കണ്ണൂർ: ഏച്ചൂർ മാച്ചേരിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച പതിനേഴുകാരി ഉൾപ്പെടെ നാലു പേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞങ്ങാട് സ്വദേശിയായ പതിനേഴുകാരി, കുശാൽ നഗർ സ്വദേശിനിയും കാഞ്ഞങ്ങാട് മൂളിയാറിൽ വാടകയ്ക്ക് താമസിക്കുന്ന സി. മൈമൂന (51), എ.കെ. അബ്ദുൾകലാം (52), ചട്ടഞ്ചാൽ സ്വദേശി ഇബ്രാഹിം സജ്മൽ അർഷാദ് (28) എന്നിവരെയാണു ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കാഞ്ഞങ്ങാടായിരുന്നു സംഭവം.
പോലീസ് പറയുന്നത്: ഏച്ചൂർ മാച്ചേരി സ്വദേശിയായ യുവാവിനോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായ പെൺകുട്ടി യുവാവിനോട് കാഞ്ഞങ്ങാട്ടേക്കു വരാൻ ആവശ്യപ്പെടുകയായിരുന്നു. അവിടെയെത്തിയ യുവാവിനെ ഒരു വീട്ടിലെത്തിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ ഷർട്ട് അഴിച്ച് പെൺകുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി. പണമില്ലെങ്കിൽ സമാന വിലയുള്ള സ്വർണം വേണമെന്നാവശ്യപ്പെട്ടു. അവസാനം ആറു ലക്ഷം ആവശ്യപ്പെട്ടു.
പണം കൈവശമില്ലെന്നും നാട്ടിൽപോയി ബന്ധുക്കളിൽനിന്നു സ്വർണം വാങ്ങി തരാമെന്നും പറഞ്ഞു പ്രതികളെയും കൂട്ടി ചക്കരക്കല്ലിൽ എത്തുകയായിരുന്നു. യുവാവ് ബന്ധുക്കളോടു സംഭവം പറഞ്ഞതോടെ ഇവരുടെ സഹായത്തോടെ ചക്കരക്കൽ പോലീസിൽ വിവരം നൽകുകയായിരുന്നു.
Tags : Honey trap arrested Chakkarakkal police kidnapping Echur Macheri