കൊച്ചി: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ഷിംജിത മുസ്തഫ എന്ന യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഓൾ കേരള മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു.
ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് സി. അജിത് കുമാറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് ലോക്കൽ പോലീസിൽ നിന്ന് മാറ്റി സിബിഐയോ, ക്രൈംബ്രാഞ്ചോ അല്ലെങ്കിൽ പ്രത്യേക അന്വേഷണ സംഘമോ അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം.
നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ഹർജിയിൽ പറയുന്നു.
വസ്തുതകൾ പരിശോധിക്കാതെ വീഡിയോ പ്രചരിപ്പിച്ചത് ദീപക്കിനെ പൊതുമധ്യത്തിൽ അപമാനിക്കാനും സ്വഭാവഹത്യ നടത്താനും കാരണമായതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്തവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നടപടി വേണമെന്നും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കപ്പെടാതെ സൂക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഷിംജിതയ്ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് മെൻസ് അസോസിയേഷന്റെ നിലപാട്. നിലവിൽ ഷിംജിതയ്ക്ക് എതിരെ ആത്മഹത്യ പ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഫെബ്രുവരി പത്തിന് കോടതി ഹർജി പരിഗണിക്കും.
Tags : Deepak's suicide: Shimjitha Mustafa High Court Men's Association