Mui Ne , Port Douglas
കൊച്ചി: ഈ വർഷത്തെ പത്തു ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളിൽ കൊച്ചിയും. വിയറ്റ്നാമിലെ മ്യൂയി നെ, ഓസ്ട്രേലിയയിലെ പോർട്ട് ഡഗ്ലസ് തുടങ്ങിയ അന്താരാഷ്ട്ര ഹോട്ട്സ്പോട്ടുകൾക്കൊപ്പമാണ് കൊച്ചി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ആഗോളതലത്തിലെ പ്രമുഖ ഓൺലൈൻ ട്രാവൽ പ്ലാറ്റ്ഫോമായ ബുക്കിംഗ് ഡോട്ട്കോമിന്റെ 2026ലെ വാർഷിക യാത്രാ പ്രവചന റിപ്പോർട്ടിലാണ് കൊച്ചിയുടെ നേട്ടം രേഖപ്പെടുത്തിയത്. പൈതൃകഭംഗിയും കായലുകളുടെ മനോഹാരിതയും ആധുനികതയുള്ള നഗരാനുഭവങ്ങളും സമന്വയിക്കുന്ന ഇടമെന്ന നിലയിലാണു കൊച്ചി ആഗോള ശ്രദ്ധ നേടിയത്.
2026ലെ ആദ്യ പാദത്തിൽ യാത്ര ചെയ്യുന്നതിന് (ജനുവരി –ജൂൺ) ലോകമെമ്പാടുമുള്ള യാത്രികർ ഏറ്റവും കൂടുതൽ തെരഞ്ഞ ഇന്ത്യൻ ഡെസ്റ്റിനേഷനുകളിലെ ടോപ് പത്തിൽ കൊച്ചിയുണ്ട്. താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട തെരച്ചിൽ ഡാറ്റ പ്രകാരം കൊച്ചിയിലേക്കുള്ള തെരച്ചിലുകളിൽ 30 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഇതേ കാലയളവിൽ 40 ശതമാനം വാർഷിക വർധനവോടെ കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ തെരഞ്ഞ മൂന്നാമത്തെ സംസ്ഥാനമായി.
കൊച്ചിയുടെ നേട്ടം സാംസ്കാരികപൈതൃകവും ആധുനികസൗകര്യങ്ങളും ചേർന്ന ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രികരുടെ മുൻഗണനകളിലെ മാറ്റം വ്യക്തമാക്കുന്നതായി ബുക്കിംഗ് ഡോട്ട്കോം ദക്ഷിണേഷ്യാ റീജണൽ മാനേജർ സന്തോഷ് കുമാർ പറഞ്ഞു.
Tags : Kochi trending destinations international hotspots Booking.com travel platform Mui Ne Port Douglas