തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജ്വലറി ഉടമയായ ഗോവർധനനും റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്.
ഇന്നാണ് ഇരുവരും അറസ്റ്റിലായത്. ഇരുവരേയും നേരത്തെ പലതവണ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരി സിഇഒയായ കന്പനിയായിരുന്നു. ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധനനുമായിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ ആദ്യം അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെ ന്ന് പ്രത്യേക അന്വേഷണ സംഘം പലപ്പോഴായി അറസ്റ്റ് ചെയ്തവരുടെ മൊഴികളിൽ നിന്നു വ്യക്തമായിരുന്നു. ശബരിമലയിൽ നിന്നു കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്.
വേർതിരിച്ച സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ വഴി ബെല്ലിരി ഗോവർധനന്റെ ജ്വലറിയിൽ എത്തിച്ചുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. ബെല്ലാരിയിലെ ജ്വലറിയിൽ നടത്തിയ തെളിവെടുപ്പിൽ 800 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നു. തുടർന്നു തന്ത്രിയുടെ മൊഴി എടുത്തപ്പോൾ ഗോവർധനുമായി അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞിരുന്നു. ഇയാളുടെ ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നും മൊഴി നൽകിയിരുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലിൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ തന്റെ സ്ഥാപനത്തിൽ എത്തിച്ചിട്ടില്ലെന്നും ചെന്പുപൂശിയ പാളികളാണ് എത്തിയതെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ മൊഴി. സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശി നൽകുകയോ ചെയ്തിട്ടില്ലെന്നും മൊഴി നൽകിയിരുന്നു. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസിനേയും ഭണ്ഡാരി കബളിപ്പിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
Tags : Gold theft remand sabarimala