തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു. ഒന്നര ലക്ഷത്തോളം പേർ പത്രിക നൽകിയതായാണ് പ്രാഥമിക കണക്ക്. ശനിയാഴ്ച സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും.
ഇതിനുശേഷമെ അന്തിമ ചിത്രം തെളിയൂ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാം.
സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർഥികളുടേയും നാമനിർദേശ പത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവർക്ക് ലഭിക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും.
തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക പരസ്യപ്പെടുത്തും.
Tags : local body election nomination ldf udf bjp