തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സീറ്റ് കിട്ടാത്തതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണാപുരം വാർഡിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ആനന്ദ് കെ. തമ്പിയാണ് ജീവനൊടുക്കിയത്.
സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ചശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്.
സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല പക്ഷേ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും ഭൗതിക ശരീരം കാണാൻ അനുവദിക്കരുത്.
എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്ന് കുറിപ്പിൽ പറയുന്നു.
തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയാ പ്രസിഡന്റ് ആലപ്പുറം കുട്ടന്, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹക് രാജേഷ്, നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
വീടിനകത്ത് തൂങ്ങിയനിലയിലാണ് ആനന്ദിനെ കണ്ടെത്തിയത്. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Tags : local body election anand k thampi death thiruvananthapuram bjp