തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് എംഎല്‍എ.
2017ലാണ് പോറ്റിയുടെ വീട്ടില്‍ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന് മാധ്യമങ്ങളോടു പറഞ്ഞു. ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്ക് പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്.
ശബരിമല സ്വാമിയുടെ ഭക്തന് എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. നിര്‍ബന്ധത്തിനു വഴങ്ങി പോലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോയത്. പോറ്റിയില്‍ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ല. പോറ്റി എന്തെങ്കിലും മൊഴി നല്‍കിയതായി എസ്ഐടി അറിയിച്ചിട്ടില്ല. താന്‍ എല്ലാ കാര്യവും അന്വേഷണ സംഘത്തോട് പറഞ്ഞതാണ്. താന്‍ ഉദാരമതികളായ വ്യക്തികളില്‍നിന്നും പാവങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ഥിക്കും. ഭാഗ്യത്തിന് പോറ്റി ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
അതേസമയം പോറ്റിയുമായുള്ള ബംഗളൂരു കൂടിക്കാഴ്ചയെക്കുറിച്ചും പോറ്റിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുമുള്ള ചോദ്യങ്ങളില്‍നിന്നും കടകംപള്ളി സുരേന്ദ്രന് ഒഴിഞ്ഞുമാറി. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Tags : Katakampally Surendran Potty's house participate child's activities Unnikrishnan Potty