തെരഞ്ഞെടുപ്പിൽ ദോഷമാകുന്ന ഒരു പരാമർശവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു കഴിഞ്ഞ പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ ഗോവിന്ദൻ നേതാക്കൾക്കു നൽകിയ നിർദേശം. എന്നാൽ ഇതു മുതിർന്ന നേതാക്കൾതന്നെ ലംഘിച്ചത് അച്ചടക്കലംഘനമായാണ് പാർട്ടി കാണുന്നത്.
Kerala
തിരുവനന്തപുരം: പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻഎസ്എസ് - എസ്എൻഡിപി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം മാത്രമാണെന്ന് അസ്വ.സി.കെ. വിദ്യാസാഗർ. കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്റെ ഔദാര്യം തേടി നടക്കുന്നതെന്ന് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്എൻഡിപി മുൻ പ്രസിഡന്റുമായ അസ്വ.സി.കെ. വിദ്യാസാഗർ ആരോപിച്ചു.
സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനുമെതിരെ നിരവധി കേസുകൾ വിവിധ കോടതികളിലുണ്ട്. പലതും മുൻ ഭാരവാഹികൾ നൽകിയതാണ്. വെളളാപ്പള്ളിക്കെതിരെ മൈക്രോ ഫിനാൻസ് വിഷയത്തിൽ മാത്രം 124 കേസുണ്ട്. കൊല്ലം എസ്.എൻ കോളജ് പ്രത്യേക ഫണ്ട് കേസും പ്രതികൂലമാണ്. ഇവയിൽ എല്ലാം സർക്കാരിന്റെ പരിഗണന കിട്ടാൻ വേദിയാണ് രണ്ടു കൂട്ടരും അടിമപ്പണി ചെയ്യുന്നത്. വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുക വഴി ഈഴവ സമുദായത്തെ എൽഡിഎഫും ഗവൺമെന്റും വഞ്ചിക്കുകയാണ്. സമുദായങ്ങളെ കച്ചവടം നടത്തുന്ന 'കങ്കാണിപണിക്കാരെ 'പൊതുജനം തിരിച്ചറിയണമെന്നും വിദ്യാസാഗർ പറഞ്ഞു. അഡ്വ മധുസൂദനൻ, സൗത്ത് ഇന്ത്യൻ ആർ. വിനോദ്, ചന്ദ്രസേനൻ എന്നിവരും പത്രസേമ്മേളനത്തിൽ പങ്കെടുത്തു.
Kerala
ആലപ്പുഴ: എൻഎസ്എസുമായുള്ള ഐക്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നാളെ എസ്എൻഡിപി നേതൃയോഗം ചേരും. ഐക്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവനയോടെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നീക്കം സജീവമാക്കിയിരിക്കുകയാണ്. വെള്ളാപ്പള്ളിയും സുകുമാരൻനായരും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ലക്ഷ്യമിട്ട് പ്രസ്താവനകൾ കടുപ്പിച്ച സാഹചര്യത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന പ്രഖ്യാപനങ്ങൾ യോഗത്തിനു ശേഷം ഉണ്ടാകുമോയെന്ന ആകാംക്ഷ രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമായിട്ടുണ്ട്.
എൻഎസ്എസ് രാഷ്ട്രീയകാര്യത്തിൽ സമദൂരമെന്നാണ് പ്രഖ്യാപിതനയമെങ്കിലും പ്രതിപക്ഷ നേതാവിനെ കടന്നാക്രമിച്ചത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ആവർത്തിക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തോടുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റായ ബിഡിജെഎസ് ആണെങ്കിൽ ബിജെപി നയിക്കുന്ന എൻഡിഎയിൽ ഘടകകക്ഷിയുമാണ്
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം വേണമെന്നു പറയുന്ന എസ്എൻഡിപിയോഗം എസ്എസ്എസുമായി ഐക്യത്തിനു തയാറെടുക്കുകയാണെങ്കിലും സംവരണം, ജാതി സെൻസസ് പോലെയുള്ള വിഷയങ്ങളിൽ ഇരുസംഘടനകൾക്കും വ്യത്യസ്തമായ നിലപാടാണുള്ളത്. ഇതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള താത്കാലിക സൗഹൃദമാണോയെന്ന ചർച്ചയും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. നാളത്തെ എസ്എൻഡിപിയോഗത്തിന്റെ പ്രഖ്യാപനത്തിലേക്കാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Kerala
തൃശൂർ: വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെ പൂർണമായി തള്ളാതെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സജി ചെറിയാൻ അത്തരമൊരു പ്രസ്താവന നടത്താൻ സാധ്യത കുറവാണെന്നും വാർത്തകൾ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും സജി ചെറിയാന്റെ ഭാഗംകൂടി കേട്ടശേഷം വിഷയം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വർഗീയതയെ പ്രോത്സാഹിപ്പിച്ച് വോട്ടുപിടിക്കുന്ന നയം ഇടതുപക്ഷത്തിനില്ല. ഒരു പഞ്ചായത്തോ കോർപറേഷനോ കിട്ടാൻവേണ്ടി നിലവിലെ നയങ്ങളിൽ മാറ്റംവരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി കടുത്ത വിമർശനമുന്നയിച്ചു. ഒരുവശത്ത് ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയും മറുവശത്ത് ആർഎസ്എസ് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നവർ വർഗീയതയ്ക്ക് എതിരാണെന്നു പറയുന്നതു ജനം വിശ്വസിക്കില്ല.
എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകൾക്കു മഹത്തായ പാരമ്പര്യമുണ്ടെന്നും സാമുദായിക സംഘടനകളെ രാഷ്ട്രീയനേതാക്കൾ ഭീഷണിപ്പെടുത്തുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻതന്നെ എൽഡിഎഫിനെ നയിക്കും. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിയിലോ മുന്നണിയിലോ യാതൊരു തർക്കവുമില്ല. 110 സീറ്റുകൾ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരും. പ്രകടനപത്രികയിലെ 98 ശതമാനം കാര്യങ്ങളും നടപ്പാക്കിയ സർക്കാരിനെ ജനങ്ങൾ വീണ്ടും തുണയ്ക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Kerala
ചങ്ങനാശേരി: എൻഎസ്എസ്-എസ്എൻഡിപി ഐക്യം സാധ്യമാക്കാൻ ഇരു സംഘടനകളും തീരുമാനിച്ചാൽ മതിയെന്നും അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ. ഇന്നലെ എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ സാമുദായിക ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
എൻഎസ്എസും എസ്എൻഡിപിയും തമ്മിൽ യോജിക്കേണ്ടതാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ചൂണ്ടികാട്ടിയപ്പോൾ നേതൃത്വവുമായി ആലോചിച്ച് സംഘടനയുടെ മൂല്യങ്ങൾക്കു കോട്ടം വരാത്തവിധത്തിൽ ഐക്യമാകാമെന്നാണ് താൻ പറഞ്ഞതെന്നും സുകുമാരൻ നായർ ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാധ്യമങ്ങൾ ആദ്യം ബന്ധപ്പെട്ടപ്പോൾ ദീർഘകാലമായി ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന 89 വയസുള്ള വെള്ളപ്പള്ളി നടേശനെ അധിക്ഷേപിച്ചത് ഏതു രാഷ്ട്രീയ നേതാവാണെങ്കിലും അതു ഭൂഷണമല്ലെന്നു താൻ പ്രതികരിച്ചിരുന്നു.
എന്നാൽ, പിന്നീട് എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിരാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വ്യാപകപ്രചാരണം ശ്രദ്ധയിൽപ്പെട്ടു. വിഷയം എൻഎസ്എസ് -എസ്എൻഡിപി ഐക്യം എന്നുള്ളതാണ്. ഏതെങ്കിലും വ്യക്തികളെ അതിലേക്കു കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടേം ഇളവ് ചര്‍ച്ചയായിട്ടില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞു.
വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു ഉളുപ്പുമില്ലാത്ത നേതാക്കളാണ് കേരളത്തിലെ കോൺഗ്രസിലുള്ളത്. മൃദു ഹിന്ദുത്വ സമീപനമാണ് കേരളത്തിലെ ഇടത് സർക്കാരിനുള്ളത് എന്ന തോന്നൽ വരുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും എം.എ. ബേബി ആരോപിച്ചു.
സിപിഎമ്മിന് കേരളത്തിൽ മൃദുഹിന്ദുത്വമെന്ന് ആരോപിക്കുന്നത് ആസൂത്രിതമാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ദൃഢഹിന്ദുത്വമാണെന്നും സിപിഎം ജനറൽ സെക്രട്ടറി ആരോപിച്ചു. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും ബേബി പറഞ്ഞു.
ഹിന്ദുത്വ വർഗീയ സംഘങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിൽ. ബിജെപി സര്‍ക്കാരുകളുടെ നിഷ്ക്രിയത്വമാണ് ഇതിന് കാരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപിക്കാൻ കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഒന്നിച്ചു നിന്നെന്നും എം.എ.ബേബി ആരോപിച്ചു.
10 വർഷം കേരളത്തിൽ വർഗീയ സംഘർഷം നടന്നിട്ടില്ലെന്നതിന്റെ ക്രെഡിറ്റ് ഇടതുപക്ഷത്തിന് മാത്രമാണ്. നവോഥാന നായകന്മാരുടെ അടക്കം പ്രവർത്തനങ്ങളുടെ ഫലമാണിത്. മൂന്നാം വട്ടവും എൽഡിഎഫ് സർക്കാർ തന്നെ അധികാരത്തിൽ എത്തുമെന്ന ആത്മവിശ്വാസം കേന്ദ്ര കമ്മിറ്റി പ്രകടിപ്പിച്ചതായും എം.എ.ബേബി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കേരള കോൺഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുൻപ് അത് കാണാമെന്നും സതീശൻ പറഞ്ഞു.
"യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വ്യക്തികളും പാർട്ടികളുമടക്കം വരും. വിസ്മയം എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. ഐഷാ പോറ്റി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അത് വിസമയം ആകുമായിരുന്നോ. കാത്തിരുന്നാൽ ഇനിയും വിസ്മങ്ങൾ കാണാം.'-സതീശൻ പറഞ്ഞു.
കേരള കോൺഗ്രസ്-എം വരുന്ന കാര്യമാണ് വിസ്മയം എന്നൊക്കെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. യുഡിഎഫിന്റെ നേതാക്കളാരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും വന്ന് വിസ്മയത്തിന് കുറിച്ച് പറയേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്തായാലും കൂടൂതൽ പേർ യുഡിഎഫിൽ എത്തുമെന്നും സതീശൻ ആവർത്തിച്ചു.
District News
കൊട്ടാരക്കര: മുൻ എംഎൽഎ അഡ്വ.പി. അയിഷ പോറ്റി കോൺഗ്രസ് കൂടാരത്തിൽ ചേക്കേറിയത് തികച്ചും വ്യക്തിപരമായ കാരണങ്ങളാൽ ആണെന്ന് എൽഡിഎഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായും ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയശേഷം മൂന്നുതവണ തുടർച്ചയായി കൊട്ടാരക്കര എംഎൽഎ സ്ഥാനവും നേടിക്കൊടുത്തത് സിപിഎമ്മിന്റെയും എൽഡിഎഫി െന്റയും തീരുമാനപ്രകാരം ആയിരുന്നു.
അയിഷ പോറ്റിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും വളർത്തുകയും ചെയ്ത പാർട്ടിയോടും ജനങ്ങളോടും വഞ്ചനയാണ് കാട്ടിയത്.വിശദീകരണയോഗത്തിൽ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ കെ.എസ്. ഇന്ദുശേഖരൻനായർ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗം ജോർജ് മാത്യു, ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ, സിപിഐ മണ്ഡലം സെക്രട്ടറി എസ്. രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോട്ടയം: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും ആരെങ്കിലും ആ പുസ്തകം തുറന്നുവെങ്കിൽ വായിച്ചു കഴിഞ്ഞു അടച്ചു വച്ചോളും എന്നും ജോസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസിന്റെ പ്രതികരണം.
'ഇന്നത്തെ യോഗത്തിൽ മുന്നണി മാറ്റമൊന്നും ചർച്ചയാകില്ല. അജൻഡയിൽ ഇല്ലാത്ത വിഷയമാണത്. മാധ്യമങ്ങളല്ല അജണ്ട നിശ്ചയിക്കുന്നത്. എൽഡിഫിന്റെ മേഖല ജാഥ ഒരുക്കങ്ങളടക്കം ഇന്ന് യോഗം ചർച്ച ചെയ്യും.'-ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിൽ ഭിന്നതയില്ലെന്നും മുന്നണി മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ നേരത്തെ പ്രതികരിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള കേരള കോണ്‍ഗ്രസ് എംഎൽഎമാരുടെ പ്രതികരണം.
പാര്‍ട്ടിയുടെ ഔദ്യോഗിക തീരുമാനം ചെയര്മാൻ ജോസ് കെ. മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞു. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു.
Kerala
പത്തനംതിട്ട: കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ചു സഭകളുടെ സമ്മർദമുണ്ടെന്ന തരത്തിൽ താൻ പരാമർശം നടത്തിയതായി പ്രചരിക്കുന്ന വാർത്തകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നു കേരള കോൺഗ്രസ്-എം നേതാവും എംഎൽഎയുമായ പ്രമോദ് നാരായണൻ. ഇത്തരത്തിലുള്ള ഒരു പരാമർശവും താൻ നടത്തിയിട്ടില്ലെന്നും അറിവിൽപെടാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രചാരണങ്ങൾ അസത്യവും ദുഷ്ടലാക്കോടുകൂടിയതുമാണ്. പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഇതിനകംതന്നെ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ചു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രമോദ് നാരായണൻ എംഎൽഎ ആരോപിച്ചു.
സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു. സഭകളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തേണ്ട സാഹചര്യം ഒരിക്കലും ഉണ്ടായിട്ടില്ല.
മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ടു ശബരിമലയിൽ ആയിരുന്നതിനാൽ വാർത്തകൾ ശ്രദ്ധയിൽപ്പെടാൻ വൈകിയതാണെന്നും അതിനാലാണ് വിശദീകരണക്കുറിപ്പ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു. വിശദീകരണം വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പ്രമോദ് നിരായണൻ എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ് -എം ഇടതുമുന്നണി വിടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ജോസ് കെ. മാണിയുമായി സംസാരിച്ചിരുന്നു എൽഡിഎഫിന്റെ ഭാഗമായി അവർ തുടരുമെന്നാണ് പറഞ്ഞത്. ഇത് വിശ്വസിക്കാനാണ് സിപിഐക്കു താത്പര്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കെ.എം. മാണിയെ എതിർത്തതും സമരം ചെയ്തതുമെല്ലാം പഴയ കഥ. അതിനുശേഷം ധാരാളം വെള്ളം ഒഴുകിപ്പോയില്ലേ എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കുന്നതിനിടെ എൽഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ്-എം മുന്നണി മാറില്ലെന്ന് പ്രഖ്യാപിച്ച് പാർട്ടി ചെയർമാൻ ജോസ് കെ. മാണി. കേരള കോൺഗ്രസ്-എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച് പരന്ന അഭ്യൂഹം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് തടഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം.
എൽഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎം അറിയാതെ മുന്നണി മാറ്റവുമായി മുന്നോട്ട് പോകാനായിരുന്നു പാർട്ടി ചെയർമാൻ ജോസ് കെ. മാണി പദ്ധതിയിട്ടത്. എന്നാൽ റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും പ്രഫ. എൻ. ജയരാജിനെയും ഒപ്പം നിർത്താൻ എൽഡിഎഫിന് നേതൃത്വം നൽകുന്ന സിപിഎമ്മിന് സാധിച്ചു.
മുന്നണി വിടരുതെന്ന് റോഷി അഗസ്റ്റിനോട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടതായാണ് വിവരം. ഇതോടെ അദ്ദേഹം യുഡിഎഫിലേക്കില്ലെന്ന് നിലപാടെടുത്തു. പാർട്ടിയിൽ അഭിപ്രായ സമവായം ഇല്ലാതെ വന്നതോടെയാണ് ജോസ് കെ. മാണി യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: വി.ഡി. സതീശന്റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു. അറസ്റ്റിലായ എ. പത്മകുമാറിന്റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കും. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോട്ടയം: മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി.
കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു.
പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും ജോസ് വ്യക്തമാക്കി. റോഷി അഗസ്റ്റിനുമായി ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും ജോസ് പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും ജോസ് പറഞ്ഞു.