കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുൻ ദേവസ്വം പ്രസിഡന്റും മുൻ എംഎല്‍എയുമായ സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിൽ കേരളം അമ്പരന്നു നില്‍ക്കുകയാണ്.
അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച സ്വന്തം നേതാവ് ജയിലില്‍ പോകുമ്പോഴും പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാനുള്ള തൊലിക്കട്ടി ഗോവിന്ദനു മാത്രമേ കാണൂ. ജനങ്ങള്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് നല്കിയ അധികാരം ഉപയോഗിച്ചുകൊണ്ടാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചത്.
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒാരോരുത്തരായി ജയിലിലേക്കു പോകുന്ന ഘോഷയാത്രയാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍. വാസുവിനു പിന്നാലെയാണ് പത്മകുമാറും ജയിലിലേക്കു പോകുന്നത്. മുന്‍ ദേവസ്വം മന്ത്രിയെയാണ് എസ്ഐടി ഇനി ചോദ്യം ചെയ്യേണ്ടത്. കടകംപള്ളി സുരേന്ദ്രനും കൊള്ളയില്‍ പങ്കുണ്ട്.
ഏതോ ഒരു പോറ്റിയാണു പ്രശ്നമെന്നാണ് സിപിഎം ആദ്യം പറഞ്ഞത്. ആ പോറ്റിയുടെ നേതൃത്വത്തിൽ ഇത്രയും വലിയ കൊള്ള നടന്നിട്ടും അതു മറച്ചുവയ്ക്കുകയായിരുന്നെന്ന് കോടതിവിധിയിലൂടെ വ്യക്തമായി. പോറ്റി കുടുങ്ങിയാല്‍ സിപിഎം നേതാക്കളും കുടുങ്ങുമെന്ന് മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും അറിയാമായിരുന്നു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നു. സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചതെന്നും വി.ഡി. സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
Tags : V.D. Satheesan CPM leaders' procession to jail Sabarimala Sabarimala Gold theft