തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട ദിത്വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി യാത്രികരെ തിരുവനന്തപുരത്ത് എത്തിച്ചു. 237 പേരടങ്ങുന്ന ആദ്യസംഘത്തെ വ്യോമസേനയുടെ ഐഎല്‍-76 വിമാനത്തിലാണ് ഞായറാഴ്ച രാത്രി 7.45 ഓടെ എത്തിച്ചത്.
രണ്ടാം സംഘത്തെകൊണ്ടുവരാൻ വിമാനം വീണ്ടും കൊളംബോയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രിയോടെ 80 യാത്രക്കാരെക്കൂടി എത്തിക്കുമെന്ന് നോര്‍ക്ക അധികൃകര്‍ പറഞ്ഞു.
സൗദി അറേബ്യ, കുവൈറ്റ്, ദോഹ, അബുദാബി അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്കയിൽ എത്തി തുടര്‍ന്ന് കണക്ഷന് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തേണ്ടവരായിരുന്നു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തിൽ വിമാനത്താവളത്തില്‍ കുടുങ്ങിയത്.
കൊളംബോ ആഭ്യന്തര വിമാനത്താവളത്തിലിറക്കിയ മലയാളി യാത്രക്കാരെ പിന്നീട് ബസില്‍ കൊളംബോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ കുടുങ്ങിയവരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം ഇടപെട്ട് വ്യോമസേനാ വിമാനമയച്ച് ഇവരെ നാട്ടിലെത്തിച്ചത്.
Tags : Cyclone Ditva Malayalis stranded Colombo