പാലക്കാട്: അട്ടപ്പാടി അഗളി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സിപിഎം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയാണ് പരാതി നൽകിയത്.
കൂറുമാറി എൽഡിഎഫ് പിന്തുണയിൽ അഗളി പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് അംഗം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസ് അംഗം എൻ.കെ. മഞ്ജു ബിനു രാജിവച്ചു. ഇതേ തുടർന്ന് വെള്ളിയാഴ്ച പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കമ്മീഷൻ ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് പരാതിയുമായി യുഡിഎഫ് പോലീസിനെ സമീപിച്ചിരിക്കുന്നത്. അംഗങ്ങളെ സിപിഎം നേതൃത്വം പണം നൽകി പ്രലോഭിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. സിപിഎം ഭീഷണിപ്പെടുത്തിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതിയിലുണ്ട്.
21 അംഗ ഭരണസമിതിയിൽ യുഡിഎഫ് 10 സീറ്റുകൾ നേടിയിരുന്നു. എൽഡിഎഫ് ഒൻപത് സീറ്റുകളിൽ വിജയിച്ചപ്പോൾ ബിജെപി രണ്ട് സീറ്റുകൾ നേടിയിരുന്നു.
Tags : cpm congress udf palakkad kerala police