മലപ്പുറം: ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തുന്നത് കടുത്ത നിയമലംഘനമാണെന്നും ഇത്തരം പ്രവണതകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അറിയിച്ചു.
പിസിപിഎൻഡിടി നിയമം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കാനിംഗ് സെന്ററുകൾക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
സ്കാനിംഗ് സെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനായി ഉടമകൾക്കും ജീവനക്കാർക്കും നിയമവശങ്ങളെക്കുറിച്ച് പ്രത്യേക പരിശീലനം നൽകും.
യോഗ്യതയുള്ള ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധനകൾ പാടുള്ളൂ എന്ന് ഉറപ്പുവരുത്താൻ സ്ഥാപനമേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ എട്ട് പുതിയ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയ യോഗത്തിൽ, രജിസ്ട്രേഷൻ നടപടികൾ കൃത്യമായി പാലിക്കണമെന്ന് ഡിഎംഒ ഓർമിപ്പിച്ചു.
കൂടാതെ, ലിംഗനിർണയ പരിശോധനയ്ക്കെതിരെ പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി പ്രധാന കേന്ദ്രങ്ങളിൽ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കും.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, സാമൂഹ്യപ്രവർത്തക ബീന സണ്ണി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സ്കാനിംഗ് സെന്ററുകളുടെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി.
Tags : HealthNews MedicalEthics PCPNDTAct GenderDetermination HealthDepartment