തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ നിരന്തര സമ്മർദം തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആർ) സമയപരിധി ഒരാഴ്ച നീട്ടാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ പ്രേരിപ്പിച്ച പ്രധാന ഘടകമായതായി വിലയിരുത്തൽ.
എസ്ഐആർ ആരംഭിച്ചതു മുതൽ കമ്മീഷൻ എല്ലാ ആഴ്ചയും കേരളത്തിൽ വിളിച്ച യോഗത്തിലെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന്റെ ആവശ്യം മിനിറ്റ്സ് സഹിതം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറിയിരുന്നതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
എസ്ഐആർ കേരളത്തിൽ തുടങ്ങിയ ശേഷം ഇതുവരെ ആറ് ആഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ഡിസംബർ ഒൻപതിന്, എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഷെഡ്യൂൾ നീട്ടിവയ്ക്കണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുടെ പ്രധാന ആവശ്യം. എന്യുമറേഷൻ ഫോമുകൾ പൂരിപ്പിച്ചുനൽകാനുള്ള സമയപരിധി ഡിസംബർ നാലിൽ നിന്നു 11 ലേക്കു മാറ്റിയതിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒൻപതിൽനിന്ന് 16ലേക്കും നീട്ടിയതിലും ഇതു ഘടകമായി.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നായിരുന്നു ആദ്യഘട്ടത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യം കമ്മീഷൻ പരിഗണിച്ചില്ല. എസ്ഐആറിനെതിരേ ഫയൽ ചെയ്ത കേസ് നാളെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. കേരളത്തിനു വേണ്ടിയും കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകേണ്ടി വരും.
എസ്ഐആർ നടക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ വിശ്വാസത്തിൽ എടുത്ത് എല്ലാ ആഴ്ചയും യോഗം വിളിക്കാറുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും കേരളത്തിൽ എല്ലാ ശനിയാഴ്ചയും രാഷ്ട്രീയ പാർട്ടി നേതൃത്വത്തെ എസ്ഐആർ പുരോഗതി അറിയിക്കുകയും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് രത്തൻ കേൽക്കർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. സമയപരിധി നീട്ടാൻ ഇതൊക്കെ ഘടകങ്ങളായിട്ടുണ്ടാകാമെന്നാണ് അദ്ദേഹം പറയുന്നത്.
തെറ്റുകളില്ലാത്ത വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനായി നീട്ടിയ ഒരാഴ്ച സമയപരിധി വിനിയോഗിക്കും. ജില്ലാ കളക്ടർമാർക്കോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കോ ഒരു അപ്പീലുപോലും ലഭിക്കാത്ത വിധം സംശുദ്ധമായി പട്ടിക പ്രസിദ്ധീകരിക്കാൻ ശ്രമിക്കാൻ ഇതുവഴി സമയം ലഭിക്കും.
കണ്ടെത്താനാകാത്തവരിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമോ എന്നതിനായി ബിഎൽഒമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് തല ഏജന്റുമാരും (ബിഎൽഎ) സംയുക്ത യോഗം വീണ്ടും നടത്താനും നിർദേശിച്ചിട്ടുണ്ട്.
ഇതുവഴി അർഹതപ്പെട്ട ആരെങ്കിലും കരട് പട്ടികയിൽ നിന്ന് ഒഴിവാകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാകും. ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, കിടപ്പുരോഗികൾ തുടങ്ങിയവരെ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉൾപ്പെടുത്താൻ അവസാന ആഴ്ച വിനിയോഗിക്കാൻ നിർദേശിക്കും.
Tags : SIR deadline political parties in Kerala SIR Election Commission