കൊച്ചി: ഡാര്‍ക്ക്നെറ്റും ക്രിപ്റ്റോകറന്‍സിയും ഉപയോഗിച്ച് കോടികളുടെ മയക്കുമരുന്ന് ഇടപാട് നടത്തിയ സംഭവത്തിൽ നാലു പ്രതികള്‍ക്കെതിരേ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ജൂണ്‍ 28ന് യുകെയില്‍നിന്നു തപാലിലെത്തിയ പാഴ്സലുകളില്നിന്നും 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് പാഴ്സലിലെ വിലാസക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ് എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും കണ്ടെത്തിയ കേസിലാണ് എന്‍സിബി കൊച്ചി ഓഫീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മൂവാറ്റുപുഴസ്വദേശികളായ എഡിസണ് ബാബു, സഹായി അരുണ്‍ തോമസ്, യുകെയില്‍ താമസിക്കുന്ന സന്ദീപ്, ഓസ്ട്രേലിയയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശി ദീപക് എന്നിവരാണു പ്രതികള്‍. 150 ലേറെ പേജുകളുള്ള കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ആയിരം പേജുകളില്‍ അനുബന്ധ വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
Tags : Drug dealing cryptocurrency NCB chargesheet