തിരുവനന്തപുരം: മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം "ടു സീസൺസ്, ടു സ്ട്രേഞ്ചേഴ്സ്’ കരസ്ഥമാക്കി. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. ഷോ മിയാക്കിയാണ് ചിത്രം സംവിധാനം ചെയ്തത്. നിശാഗന്ധിയിൽ നടന്ന മേളയുടെ സമാപന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
മികച്ച സംവിധായകനുള്ള രജതചകോരം അർജന്റീനിയൻ ചിത്രം "ബിഫോർ ദ ബോഡി’യുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും ലഭിച്ചു. നാലു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
അർജന്റീനിയൻ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും ചേർന്ന് ഒരുക്കിയ ഈ സ്പാനിഷ് ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. "ലാ വിദ ട്രാൻക്വില’ എന്ന വെബ് സീരീസിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധേയരായ ഇരുവരുടെയും ചലച്ചിത്ര ലോകത്തെ ശക്തമായ ചുവടുവെപ്പുകൂടിയാണ് ഈ സിനിമ.
പതിനാല് സിനിമകളാണ് ഇത്തവണയും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണ്ണചകോരത്തിനായി മാറ്റുരച്ചത്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസലൂഫ് അധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
Tags : IFFK Golden Circle