ചാത്തന്നൂർ: കാലാവധി കഴിഞ്ഞ ഓടിത്തളർന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു.
നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷംകൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2016-നു മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷവുമായിരുന്നു. അതു കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു.
കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായി ഉയർത്തിയാണ് 12ഉം 15-ഉം വർഷമാക്കിയത്.
ആദ്യഘട്ടത്തിൽ വിവിധ ഡിപ്പോകളിൽനിന്നുള്ള 54 സൂപ്പർ ഫാസ്റ്റുകൾ നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി മറ്റ് ഡിപ്പോകൾക്ക് നൽകും.
ഷെഡ്യൂൾ നടത്താൻ ഫാസ്റ്റ് പാസഞ്ചറുകൾ തികയാത്ത ഡിപ്പോകൾക്കാണ് ഇത്തരം ബസുകൾ കൈമാറുന്നത്. കൈമാറാനുള്ള ബസുകൾ നിശ്ചയിച്ച് യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
ഗണേഷ്കുമാർ മന്ത്രിയായശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽനിന്നുള്ള പ്ലാൻ ഫണ്ട് ഉപയോഗിച്ച് 360 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തു. ഈ ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാകുന്നതേയുള്ളൂ. ആ സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്.
Tags : Super Fast Fast Passenger KSRTC Service