തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി തകർന്നു തരിപ്പണമാകുന്പോൾ അവരെ സഹായിക്കാൻ സിപിഎം രംഗത്തിറങ്ങിയിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സിപിഎമ്മിൽ നിന്നു രാജിവച്ച രണ്ടു പേർ ഗുരുതര ആരോപണമാണ് കടകംപള്ളി സുരേന്ദ്രനെതിരെ ഉന്നയിച്ചിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എന്ന മുൻ മന്ത്രി ബിജെപി ഏജന്റാണെന്നാണ് പാർട്ടി വിട്ട മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്. അതിന്റെ ഭാഗമായി പാങ്ങോട് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആർഎസ്എസ് ശാഖയിൽ പോയിരുന്ന ആളെയാണ് നിർത്തിയിരിക്കുന്നത്.
ബിജെപിയിൽ ഇപ്പോൾ രണ്ട് ആത്മഹത്യകൾ നടന്നു. ഒരാൾ ആത്മഹത്യാ ശ്രമം നടത്തി. കരിനിഴൽ വീണ ബിജെപി നേതാക്കളുടെ സാന്പത്തിക ബന്ധങ്ങളെ കുറിച്ചാണ് ആത്മഹത്യാ കുറിപ്പുകളിൽ പറയുന്നത്. ബിജെപി നേതാക്കൾ സാന്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് രണ്ട് ആത്മഹത്യാ കുറിപ്പുകളിലും പറയുന്നത്.
മുതിർന്ന ബിജെപി നേതാവ് എം.എസ്. കുമാറും ഗുരുതര ആരോപണമാണ് ബിജെപി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പഴയ തലമുറയിൽപ്പെട്ട നേതാക്കളാണ് ബിജെപിയുടെ പുതിയ നേതൃത്വത്തെ കുറിച്ച് ഗൗരവതരമായ ആരോപണം ഉന്നയിക്കുന്നത്.
പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം പ്രവർത്തകർക്ക് പങ്കുണ്ട്. എസ്ഐആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കോണ്ഗ്രസിന്റെ ബിഎൽഎയെ ബിഎൽഒ കൊണ്ടു പോയതിന് സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് ഭീഷണിപ്പെടുത്തി. ഇതിനു പുറമെയാണ് ജോലിയുടെ സമ്മർദവും. ഇതേക്കുറിച്ച് ഗൗരവതരവും എല്ലാവരെയും ബോധ്യപ്പെടുത്തുന്നതുമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
ബിജെപിയും സിപിഎമ്മും എസ്ഐആർ ദുരുപയോഗം ചെയ്യാനും ശ്രമിക്കുന്നുണ്ട്. യുഡിഎഫ് അനുകൂല വോട്ടുകൾ ചേർക്കപ്പെടാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു സതീശൻ ആരോപിച്ചു.
Tags : CPM to help BJP V.D. Satheesan Congress CPM BJP