വടക്കഞ്ചേരി: നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ രണ്ടിന് ദേശീയപാതയിൽ നടന്ന സംഭവത്തിൽ പ്രതികളെ വടക്കഞ്ചേരി പോലീസ് ചോദ്യം ചെയ്തു വരുകയാണ്.
കഴിഞ്ഞ ഓഴ്ച്ചയായി റോഡിൽ നിര്‍ത്തിയിട്ട വാഹനങ്ങളിൽ നിന്നും ഒരു സംഘം ഡീസൽ മോഷ്ടിക്കുന്നുവെന്ന വ്യാപക പരാതി ഉണ്ടായിരുന്നു. വാളയാർ മുതൽ പ്രതികളെ പിടികൂടാൻ അവിടത്തെ പോലീസ് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല.
പ്രതികൾ സഞ്ചരിച്ച യുപി രജിസ്ട്രേഷനിലുള്ള ലോറിക്ക് വടക്കഞ്ചേരി പോലീസ് കൈകാണിച്ചെങ്കിലും പോലീസ് വാഹനത്തേയും ഇടിച്ചിട്ട് സംഘം നിർത്താതെ പോവുകയായിരുന്നു. പന്നിയങ്കര ടോൾ പ്ലാസയിലെ ഗേറ്റും ഇടിച്ച് തകർത്തായിരുന്നു പോക്ക്.
പിന്നീട് ഇറങ്ങി ഓടിയ അഞ്ചു പേരെയും വാണിയം പാറയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ സ്ഥിരമായി നിർത്തിയിട്ട വണ്ടികളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.