കൊല്ലം: കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് കേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ ഔദ്യോഗിക കൂട്ടായ്മയായ ഇന്റർ ചർച്ച് കൗൺസിൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് ഔദ്യോഗിക ക്രിസ്തീയ സഭാനേതൃത്വങ്ങളുമായി ബന്ധപ്പെട്ട് ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊല്ലം സിഎസ്ഐ ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ ചെയർമാൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു.
ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശങ്ങൾക്കുവേണ്ടി ക്രൈസ്തവ സഭകൾ നിലകൊള്ളുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കും ക്രൈസ്തവ ആരാധനാലയങ്ങൾക്കും നേരേ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച യോഗം സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാരുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ക്രിസ്തുശിഷ്യനായ മാർ തോമ്മാ ശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരും ശ്ലൈഹിക പൈതൃകത്തിന്റെ പിന്തുടർച്ചക്കാരുമായ ഇന്ത്യയിലെ ക്രൈസ്തവർ ഈ മണ്ണിന്റെ മക്കൾ തന്നെയാണെന്നു യോഗം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളിൽ യോഗം ആശങ്ക പ്രകടിപ്പിക്കുകയും പീഡനങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
മുനമ്പം ഉൾപ്പെടെ തീരദേശങ്ങളിലുള്ളവരുടെയും വന്യമൃഗശല്യം ഉൾപ്പെടെ മലയോര മേഖലകളിലുള്ള കർഷകരുടെയും പ്രശ്നങ്ങളിൽ സത്വര നടപടികൾ സർക്കാരുകൾ കൈക്കൊള്ളണം.
പൊതുവിദ്യാഭ്യാസ മേഖലയിൽ എയ്ഡഡ് നിയമനങ്ങളിൽ ഭിന്നശേഷി പ്രശ്നവുമായി ബന്ധപ്പെട്ട അധ്യാപക നിയമന പ്രതിസന്ധികൾ ഇതുവരെയും പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ലാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച യോഗം നിയമനം പാസാകാതെയും ശമ്പളമില്ലാതെയും വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഈ വിഷയത്തിൽ സമ്പൂർണ പരിഹാരം ഉടനടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ആവിഷ്കാര സ്വാതന്ത്ര്യ ത്തിന്റെ പേരിൽ ക്രൈസ്തവ അവഹേളനങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും സിനിമകൾ ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക മേഖലകളിലും ചാനൽ ചർച്ചകളിലും കൂടിവരുന്നത് ക്രൈസ്തവസഭകൾ ജാഗ്രതയോടെ കാണുന്നുവെന്നും യോഗം വിലയിരുത്തി.
Tags : Justice J.B. Koshy Commission Report published Inter Church Council