കണ്ണൂര്‍: പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറങ്ങിയശേഷം മറുപടി നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
എല്‍ഡിഎഫിന്റെ വടക്കന്‍ മേഖല ജാഥ കഴിഞ്ഞശേഷം കുഞ്ഞികൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്നാണ് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞത്. നേരത്തേ പാർട്ടി ഫണ്ട് സംബന്ധിച്ച വിവരങ്ങൾ മറ്റുള്ളവരോട് പറയേണ്ടതില്ലെന്ന നിലപാടായിരുന്നു കെ.കെ. രാഗേഷിന്റേത്. ഈ നിലപാടിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. അഞ്ചിന് പാനൂരിലാണ് ജാഥാ സമാപനം.
‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന പേരിൽ പുറത്തിറങ്ങാനിരിക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങിയശേഷം അതിലെ വരവു കണക്കുകള്‍ക്കനുസൃതമായി ചെലവുകണക്കുകള്‍ ഒപ്പിക്കാനുള്ള നീക്കമാണ് പാർട്ടി നേതൃത്വം നടത്തുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് ശരിവയ്ക്കുന്നതിലേക്കാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.
ജില്ലാ കമ്മിറ്റിയുടെ വിശദീകരണം റിപ്പോര്‍ട്ട് ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ കൃത്യമായ കണക്കുകള്‍ വയ്ക്കണമെന്ന് ആവശ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, നേരത്തേ കുഞ്ഞികൃഷ്ണന് ഉന്നയിച്ച ഇക്കാര്യങ്ങളില്‍ ജില്ലാ കമ്മിറ്റി നല്കിയ വിശദീകരണങ്ങളിലും കണക്കുകളുണ്ടായിരുന്നില്ല. അതിനാല്‍ കണക്കുകള്‍ വയ്ക്കാനാകാത്ത അവസ്ഥയായിരുന്നു. ഏരിയ കമ്മിറ്റിയിലും കണക്കുകള്‍ വിശദീകരിക്കാനായില്ല. ഇതിന് പരിഹാരമായാണ് കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങിയതിനുശേഷം വിശദീകരണം നല്കുമെന്നതിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
Tags : Deepika's report Payyanur CPM District Secretary KK Ragesh