Viral
നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ ജനങ്ങൾ തെരുവിലിറങ്ങുന്ന അപൂർവ്വ കാഴ്ചയ്ക്കാണ് കർണാടക സാക്ഷ്യം വഹിക്കുന്നത്. 10 വർഷത്തിലേറെയായി നിരോധനം നിലനിൽക്കുന്ന ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ പരസ്യങ്ങൾ സർക്കാർ ബസുകളിൽ തന്നെ പ്രത്യക്ഷപ്പെട്ടതാണ് വലിയൊരു ജനകീയ പ്രതിഷേധത്തിന് വഴിതുറന്നത്.
2013-ൽ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് കർണാടകയിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിതരണവും വിൽപനയും കർശനമായി നിരോധിച്ചത്.
എന്നാൽ നിയമം നടപ്പിലാക്കേണ്ട അധികാരികൾ തന്നെ വരുമാനത്തിനായി ലഹരി പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് 2026 ജനുവരി മാസത്തിൽ സംസ്ഥാനത്തെ യുവതലമുറയും സ്ത്രീകളും ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ തീരുമാനിച്ചത്.
പൊതുഗതാഗത സംവിധാനങ്ങളിൽ പതിച്ചിട്ടുള്ള പുകയില പരസ്യങ്ങൾ ജനങ്ങൾ തന്നെ നേരിട്ട് കീറിയെറിയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒരു വീഡിയോയിൽ, രണ്ട് സ്ത്രീകൾ ചേർന്ന് ഒരു സർക്കാർ ബസിലെ ഗുഡ്ക പരസ്യം ആവേശത്തോടെ നീക്കം ചെയ്യുന്നത് കാണാം.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി. അധികാരികളുടെ അനാസ്ഥയ്ക്കെതിരെ ജനങ്ങൾ നടത്തുന്ന ഈ പോരാട്ടത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വൻതോതിൽ അഭിനന്ദിക്കുന്നുണ്ട്.
ലഹരി വസ്തുക്കൾ വിൽക്കുന്നത് നിരോധിക്കുകയും എന്നാൽ അവയുടെ പ്രചാരണത്തിലൂടെ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള പ്രതികരണങ്ങൾ ആവശ്യമാണെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നിയമം നടപ്പിലാക്കാൻ അധികൃതർ മടിക്കുമ്പോൾ സ്വന്തം ആരോഗ്യവും വരുംതലമുറയുടെ സുരക്ഷയും മുൻനിർത്തി ജനങ്ങൾ തന്നെ കടിഞ്ഞാൺ ഏറ്റെടുക്കുന്ന ഈ രീതി സാമൂഹിക മാറ്റത്തിന്റെ പുതിയൊരു മുഖമാണ് തുറന്നുകാട്ടുന്നത്.
Kerala
കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവ അവധി ഗൗരവമുള്ള വിഷയമെന്നു ഹൈക്കോടതി. കെഎസ്ആര്‍ടിസിയില്‍ ആര്‍ത്തവ അവധി നയം രൂപീകരിക്കാനാകുമോയെന്ന കാര്യത്തില്‍ ജസ്റ്റീസ് എന്‍. നഗരേഷ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
കെഎസ്എസ്ആറില്‍ ഇത്തരം വ്യവസ്ഥയില്ലെന്നും അവധി അനുവദിക്കാനാകില്ലെന്നുമായിരുന്നു സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
എന്നാല്‍, ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നയം സംസ്ഥാനത്തു പരിഗണിക്കാമോയെന്നതില് നിലപാട് അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കെഎസ്ആര്‍ടിസി ഇരട്ട ഡ്യൂട്ടി സമ്പ്രദായം പിന്തുടരുന്നുണ്ടെന്നും കണ്ടക്ടര്‍മാര്‍ പ്രതിദിനം 14 മുതല്‍ 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നുമാണ് വനിതാ കണ്ടക്ടര്‍മാരായ ഹര്‍ജിക്കാരുടെ അഭിഭാഷകന് വാദിച്ചത്.
അതിനാല്‍ വനിതാ കണ്ടക്ടര്‍മാര്‍ക്ക് രണ്ടു ദിവസത്തെ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം.
Kerala
തിരുവനന്തപുരം: അബദ്ധത്തിൽ പോലും മുൻ മേയർ ആര്യ രാജേന്ദ്രനെ കാണരുതേയെന്ന് പ്രാർഥനയോടെയാണ് മുന്നോട്ടുപോകുന്നതെന്ന് മുൻ കെഎസ്ആർടിസി ജീവനക്കാരൻ യദു. കെഎസ്ആർടിസിയിലെ ജോലി നഷ്ടമായതിനെ തുടർന്ന് നിലവിൽ ഓൺലൈൻ ഭക്ഷണ വിതരണം ചെയ്യുകയാണ് യദു.
2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ വാക്കേറ്റമുണ്ടായത്.
മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പിന്നാലെ യദുവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ യദുവിന് സാധിച്ചില്ല.
ഇതേ തുടർന്നാണ് കുടുംബം നോക്കാൻ യദു ഓൺലൈൻ ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുന്നത്. സ്വകാര്യ ബസുകളിൽ ജോലി നോക്കിയെങ്കിലും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ എപ്പോഴും തന്റെ വാഹനം പിടികൂടിയിരുന്നതായി യദു പറയുന്നു.
ഇതോടെ ബസ് ഉടമകളും ഒഴിവാക്കാൻ തുടങ്ങി. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു. വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാർഥനയെന്നും യദു പറയുന്നു.
കണ്ടാൽ വീണ്ടും പുതിയ കള്ളക്കേസ് വല്ലതും കൊടുത്താൽ ഇനിയും ദുരിതത്തിലാകുമെന്നാണ് യദുവിന്റെ ആരോപണം. നിലവിൽ ആര്യയുടെ വീട് ഉൾപ്പെടുന്ന മുടവൻമുകൾ ഭാഗത്താണ് യദു ഭക്ഷണവിതരണം നടത്തുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാൽ മേയറുടെ ഡ്രൈവറായി തന്നെ നിയമിക്കുമെന്നെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രചാരണം നടന്നിരുന്നതായി യദു പറയുന്നു. എന്നാൽ ഔദ്യോഗികമായി ഒരു വിളിയും വന്നിട്ടില്ലെന്നും ജോലിക്കുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും യദു വ്യക്തമാക്കി.
Kerala
ആലപ്പുഴ: മാവേലിക്കരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തിരുവല്ല സ്വദേശി മിഥുൻമോൻ, മാവേലിക്കര സ്വദേശി ദേവപ്രസാദ് എന്നിവരാണ് കേസിൽ പിടിയിലായത്.
മാവേലിക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കാണ് മർദനമേറ്റത്. ബസിനെ മറികടക്കുന്നത് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കെഎസ്ആർടിസി കണ്ടക്ടറുടെ കളക്ഷൻ ബാഗ് തട്ടിത്തെറിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
ഞായറാഴ്ച ഉച്ചയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കുമ്പോഴായിരുന്നു സ്വകാര്യ ബസ് വട്ടം നിർത്തുകയും ജീവനക്കാർ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും ചെയ്തത്.
പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
കൊല്ലം: ഇടത് സർക്കാർ കെഎസ്ആർടിസിയെ ലാഭത്തിലാക്കിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. കാലോചിതമായ പരിഷ്ക്കാരങ്ങളിലൂടെ സംസ്ഥാന സർക്കാരിന് കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സാധിച്ചെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അടിസ്ഥാന സൗകര്യ മേഖലയിലെ വിപുലീകരണം പൊതുഗതാഗത സംവിധാനങ്ങളെയും മെച്ചപ്പെടുത്തും. കെഎസ്ആർടിസിയുടെ വരുമാന വർധനവിനും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിജയിച്ചുവെന്നും ബാലഗോപാൽ പറഞ്ഞു.
ഇടിസി അങ്കണവാടി ജംഗ്ഷൻ മുതൽ കൊട്ടാരക്കര വരെയും തിരിച്ചും സർവീസ് നടത്തുന്ന സർക്കുലർ മിനി ബസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ. ബാലഗോപാൽ. ഇടിസി ജംഗ്ഷനും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പുതിയ സ്ഥാപനങ്ങളിലേക്കെത്താൻ സാധിക്കും വിധമാണ് പുതിയ ബസ് സർവീസ് നടപ്പാക്കിയതെന്നും മന്ത്രി അറിയിച്ചു.
ഇടിസി ജംഗ്ഷൻ, തോട്ടമുക്ക്, നവോദയ, കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ, കൊട്ടാരക്കര ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ രാവിലെയും വൈകിട്ടുമായാണ് ബസ് സർവീസ്.
Kerala
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ എല്ലാ സർവീസുകളും സർവീസ് റോഡു വഴി പോകണമെന്ന് രണ്ടാമതും ഉത്തരവ്. ആദ്യം ഇത്തരത്തിൽ ഉത്തരവ് നല്‍കിയിട്ടും ഡ്രൈവർമാർ ഉത്തരവ് അനുസരിക്കാതെ ഉയരപാതവഴി പാഞ്ഞു പോകുന്നതു വലിയ പരാതികൾക്കിടയാക്കിയതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും താക്കീതോടെ ഉത്തരവിറക്കിയത്. സർവീസ് റോഡ് വഴി പോയില്ലെങ്കിൽ കർശന ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
കെഎസ്ആർടി സി ബസുകൾ ഉയരപാതയിലൂടെ പോകുമ്പോൾ യാത്രക്കാരെ കയറ്റാനോ ഇറക്കാനോ കഴിയില്ല. വെറുതേ ബസ് ഓടിക്കുന്നതിനു തുല്യമാണ് ഇത്. ടിക്കറ്റ് ചാർജ് ഇനത്തിൽ ലഭിക്കേണ്ട ലക്ഷങ്ങളാണ് ഇതു വഴി നഷ്ടമാകുന്നത്.
യാത്രക്കാർ സർവീസ് റോഡുകളിലെ ബസ്സ്റ്റോപ്പുകളിലാണ് ബസ് കാത്തു നില്‍ക്കുന്നത്. സർവീസ് റോഡിലൂടെ ബസ് വരാതാകുമ്പോൾ യാത്രക്കാർ സമാന്തര സർവീസ് പോലെയുള്ള വാഹനങ്ങളെ ആശ്രയിക്കും. ഇത്തരം വാഹനങ്ങൾ കെഎസ്ആർടിസിയുടെ ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ തുകയാണ് യാത്രാ കൂലിയായി വാങ്ങുന്നത്. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമാണ്. സാമ്പത്തിക ലാഭവും ഉണ്ടാക്കി കൊടുക്കുന്നു. ഉയരപാതയിലൂടെ കാലിയായി ഓർഡിനറി ബസുകളും ലോക്കൽ ഫാസ്റ്റുകളും പോകുമ്പോൾ നഷ്ടം കെഎസ്ആർടിസിക്ക് മാത്രം.
സർവീസ് റോഡിലെ സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാത്തതുമൂലം, യാത്രക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിഎംഡിയെ ഒന്നാം പ്രതിയാക്കി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ പരാതികളെത്തുന്നുണ്ട്. ഇതു കെഎസ്ആർടിസിക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. യാത്രക്കാർക്ക് നഷ്ടപരിഹാരം വിധിച്ചാൽ അത് ജീവനക്കാരിൽനിന്ന് ഈടാക്കി നൽകാനാണ് മാനേജ്മെന്റ് നീക്കം.
Kerala
നെടുമങ്ങാട്: പാൻട്രിയും ടോയ്ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.
ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു
കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബസിൽ കുടിവെള്ളം
വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
Kerala
കാസർഗോഡ്: കെഎസ്ആർടിസി ബസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് റോഡിൽ അഭ്യാസം കാണിച്ചു കാർ യാത്രക്കാരൻ. ഞായറാഴ്ച വൈകിട്ട് കോട്ടയത്തേക്കു പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനെയാണ് കാർ ഡ്രൈവർ വലച്ചത്. മറികടന്നു പോകാൻ സൈഡ് നാൽകാതെ മനപ്പൂർവം ബസിനു മുന്നിൽ വെട്ടിച്ചും തിരിച്ചും കാർ പായിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനമെന്നു പറയുന്നു. അഞ്ച് കിലോ മീറ്റർ ദൂരം ഇങ്ങനെ ബസിന്റെ മുന്നിൽ കാറോടിച്ചു. സംഭവത്തിൽ ജീവനക്കാർ നീലേശ്വരം പോലീസിൽ പരാതി നൽകി.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് (ബിടിസി) മികച്ച നേട്ടം. 2023-24 സാമ്പത്തികവർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു.
നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്കരിച്ചു വിജയകരമായി നടപ്പാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തനലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിനകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി രണ്ടു മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ 2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്കൂളുകളെയും കോളജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.
തീർഥാടന ടൂറിസം പാക്കേജുകളിൽ പുതുതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്.
Kerala
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് ഉടൻ നിരത്തിലിറങ്ങുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
സ്ത്രീകൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരത്താണ് ആദ്യ സർവീസ് ആരംഭിക്കുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാൽ കൊച്ചിയിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കും.
ഇതിലെ ജീവനക്കാരും സ്ത്രീകളായിരിക്കും. സ്ത്രീ സൗഹൃദ ബസിന് പിങ്ക് നിറമാണ് നല്‍കുന്നത്. കെഎസ്ആർടിസി മുൻ മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യത്തിന്റെ ആശയമാണ് പിങ്ക് ബസ്.
Kerala
തിരുവനതപുരം: തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി അപകടം. നന്ദിയോട് സ്വദേശി നിഖിലിന് ആണ് അപകടത്തിൽ പരിക്കേറ്റത്. പാലോട് ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയ്ക്ക് ആയിരുന്നു അപകടം സംഭവിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു നിഖിൽ. ഈ സമയം മുന്നിലുണ്ടായിരുന്ന പോലീസ് വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ നിഖിൽ അപകടം ഒഴിവാക്കാനായി ബൈക്ക് വെട്ടിച്ചുമാറ്റി. ഇതോടെ നിഖിലിന്റെ ബൈക്ക് എതിർദിശയിൽ വന്ന ബസിനടിയിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി ബസിന്റെ മുൻചക്രം നിഖിലിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ വയയ്ക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരേ ദിശയിൽ വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ഓർഡിനറി ബസും എതിർദിശയിൽവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപെട്ടത്.
ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് അപകമുണ്ടായത്. കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് നിർത്തിയിട്ടിരുന്ന ഓർഡിനറി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെയാണ് അപകടം. ബസ് എതിരെവന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
അഗ്നിരക്ഷാ സേനയും പോലീസും എത്തിയതിനു പിന്നാലെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ബസിന്റെ ഡ്രൈവറെയും ടാങ്കർ ലോറിയുടെ ഡ്രൈവരെയും പുറത്തെടുത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെയാണ്
അപകടമുണ്ടായത്.
നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കോഴിക്കോട്: നിയമന രീതികളില്‍ പ്രഫഷണലിസം കൊണ്ടുവരാനുള്ള നീക്കവുമായി കെഎസ്ആര്‍ടിസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ തെരഞ്ഞെടുപ്പിനും നിയമനത്തിനുമായി കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ യോഗ്യതയും നിയമന രീതിയും വ്യക്തമാക്കുന്ന റെഗുലേഷന്‍സ് 2026 കരടുരേഖയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി.
നിലവിലുണ്ടായിരുന്ന നിയമന ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ പരിഷ്കാരം നടപ്പിലാക്കാനുള്ള തീരുമാനം. പബ്ലിക് സര്‍വീസ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് വരുത്തിയ ഭേദഗതികളോടെയാണ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നത്.
കോര്‍പറേഷനിലെ പ്രധാനപ്പെട്ട ടെക്നിക്കല്‍, അഡ്മിനിസ്ട്രേഷന്, ഓപറേഷന്‍സ്, വിജിലന്‍സ് വിഭാഗങ്ങളിലെ നിയമനങ്ങളിലും യോഗ്യതയിലുമാണ് മാറ്റം വരുത്തുന്നത്. പ്രധാനമായും സ്ഥാനക്കയറ്റം വഴി നിയമനം നടത്തും. യോഗ്യരായ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഡെപ്യൂട്ടേഷന് വഴിയുള്ള നിയമനവും പരിഗണിക്കും. പക്ഷേ യോഗ്യത ഉറപ്പാക്കുമെന്ന് കരട് രേഖയില്‍ വ്യക്തമാക്കുന്നു.
ടെക്നിക്കല്‍ വിഭാഗത്തില്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ തസ്തികയില്‍ നിന്നുള്ള പ്രമോഷന് വഴി നിയമിക്കപ്പെടുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള റെഗുലര്‍ ബി.ടെക് (മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍) ബിരുദം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അഡ്മിനിസ്ട്രേഷന് വിഭാഗത്തില്‍ ചീഫ് പേഴ്സണല്‍ മാനേജര്‍ അല്ലെങ്കില്‍ മാനേജര്‍ (അക്കൗണ്ട്സ്) തസ്തികയിലുള്ളവര്‍ക്ക് എച്ച്ആര്‍ അല്ലെങ്കില്‍ ഫിനാന്‍സില്‍ റെഗുലര്‍ എംബിഎ ഉണ്ടായിരിക്കണം. ഓപറേഷന്‍സ് വിഭാഗത്തില്‍ ചീഫ് ട്രാഫിക് മാനേജര്‍ തസ്തികയില്‍ നിന്നുള്ളവര്‍ക്ക് ബി.ടെക് ബിരുദവും ഓപറേഷന്‍സ്, എച്ച്ആര്‍, ഫിനാന്‍സ് എന്നിവയിലേതെങ്കിലും ഒന്നില്‍ എംബിഎ ബിരുദവും ഉണ്ടായിരിക്കണം. മുമ്പ് യോഗ്യത നോക്കാതെ എടിഒമാരെ വരെ നിയമിച്ചിരുന്ന തസ്തികയാണിത്.
വിജിലന്‍സ് വിഭാഗത്തില്‍ ചീഫ് പേഴ്സണല്‍ മാനേജര്‍, ചീഫ് ട്രാഫിക് മാനേജര്‍ തുടങ്ങി വിവിധ തസ്തികയിലുള്ളവര്‍ക്ക് എംബിഎ കൂടാതെ എല്‍എല്‍ബി ബിരുദവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
യോഗ്യരായ ഉദ്യോഗസ്ഥരെ ലഭിക്കാത്ത പക്ഷം ഡെപ്യൂട്ടേഷന് വഴി നിയമനം നടത്തുമ്പോള്‍ ചുരുങ്ങിയത് 15 വര്‍ഷത്തെ പ്രവൃത്തിപരിചയം പരിഗണിക്കും. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസായി നിശ്ചയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പ്രവര്‍ത്തനം മാനേജിംഗ് ഡയറക്ടര്‍ വര്‍ഷംതോറും വിലയിരുത്തുകയും റിപ്പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡിന് സമര്‍പ്പിക്കുകയും വേണം.
District News
കൽപ്പറ്റ: കെഎസ്ആർടിസി ഡിപ്പോയിൽനിന്നു പുതിയ രണ്ട് സർവീസ് തുടങ്ങി. കൽപ്പറ്റയിൽനിന്നു ഉച്ചയ്ക്ക് 1.40ന് മേപ്പാടി അരപ്പറ്റ ഡിഎം വിംസ് ആശുപത്രിയിലേക്കും അവിടെനിന്നു മൂന്നിനു പുറപ്പെട്ട് കൽപ്പറ്റ, മെഡിക്കൽ കോളജ് വഴി കോഴിക്കോട് എത്തി രാത്രി 9.45ന് ഡിഎം വിംസ് ആശുപത്രിയിൽ തിരിച്ചെത്തുന്ന വിധത്തിലാണ് ഒരു സർവീസ്.
കോഴിക്കോട്-മാനന്തവാടി റൂട്ടിലാണ് രണ്ടാമത്തേത്. പുലർച്ചെ 4.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിധത്തിലാണ് ഇത്. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എടിഒ രാജേഷ്, ജനറൽ സിഐ മോഹനൻ, എഡ്വിൻ അലക്സ്, മുജീബ് റഹ്മാൻ, സി. അഷറഫ്, സാഹിർ അലി എന്നിവർ പങ്കെടുത്തു. പുതിയ രണ്ട് സർവീസും യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണെന്ന് എംഎൽഎ പറഞ്ഞു.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസുകളുടെ ചേയ്സ് പൊട്ടുന്നത് തുടർക്കഥയാവുന്നു. നാല് വർഷം മാത്രം പഴക്കമുള്ള അഞ്ച് ബസുകളുടെ ചേയ്സാണ് അടുത്തിടെ പൊട്ടിയത്. കുറച്ചു നാൾ മുൻപ് ഒരു ബസിന്റെ ചെയ്സ് പൊട്ടിയപ്പോൾ വലിയ മാധ്യമശ്രദ്ധ ഉണ്ടാവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ബസ് തിരുവനന്തപുരത്തെ സെൻട്രൽ വർക്ക് ഷോപ്പിലേയ്ക്ക് മാറ്റിയിരുന്നു.
ബസ് നിർമാതാക്കളായ കമ്പനി പുതിയ ചെയ്സ് നല്‍കിയെന്ന് കെ-സ്വിഫ്റ്റ് അധികൃതർ പറഞ്ഞു. ഇപ്പോൾ ഗുരുതരമായ ചെയ്സ് പൊട്ടൽ കണ്ടെത്തിയിരിക്കുന്നത് കെഎസ് 86 എന്ന നമ്പരുളള ബസിലാണ്. തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് എയർബസാണ് ഇത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നറിഞ്ഞിട്ടും ബോധപൂർവം അത് വിസ്മരിച്ചുകൊണ്ടാണ് അധികൃതരുടെ നടപടി.
വയനാടൻ ചുരങ്ങളിലൂടെ ഉൾപ്പെടെ ദുർഘടം നിറഞ്ഞ റോഡുകളിലൂടെയാണ് സൂപ്പർ ഡീലക്സ് എയർ ബസിന്റെ യാത്ര. തകരാര്‍ പരിഹരിക്കാതെ അത് രഹസ്യമാക്കി വച്ചു കൊണ്ടാണ് ഇപ്പോഴുംസര്വീസ് നടത്തുന്നത്. യാത്രക്കാരുടെ ജീവൻ പണയം വച്ചു കൊണ്ടുള്ള യാത്രയിൽ ജീവനക്കാരും ആശങ്കാകുലരാണ്. നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ബസിനുള്ളത്.
ഇതേ സീരീസില്‍ വാങ്ങിയ കെ എസ്-16, കെ എസ് -18, കെ എസ്-30 എന്നീ ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഈ സീരീസിൽ വാങ്ങിയ ബസുകളുടെ ചേയ്സുകൾ തകരുന്നത് ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചിട്ടില്ല. അശോക് ലെയ്ലന്റ് കമ്പനിയുടേതാണ് ബസുകൾ. ചെയ്സ് പൊട്ടിയത് ഗ്യാസ് വെൽഡ് ചെയ്ത് ബലപ്പെടുത്തുമെന്നാണ് കെ-സ്വിഫ്റ്റ് അധികൃതർ നൽകുന്ന വിശദീകരണം.
കെ-സ്വിഫ്റ്റ് ബസുകൾ കിലോമീറ്റർ വാടക അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്ക് വേണ്ടി ഓടുന്നതാണ്. മിക്കതും ദീർഘ ദൂര സർവീസുകളും സൂപ്പർ ക്ലാസ് ബസുകളുമാണ്. സുരക്ഷിതയാത്ര എന്ന കെഎസ്ആർടിസിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം ബസുകൾ. ബസ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് ടിഡിഎഫ് അന്ന് വിജിലൻസിന് പരാതി നല്‍കിയിരുന്നു. പക്ഷേ അതിൽ ഒരു അന്വേഷണവും ഉണ്ടായില്ല.
ആന്റണി രാജു ഗതാഗത മന്ത്രിയും ബിജു പ്രഭാകര്‍ സിഎംഡിയുമായിരുന്ന കാലത്താണ് ഈ ബസെല്ലാം വാങ്ങിയത്.
Kerala
ചാത്തന്നൂർ: മദ്യപിച്ച് ഡ്യൂട്ടി ചെയ്തതിനു നടപടി നേരിട്ടവരെ തിരിച്ചെടുക്കാൻ കെഎസ്ആർടിസി. നടപടി നേരിട്ടിട്ടുള്ള എല്ലാ വിഭാഗം ബദലി ജീവനക്കാരിൽനിന്ന് 5,000 രൂപ വീതം പിഴ ഈടാക്കി തിരികെ ജോലിയിൽ പ്രവേശിപ്പിക്കും.
പിഴ അടയ്ക്കുന്ന മുറയ്ക്ക് ഇവർക്കു ജോലിയിൽ പ്രവേശിക്കാം. ഡ്രൈവർ ക്ഷാമം നേരിടുന്ന കെഎസ്ആർടി സിക്കു നിലവിലുള്ള ബദലി ഡ്രൈവർമാരെ ഒഴിവാക്കിയാൽ സർവീസുകളാകെ താളം തെറ്റും. സർവീസുകൾ കൃത്യമായി നടത്താനും വരുമാനവർധനയ്ക്കു ബദലി ജീവനക്കാർ അത്യാവശ്യ ഘടകമാണ്.
വിജിലൻസ് വിഭാഗം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് പിഴ അടയ്ക്കുന്നവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിറക്കിയത്. കെഎസ്ആർടിസിയിൽനിന്ന് ഇതുവരെ 650ഓളം ഡ്രൈവർമാരെയാണു പുറത്താക്കിയിട്ടുള്ളത്.
Kerala
ചാത്തന്നൂർ: കാലാവധി കഴിഞ്ഞ ഓടിത്തളർന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റുകൾ പെയിന്റ് മാറ്റി ഫാസ്റ്റ് പാസഞ്ചർ സർവീസിന് ഒരുക്കുന്നു.
നിലവിൽ സൂപ്പർ ഫാസ്റ്റിന്റെ കാലാവധി 12 വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് 15 വർഷവുമാണ്. 12 വർഷം കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ മൂന്നു വർഷംകൂടി ഫാസ്റ്റ് പാസഞ്ചറായി ഓടിക്കാനാണ് കെഎസ്ആർടിസിയുടെ നീക്കം. ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
2016-നു മുമ്പ് സൂപ്പർ ഫാസ്റ്റുകളുടെ കാലാവധി അഞ്ച് വർഷവും ഫാസ്റ്റ് പാസഞ്ചറിന്റേത് ഏഴു വർഷവുമായിരുന്നു. അതു കഴിഞ്ഞാൽ പിന്നീട് ഈ ബസുകൾ ഓർഡിനറി സർവീസ് ആക്കുമായിരുന്നു.
കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങാതായതോടെ നിലവിലെ സൂപ്പർ, ഫാസ്റ്റ് പാസഞ്ചർ സർവീസുകളുടെ കാലാവധി രണ്ടു ഘട്ടമായി ഉയർത്തിയാണ് 12ഉം 15-ഉം വർഷമാക്കിയത്.
ആദ്യഘട്ടത്തിൽ വിവിധ ഡിപ്പോകളിൽനിന്നുള്ള 54 സൂപ്പർ ഫാസ്റ്റുകൾ നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കി മറ്റ് ഡിപ്പോകൾക്ക് നൽകും.
ഷെഡ്യൂൾ നടത്താൻ ഫാസ്റ്റ് പാസഞ്ചറുകൾ തികയാത്ത ഡിപ്പോകൾക്കാണ് ഇത്തരം ബസുകൾ കൈമാറുന്നത്. കൈമാറാനുള്ള ബസുകൾ നിശ്ചയിച്ച് യൂണിറ്റ് ഓഫീസർമാർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.
ഗണേഷ്കുമാർ മന്ത്രിയായശേഷം പുതിയ ബസുകൾ വാങ്ങാൻ തുടങ്ങി. സർക്കാരിൽനിന്നുള്ള പ്ലാൻ ഫണ്ട് ഉപയോഗിച്ച് 360 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തു. ഈ ബസുകൾ കെഎസ്ആർടിസിക്ക് ലഭ്യമാകുന്നതേയുള്ളൂ. ആ സാഹചര്യത്തിലാണ് കാലാവധി കഴിഞ്ഞ സൂപ്പർ ഫാസ്റ്റുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്.
Kerala
പേരൂർക്കട: റോഡ് മുറിച്ചുകടന്ന കാൽനടയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കെഎസ്ആർടിസി ബസും രണ്ടു കാറും ഒരു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനു സമീപത്തെ പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 9.30 ഓടു കൂടിയായിരുന്നു അപകടം.
നാലു വാഹനങ്ങളും എം.സി റോഡിൽ നാലാഞ്ചിറ ഭാഗത്തേക്ക് പോകുകയായിരുന്നു. പൊടുന്നനെ കാൽനടയാത്രികൻ കുറുകെ ചാടിയതുകണ്ട് ഇരുചക്ര വാഹനം ഓടിച്ചിരുന്നയാൾ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന ബിഎംഡബ്ല്യു കാർ ഇരുചക്രവാഹന യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. കൈക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ബിഎംഡബ്ല്യു കാറിനു പിന്നിൽ ടാറ്റ പഞ്ച് കാർ വന്നിടിക്കുകയായിരുന്നു. കാറുകൾ സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിറകെ വരികയായിരുന്ന വികാസ് ഭവൻ ഡിപ്പോയിലെ ബസ് ടാറ്റാ പഞ്ച് കാറിനു പിന്നിലിടിച്ചു. മൂന്നു വാഹനങ്ങളും തകർന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗവും തകർന്നു.
മണ്ണന്തല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹന യാത്രികന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് വയോധികയ്ക്ക് പരിക്ക്. ആനാരി സ്വദേശിനി നബീസ(78) ആണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടമുണ്ടായത്.
പരിക്കേറ്റ നബീസയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിപ്പാട് സ്റ്റോപ്പിൽ ബസ് നിർത്തിയതോടെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. എന്നാൽ യാത്രക്കാർ ഇറങ്ങി കഴിയും മുൻപേ ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം.
ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ നബീസ റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതോടകം പുറത്തുവന്നിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നബീസയുടെ കുടുംബം ആരോപിച്ചു.
സംഭവത്തിൽ നബീസയുടെ കുടുംബം ഹരിപ്പാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
CAREER DEEPIKA
കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിതാ ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ വ്യവസ്ഥയിൽ ദിവ സവേതന നിയമനമാണ്. 50 ഒഴിവ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ്/തത്തുല്യ ജയം, ഹെവി ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്. തെരഞ്ഞടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ആരോഗ്യം ഉണ്ടായിരിക്കണം.
പ്രായപരിധി: HPV ലൈസൻസുള്ളവർക്കു 45 വയസും LMVലൈസൻസുള്ളവർക്കു 30 വയസുo. ശമ്പളം: 8 മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ.
അധിക മണിക്കൂറിനു 130 രൂപ അലവൻസായി നൽകും. തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് മുഖേന.
www.cmd.kerala.gov.in
Kerala
തിരുവനന്തപുരം: കെസ്ആർടിസി ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം അപകടങ്ങൾ പതിവാകുകയാണെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു പരാതി സമഗ്രമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റീ സ് അലക്സാണ്ടർ തോമസ്.
കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ) ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുക്കണം. അപകടങ്ങൾ വർധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിച്ച് അവ ഒഴിവാക്കാനുള്ള പ്രായോഗിക നിർദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ നൽകണം.
യോഗത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെഎസ്ആർടിസി എംഡി, റോഡ് സുരക്ഷാ കമ്മീഷണർ, ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ) എന്നിവർ ഒരു മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണു നടപടി.
District News
കാഞ്ഞങ്ങാട്: വിനോദയാത്രകൾക്കും വിവാഹ-തീർഥാടന ട്രിപ്പുകൾക്കും മാത്രമായി ഉപയോഗിക്കാൻ കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിൽ പുതിയ ബസ് എത്തി. മഞ്ഞയും പച്ചയും നിറങ്ങളിലുള്ള പുതിയ സ്പെഷൽ സർവീസ് ബസ് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു.
ചെമ്മട്ടംവയലിലെ കെഎസ്ആർടിസി സബ് ഡിപ്പോയിൽ നടന്ന ചടങ്ങിൽ അസി. ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി. സേവ്യർ അധ്യക്ഷത വഹിച്ചു. ബജറ്റ് ടൂറിസം സെൽ കോ-ഓർഡിനേറ്റർ കെ. പ്രദീപ് കുമാർ, അസി. ഡിപ്പോ എൻജിനിയർ വി.എച്ച്. ദാമോദരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.എ. കൃഷ്ണൻ, പി. നന്ദകുമാർ, പി. രാജു, ബജറ്റ് ടൂറിസം സർവീസുകളിലെ പതിവു യാത്രക്കാരുടെ പ്രതിനിധികളായ രാധാകൃഷ്ണൻ, ജയരാജൻ എന്നിവർ പങ്കെടുത്തു.
തുടർന്ന് നഗരസഭാ ഓഫീസിനു മുന്നിൽ കൗൺസിലർമാരുടെയും ജീവനക്കാരുടെയും പൊതുപ്രവർത്തകരുടെയും നേതൃത്വത്തിൽ ബസിന് സ്വീകരണം നൽകി.
കാഞ്ഞങ്ങാട് ഡിപ്പോയിൽ 2024 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസം സെൽ ഇതുവരെ 50 ലക്ഷം രൂപയുടെ അധിക വരുമാനം ഡിപ്പോയ്ക്ക് നേടിക്കൊടുത്തിട്ടുണ്ട്.
ഏകദിന വിനോദയാത്രകളും ദീർഘദൂര യാത്രകളും വിവാഹ-തീർഥാടന ട്രിപ്പുകളുമുൾപ്പെടെ 152 സ്പെഷൽ ട്രിപ്പുകളിൽ നിന്നാണ് ഇത്രയും വരുമാനം നേടിക്കൊടുത്തത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലുൾപ്പെടെ വിപുലമായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്.
ഇതുവഴി ആനവണ്ടി യാത്രകൾക്ക് ഫാൻസ് ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. കൂടുതൽ ഭംഗിയും സൗകര്യങ്ങളുമുള്ള പുതിയ ബസ് കൂടി എത്തിയതോടെ കെഎസ്ആർടിസി ബസിലെ വിനോദയാത്രകൾക്ക് കൂടുതൽ ജനപങ്കാളിത്തവും വരുമാനവും നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
കാഞ്ഞങ്ങാട് നഗരത്തിൽ കെഎസ്ആർടിസിയുടെ സർക്കുലാർ സർവീസ്
കാഞ്ഞങ്ങാട്: ആലാമിപ്പള്ളിയിലെ പുതിയ ബസ്സ്റ്റാൻഡിനെയും ജില്ലാ ആശുപത്രിയേയും തമ്മിൽ ബന്ധിപ്പിച്ച് കാഞ്ഞങ്ങാട് നഗരത്തിൽ കെഎസ്ആർടിസിയുടെ സർക്കുലാർ ടൗൺ സർവീസ് വരുന്നു. പുതിയ ബസ്സ്റ്റാൻഡിൽ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് ടൗൺ, കിഴക്കുംകര, മാവുങ്കാൽ, ജില്ലാ ആശുപത്രി, കൂളിയങ്കാൽ, ലക്ഷ്മിനഗർ വഴി വീണ്ടും പുതിയ ബസ്സ്റ്റാൻഡിലേക്കും തിരിച്ചും ഓടുന്ന തരത്തിലാണ് സർക്കുലാർ സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ വി.വി. രമേശൻ മുന്നോട്ടുവച്ച നിർദേശം സജീവപരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
ജില്ലാ ആശുപത്രിയിലേക്കും വിവിധ സർക്കാർ ഓഫീസുകളിലേക്കും നഗരത്തിലെ വിവിധയിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകാനുള്ള യാത്രക്കാർക്കെല്ലാം സർക്കുലാർ സർവീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. നഗരത്തിലെ വിവിധയിടങ്ങൾ തമ്മിൽ എളുപ്പത്തിൽ ബന്ധപ്പെടുത്താനും ആലാമിപ്പള്ളി ബസ്സ്റ്റാൻഡ് ഉൾപ്പെടെ സജീവമാക്കാനും ഇത് സഹായകമാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള യാത്രക്കാർക്ക് കൂടിയ നിരക്കിൽ ഓട്ടോറിക്ഷകളെയും സമാന്തര സർവീസുകളെയും ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകും.
ഈ പരീക്ഷണം വിജയിച്ചാൽ ക്രമേണ ഇപ്പോൾ തിരുവനന്തപുരത്തും മറ്റും ഉള്ളതുപോലെ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും ടൗൺ സർവീസുകൾ വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. കിഴക്കുകര-വെള്ളിക്കോത്ത്-മടിയൻ-നോർത്ത് കോട്ടച്ചേരി, നെല്ലിക്കാട്ട്-ചെമ്മട്ടംവയൽ, പടന്നക്കാട്-ഒഴിഞ്ഞവളപ്പ്-കല്ലൂരാവി തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് സർക്കുലാർ സർവീസുകൾ നടത്താനാകും.
നഗരത്തിന്റെ കിഴക്കൻ മേഖലയിലെയും തീരദേശ മേഖലയിലെയും വിവിധ റോഡുകളിലൂടെ ബസ് സർവീസുകൾ നടത്താനും ഈ പ്രദേശങ്ങളിലുള്ളവരുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാനും ഇത് വഴിയൊരുക്കും. കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി പദ്ധതിയുടെ മാതൃകയിൽ കാഞ്ഞങ്ങാട് നഗരസഭയും അജാനൂർ, മടിക്കൈ പഞ്ചായത്തുകളുമായി സഹകരിച്ചുകൊണ്ട് പദ്ധതി പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസിക്ക് ബാങ്ക് കൺസോർഷ്യത്തിലുള്ള കടം തീരാൻ 2038 വരെ കാത്തിരിക്കണം. കടം എടുത്ത തുകയുടെ എട്ടിരട്ടിയിലധികം ഇതുവരെ പലിശയായി അടച്ചുകഴിഞ്ഞു. ഇനിയും ബാക്കി കടം അവസാനത്തെ ഓഡിറ്റ് അനുസരിച്ച് 2787.58 കോടിയാണ്. കടം തീരും വരെ ജീവനക്കാരുടെ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ലെന്നു മാനേജ്മെന്റ് വൃത്തങ്ങൾ പറയുന്നു.
2008ലാണ് കെഎസ്ആർടിസി ബാങ്കുകളിൽ നിന്നും 300 കോടി കടമെടുത്തത്. എന്നാൽ 2017-18 വരെ ഒരു ചില്ലിക്കാശും തിരിച്ചടച്ചില്ല. ഒടുവിൽ ബാങ്ക് കൺസോർഷ്യം കടവും പലിശയും ഉൾപ്പെടെ ഇത് 3600 കോടിയായി നിജപ്പെടുത്തി.
2018-19 മുതൽ കെഎസ്ആർടിസി ദിവസവും 1.19 കോടി വീതം എസ്ബിഐയിൽ അടച്ചുകൊണ്ടിരിക്കയാണ്. മാസം 36 കോടി രൂപ ബാങ്ക് കൺസോർഷ്യത്തിനും അടച്ചുകൊണ്ടിരിക്കുകയാണെന്ന് ഫിനാൻഷൽ കൺട്രോളറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി പറഞ്ഞു. ഇതു വരെ പലിശയിനത്തിൽ 2314.61 കോടിയാണ് അടച്ചത്.
കടം എടുത്തതിന്റെ എട്ടിരട്ടിയിലധികം ഇതിനകം പലിശയായി അടയ്ക്കേണ്ടിവന്നു. ബാങ്ക് കൺസോർഷ്യത്തിന്റെ കടം 2038 മാർച്ചിൽ മാത്രമേ തീരുകയുള്ളൂ എന്ന് വിവരവാകാശ നിയമപ്രകാരം കെഎസ്ആർടിസി വ്യക്തമാക്കി. മാസം 36 കോടി വീതം അടച്ചു കൊണ്ടിരിക്കുന്നതിനാൽ കടം തീരാൻ ഇത്രയധികം കാലതാമസമുണ്ടാകും.
കടം നീണ്ടുപോകുന്നതിനാൽ ജീവനക്കാരുടെ ശമ്പളമൊഴികെയുള്ള ആനുകൂല്യങ്ങളും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റിന്. ജീവനക്കാർക്ക് 37% ഡിഎ കുടിശികയാണ്. ഇതു വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നാണ് കെഎസ്ആർടിസിയുടെ വാദം.
വർഷങ്ങൾക്ക് മുമ്പു വിരമിച്ച ജീവനക്കാരിൽ 2023 മാർച്ച് വരെയുള്ളവർക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുത്തുകഴിഞ്ഞു. 2024 മാർച്ച് വരെയുള്ളവർക്ക് പിഎഫ് ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി വമ്പൻ വരുമാനം നേടുമ്പോഴും ജീവനക്കാർ ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി കാത്തിരിക്കണം.
Kerala
തിരുവനന്തപുരം: റിക്കാർഡ് വരുമാനം സ്വന്തമാക്കി കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി).
ചരിത്രത്തിലാദ്യമായി പ്രതിദിന വരുമാനം 13 കോടി രൂപ പിന്നിട്ടു. ജനുവരി അഞ്ചിനാണ് കെഎസ്ആർടിസിയുടെ ചരിത്രത്തിലെ നേട്ടം സ്വന്തമാക്കിയത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ഈ വർത്ത പുറത്തു വിട്ടത്.
കെഎസ്ആർടിസി പ്രവർത്തകരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണിതെന്നും നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
"ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം'
ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ?. ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി കെഎസ്ആർടിസിയുടെ ജീവനക്കാർ തെളിയിച്ചു.
പ്രിയപ്പെട്ട എന്റെ കെഎസ്ആർടിസി ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു. നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനംകൊണ്ടാണ്. ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്. നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവകാല റിക്കാർഡ്. 05.01.2026 ലെ ആകെ വരുമാനം 13.01 കോടി (ടിക്കറ്റ് വരുമാനം 12.18 Cr. ടിക്കറ്റ് ഇതര വരുമാനം 0.83 Cr.)
കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിന്റെയും മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.
ഞാൻ മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും "സ്വയംപര്യാപ്ത കെഎസ്ആർടിസി" എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.
മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും എന്റെ അഭിനന്ദനം അറിയിക്കുന്നു. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടോപ്പം നിൽക്കുന്ന എല്ലാ യാത്രക്കാർക്കും എന്റെ നന്ദി അറിയിക്കുന്നു.
കെബി ഗണേഷ് കുമാർ
ഗതാഗത വകുപ്പ് മന്ത്രി
Kerala
ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് വിതരണം നിലച്ചു. ഇന്റർനെറ്റ് പ്രശ്നം മൂലം യുപിഐ ഇടപാടുകളാകട്ടെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. യാത്രക്കാർക്കും കണ്ടക്ടർമാർക്കും വളരെയേറെ സൗകര്യപ്രദമായിരുന്നു ട്രാവൽ കാർഡ്. വളരെ വേഗം കണ്ടക്ടർക്കു ടിക്കറ്റ് നല്‍കാനും കഴിഞ്ഞിരുന്നു. മുൻകൂർ പണമടച്ച് ട്രാവൽ കാർഡ് എടുക്കുന്നതിനാൽ യാത്രയ്ക്ക് പണം കൈയിലില്ലെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലായിരുന്നു.
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡിനെതിരെ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ബാഹ്യ സമ്മർദം മൂലമാണ് ട്രാവൽ കാർഡ് വിതരണം നിർത്തിവച്ചതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ബസുകളിൽ ടിക്കറ്റ് എടുക്കുന്നതിനു യുപിഐ വഴിയുള്ള സംവിധാനം നടപ്പിലാക്കിയതുമുതൽ യാത്രക്കാർ ടിക്കറ്റ് തുക കൈവശം കരുതാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
യുപിഐ ഇടപാടുകൾ പലവിധ കാരണത്താൽ കൃത്യമായും സമയബന്ധിതമായും നടക്കാത്തതിനാൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും പലരീതിയിലുള്ള പരാതികൾക്ക് ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ യുപിഐ ഇടപാട് നടക്കില്ല. പലപ്പോഴും യുപിഐ മുഖേന ബസ്ചാർജ് അടച്ചാലും ടിക്കറ്റ് ഇടിഎം റിലീസ് ചെയ്യാറില്ല. യാത്രക്കാരന്റെ പണം നഷ്ടമാകുമെന്നതിനെക്കാൾ ഇതു യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വഴക്കിനും ഇടയാക്കുന്നു. മാത്രമല്ല മൂന്ന് മിനിറ്റോളം സമയമെടുക്കുകയും ചെയ്യുന്നു.
തിരക്കുള്ള ബസുകളിൽ ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യുപി ഐ ഇടപാട് നടത്താമെന്നതിനാൽ ടിക്കറ്റിന്റെ പണം കൈയിൽ കരുതാത്തവർ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വരുന്നു. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായും കുറ്റമറ്റ രീതിയിൽ പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിനു വേണ്ടിയും ഓഫ് ലൈൻ മുഖേനയും യുപിഐ സ്വീകരിക്കുന്നതിനു വേണ്ട മാറ്റങ്ങൾ ഇടിഎമ്മിൽ നടപ്പിലാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
വിദ്യാർഥികൾക്കുവേണ്ടി അവതരിപ്പിച്ച സ്റ്റുഡന്റ് കാർഡിൽ വിദ്യാർഥിയുടെ യാതൊരുവിധ വിവരങ്ങളോ (ഫോട്ടോ, പേര്, പഠിക്കുന്ന സ്കൂൾ) എവിടെ മുതൽ എവിടെ വരെയാണ് യാത്ര അനുവദിച്ചിട്ടുള്ളത്, കാലാവധി എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ ഇല്ല എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നു.
യുപിഐ ഇടപാട് നടക്കാതെ വരികയും ടിക്കറ്റെടുക്കാൻ യാത്രക്കാരന്റെ പക്കൽ പണമില്ലാതെ വരികയും ചെയ്താൽ നിലവിലെ നിയമപ്രകാരം ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് തുക ഇല്ലാത്ത യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടുകയോ അതിനു തയാറാകാത്തവരെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയോ ചെയ്യണമെന്നാണ് നിയമം.
അങ്ങനെ ചെയ്തില്ലെങ്കിൽ കണ്ടക്ടർ കുറ്റക്കാരനാകും എന്നാതണ് സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിനുകളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്ന് ഐടിഇഎഫ് പ്രസിഡന്റ് ശ്രീഷാദ് സിഎംഡിക്ക് നിവേദനം നല്കി.
Kerala
കൊച്ചി: കെഎസ്ആര്‍ടിസിയില്‍നിന്ന് 2022 ജനുവരി ഒന്നിനുമുമ്പ് വിരമിച്ചവര്‍ക്കും പരിഷ്കരിച്ച പെന്ഷന് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം.
മൂന്നു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാനാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.
സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2023ലും 2024ലും ഹര്‍ജിക്കാരുടെ ആവശ്യം നിരസിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കോടതി റദ്ദാക്കി.
ട്രാന്‍സ്പോര്‍ട്ട് റിട്ടയേര്‍ഡ് ഓഫീസേഴ്സ് ഫോറം, കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് തുടങ്ങിയവരുടെ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.
Kerala
വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.
തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.
തലയോലപ്പറമ്പ് ഗവൺമെന്റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന് ആവർത്തിച്ച് തിരുവനന്തപുരം മേയർ വി.വി.രാജേഷ്. സ്മാർട്ട് സിറ്റിയുടെ ഭാഗമായാണ് 113 ഇലക്ട്രിക് ബസുകൾ കെഎസ്ആർടിസിക്ക് നൽകിയത്.
കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ബസുകളുടെ നല്ലൊരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലുമാണ് സർവീസ് നടത്തുന്നതെന്നും വി.വി. രാജേഷ് പറഞ്ഞു. നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ടായിരുന്നു കോർപറേഷൻ ബസുകൾ വാങ്ങി നൽകിയത്.
ഇത്രയും കാലം ഇലക്ട്രിക് ബസുകൾ സർവീസ് നടത്തിയതിൽ കരാർ പ്രകാരം തിരുവനന്തപുരം കോർപറേഷന് ലഭിക്കേണ്ട ലാഭവിഹിതം കെഎസ്ആർടിസി നൽകിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
Kerala
മണിമല: കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര പോയ സ്പെഷ്യൽ സർവീസ് ബസ് ആണ് അഗ്നിക്കിരയായത്. അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല.
പുലർച്ചെ നാല് മണിയോടെയാണ് മണിമലയ്ക്കടുത്ത് പഴയിടത്ത് വച്ച് ബസിന് തീപിടിച്ചത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കിയിരുന്നു. തുടർന്ന് ബസിന്റെ പിൻവശത്ത് നിന്ന് തീപടരുകയായിരുന്നു.
അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. 28 യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകൾ ഉൾപ്പെട്ട വാഹനാപകട കേസുകളുടെ നഷ്ടപരിഹാരം നൽകുന്നതിനായി നടത്തിയ അദാലത്തുകൾ വിജയകരം. നഷ്ടപരിഹാരത്തിന്റെ പലിശയിനത്തിൽ കോടികളുടെ ലാഭം നേടാനായെന്നും വർഷങ്ങളായി കെട്ടിക്കിടക്കുന്ന നഷ്ടപരിഹാര കേസുകൾ പരിഹരിക്കാൻ കഴിഞ്ഞുവെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
272 കേസുകൾ അതിവേഗത്തിൽ തീർപ്പാക്കിക്കഴിഞ്ഞു. കഴിഞ്ഞ ജൂലൈ 28 മുതൽ നവംബർ 24 വരെയാണ് ഇത്രയധികം കേസുകൾക്കു പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. മാത്രമല്ല ഒരു മാസത്തിനകം നഷ്ടപരിഹാരത്തുകയും വിതരണം ചെയ്യാൻ നടപടിയായി. നഷ്ടപരിഹാര തുകയുടെ പലിശയിനത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കോടികൾ ലാഭിക്കാനും കഴിഞ്ഞു.
കെഎസ്ആർടിസിയുടെ എംഎസിടിയിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് ചീഫ് ലോ ഓഫീസറുടെ നേതൃത്വത്തിലുള്ള കെഎസ്ആർടിസിയുടെ നിയമവിഭാഗം നടത്തിയ ശ്രമമാണു വിജയിച്ചത്. ഹൈക്കോടതിയുടെ ലീഗൽ സർവീസ് അഥോറിറ്റിയുടെ നിർദേശപ്രകാരം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുമായി ബന്ധപ്പെട്ട് എംഎസിടി കോടതികളുടെ മേൽനോട്ടത്തിൽ കെഎസ്ആർടിസി ഉൾപ്പെട്ടിട്ടുള്ള കേസുകളാണ് അതിവേഗം തീർപ്പാക്കിയത്.
തിരുവനന്തപുരം, പെരുമ്പാവൂർ, തൊടുപുഴ, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, മൂവാറ്റുപുഴ, കോട്ടയം, ആറ്റിങ്ങൽ, തലശേരി, തളിപ്പറമ്പ്, കൽപ്പറ്റ, എറണാകുളം, മഞ്ചേരി, വടകര, കൊല്ലം, പുനലൂർ, കൊട്ടാരക്കര, ഇരിങ്ങാലക്കുട, തൃശൂർ, പാലക്കാട്, ഒറ്റപ്പാലം, പാലാ, തിരൂർ, കോഴിക്കോട്, കാസർഗോഡ്, നെയ്യാറ്റിൻകര തുടങ്ങി 28 സ്ഥലങ്ങളിലെ എംഎസിടി കോടതികളിലെ അദാലത്തുകളിലൂടെയായിരുന്നു ഇത്.
തീർപ്പാക്കിയ കേസുകളിൽ ഒരു മാസത്തിനുള്ളിൽത്തന്നെ പരാതിക്കാരനു നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുള്ളതായി കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ ബാധ്യത കുറയ്ക്കുന്നതിനും ഈ നടപടിയിലൂടെ സാധിച്ചിട്ടുണ്ട്. കേസുകൾ വേഗത്തിൽ തീർപ്പാക്കപ്പെടുന്നതുകാരണം അപകടസംബന്ധമായി പൊതുജനങ്ങൾക്കു ലഭിക്കേണ്ട തുക വേഗത്തിൽ ലഭ്യമാകുന്നുണ്ട്.
Kerala
ചാത്തന്നൂർ: പുതുക്കാട് നന്തിക്കരയ്ക്കു സമീപം കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ സർവീസിൽനിന്നു നീക്കി.
കഴിഞ്ഞ 29ന് പാലാ ഡിപ്പോയിൽനിന്നും സർവീസ് പോയ സൂപ്പർഫാസ്റ്റ് ബസ് നന്തിക്കര പഞ്ചായത്ത് ഓഫീസിനു സമീപം ഒരേ ദിശയിൽ പോകുകയായിരുന്ന ലോറിയിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന മറ്റൊരു ലോറിയിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിലും കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായി കണ്ടെത്തി.
ഇതിനുപിന്നാലെയാണ് സർവീസിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരേ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഎംഡിയുടെ അറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കണിയാപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കഴക്കൂട്ടത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പള്ളിപ്പുറം സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം.
ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. മംഗലപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Kerala
കൊല്ലം: നിലമേൽ പുതുശേരിയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.
കിടപ്പ് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഒരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസിൽ തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം കാർ നിർത്താതെ പോയി. പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പേരൂർക്കട വഴയില റോഡിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നെടുമങ്ങാട് ഡിപ്പോയിലെ ഓർഡിനറി ബസിലാണ് തീപിടിച്ചത്.
വഴയിലയിലെ പള്ളിക്ക് സമീപമെത്തിയപ്പോഴാണ് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടത്. ഗിയർ ലിവറിന്റെ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. അപകട സമയത്ത് മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
പുക കണ്ടതോടെ ബസ് റോഡിന് അരികിലായി നിർത്തി ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. ഒപ്പം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അടുത്ത് നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ തീയണയ്ക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
Kerala
അമ്പലപ്പുഴ: ദേശീയപാതയിൽ വീൽ ഊരിത്തെറിച്ച കെഎസ്ആർടിസി ബസ് ഡിവൈഡറിലിടിച്ച് നിന്നു. വളഞ്ഞവഴി എസ്എൻ കവല ജംഗ്ഷനിൽ ഇന്ന് രാവിലെ 11ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തെക്കുംഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്. മുൻചക്രം ഊരിത്തെറിച്ചതിന് പിന്നാലെയാണ് നിയന്ത്രണം തെറ്റിയ ബസ് ഡിവൈഡറിൽ ഇടിച്ചുനിന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗത തടസമുണ്ടായി.
Kerala
കൊല്ലം: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. നിലമേൽ വാഴോട് മുകൾ ദർബാർ ഹോട്ടലിനു സമീപമായിരുന്നു അപകടം.
കാർ യാത്രക്കാരായ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവരാണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്നു ഇവർ. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഏഴ് വയസുള്ള കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
നാട്ടുകാരുടെയും പോലീസിന്റെയും മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
Movies
കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമയിട്ടതില് തര്‍ക്കം. യാത്രക്കാര്‍ ചേരി തിരിഞ്ഞതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തി. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു തര്‍ക്കം.
ദിലീപിന്റെ പറക്കും തളിക എന്ന ചിത്രമാണ് ബസിലിട്ടത്. ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ. ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു.
എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
ബസ് പുറപ്പെട്ടപ്പോൾ തന്നെ സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന് പറഞ്ഞു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.
എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്.
എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.
Kerala
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് മരിച്ചത്. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. പിന്നീട് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പോലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. പുതുക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു. എടത്വാ കുന്തിരിക്കൽ കണിച്ചേരിൽചിറ സ്വദേശിനി മെറീന(24) ആണ് മരിച്ചത്.
അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. മെറീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഭർത്താവും ഒപ്പം ഉണ്ടായിരുന്നു.
എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയതാണ്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിൽ തീർഥാടകരടക്കം 48 പേരും അടുത്ത ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിലേക്കും പനമ്പയിലേയും നിലയ്ക്കലിലേയും ആശുപത്രികളിലേയ്ക്കും മാറ്റി. പത്ത് വയസുള്ള കുട്ടി ഉൾപ്പെടെ ഒമ്പത് പേരെയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ബാക്കിയുള്ളവരെയാണ് പമ്പയിലും നിലയ്ക്കലിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഉച്ചസമയത്തായിരുന്നതിനാൽ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.
Kerala
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപയാണ്.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടുന്നത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10.19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു.കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിനു ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്.
ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ കഴിഞ്ഞ വർഷം ഇതേ ദിവസം 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.അടുത്തകാലത്തായി കെഎസ്ആർടിസി നടപ്പാക്കിയ പരിഷ്കരണ പദ്ധതികളും ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളുമാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നത്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ 93 ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് 35 ഡിപ്പോകൾക്ക് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായി.
പുതിയ ബസുകളുടെ വരവും, ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കാനായതും ടിക്കറ്റ് വരുമാനം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒക്ടോബർ ആറിലെ 9.41 കോടിയും നവംബർ 24ന് നേടിയ 9.29 കോടിയുമാണ് ഇതിന് മുമ്പുള്ള മികച്ച വരുമാനം.
District News
വൈക്കം: നാവികസേനാ ദിനത്തോടനുബന്ധിച്ചു നാളെ വൈകുന്നേരം നാലു മുതൽ തിരുവനന്തപുരം ശംഖുമുഖത്തു നടക്കുന്ന ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കും.
ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും ശംഖുമുഖത്തെ കടലിലും ആകാശത്തും കാണികൾക്കായി ഓപ്പറേഷൻ ഡെമോ എന്ന ദൃശ്യ വിസ്മയമൊരുക്കും. നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കൂടി കാണാനും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995987321.
Kerala
ഹരിപ്പാട്: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ബൈക്കിൽ ഇടിച്ചു രണ്ടു യുവാക്കൾ മരിച്ചു. കുമാരപുരം പഞ്ചായത്ത് ആറാം വാർഡിൽ ചേടുവള്ളിൽ കിഴക്കതിൽ പ്രദീപ് കുമാർ ഗിരിജ എന്നിവരുടെ മകൻ ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാർ തുളസി എന്നിവരുടെ മകൻ ശ്രീനാഥ് (25) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11ന് ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് പടിഞ്ഞാറ് യൂണിയൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്. ഹരിപ്പാട്ടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Kerala
സ്വന്തം ലേഖകൻ സ്വന്തം ലേഖകൻ ചാത്തന്നൂർ: കെ എസ് ആർടിസിക്ക് തിങ്കളാഴ്ച നല്ല ദിവസമായി മാറുന്നു. കഴിഞ്ഞ തിങ്കളാഴ്ച ടിക്കറ്റ് വരുമാനത്തിൽ മൂന്നാമത്തെ ഉയർന്ന നിലയിലെത്തി-9.29 കോടി. കെഎസ്ആർടിസി റിക്കാർഡ് വരുമാനം നേടുന്നതെല്ലാം തിങ്കളാഴ്ചകളിലാണ്.
പ്രതിദിനം ശരാശരി 7.75 കോടി വരുമാനമുണ്ടായാൽ ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്നാണു കെ എസ് ആർടിസിയുടെ കണക്ക്. യാത്രാ ബസുകളിലെ ടിക്കറ്റ് വരുമാനത്തിനു പുറമേയും മറ്റ് പല രീതിയിലുള്ള വരുമാനങ്ങളും കെഎസ്ആർടിസിക്ക് ഉണ്ട്.
ഓണം കഴിഞ്ഞ ആദ്യത്തെ തിങ്കളാഴ്ചയായ സെപ്റ്റംബർ എട്ടിന് കെഎസ്ആർടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് വരുമാനം നേടി-10.19 കോടി. മറ്റൊരു തിങ്കളാഴ്ചയായ ഒക്ടോബർ ആറിനാണ് രണ്ടാമത്തെ വലിയ ടിക്കറ്റ് വരുമാനം നേടിയത്.
അന്ന് 9.41 കോടിയായിരുന്നു കളക്ഷൻ. മറ്റൊരു തിങ്കളാഴ്ചയായ നവംബർ 24 ന് 9.2 9 കോടിയുമായി മൂന്നാമത്തെ വലിയ നേട്ടം കൊയ്തു. ആഡംബര സർവീസുകളും അന്യസംസ്ഥാന സർവീസുകളുമാണ് വലിയ വരുമാനം നേടുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്.
Kerala
ആലപ്പുഴ: കെഎസ്ആർടിസി ബസിൽ വീട്ടമ്മയുടെ മാല കവർന്ന തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. തൂത്തുക്കുടി കോവിൽപ്പെട്ടി സ്വദേശിനികളായ ലക്ഷ്മി, സിന്ധു എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ 9.30ന് ആയിരുന്നു സംഭവം.
മുളക്കുഴ സ്വദേശി ജിജിയുടെ മാലയാണ് അടൂർ ഡിപ്പോയിൽ നിന്ന് തിരുവല്ലയ്ക്കുള്ള കെഎസ്ആർടിസി ബസിൽ വച്ച് പ്രതികൾ കവർന്നത്. മാല നഷ്ടപ്പെട്ടെന്ന് മനസിലാക്കിയ ജിജി വിവരം കണ്ടക്ടറെ വിവരം ധരിപ്പിച്ചു. രണ്ട് യാത്രക്കാരെ തനിക്ക് സംശയമുണ്ടെന്നും ജിജി അറിയിച്ചു.
തുടർന്ന് യാത്രക്കാരും കണ്ടക്ടറും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികളുടെ ബാഗിൽ നിന്ന് മാല കണ്ടെത്തുകയായിരുന്നു. പിന്നാലെ വിവരം ചെങ്ങന്നൂർ പോലീസിൽ അറിയിച്ചു. ബസ് ചെങ്ങന്നൂർ ഡിപ്പോയിൽ എത്തിയതോടെ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരെ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് എറണാകുളത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്നു.
Kerala
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.
202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.
District News
കൊല്ലം : കെഎസ്ആര്‍ടിസി പെന്‍ഷകാരുടെ സ്നേഹസംഗമം മുന്‍ ഡിജിപി ഡോ.അല്കസാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഇ.എം.ഷാഫിയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ ഏറ്റവും നല്ല നാടകസംഗീത സംവിധാനത്തിനുള്ള കേരള സംഗീത അക്കാഡമിയുടെ അവാര്‍ഡ് ജേതാവ് കേരളപുരം ശ്രീകുമാറിനേയും ഇഎംഎസ് കാറ്ററിംഗ് ഉടമ ഇ.എം.എസ്.നൗഷാദിനേയും ആദരിച്ചു.
പെന്‍ഷന്‍കാരില്‍ മുതിര്‍ന്നവരായ എ.താഹാകുഞ്ഞ്, പി.ആര്.പ്രകാശ്, എം.അഹമ്മദ്കോയ, കെ.രാജു, കെ.രവീന്ദ്രന് നായര്‍, വി.സദാശിവന്‍പിള്ള, കെ.രവീന്ദ്രന്‍പിള്ള എന്നിവരേയും ആദരിച്ചു.യോഗത്തില്‍ ആര്.ശശിധരന്, കടവൂര്‍.ബി.ശശീധരന്, എം.എ.ബഷീര്‍, പി.സദാശിവന്, എ.താജുദ്ദീന്, ടി.സി.ഉണ്ണികൃഷ്ണന്, സി.കെ.സി.പ്രകാശ്, കെ.ശിവദാസന്‍, എ.അബു, വി.സദാശിവന്‍പിള്ള, രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
ചാത്തന്നൂർ: ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി രൂപ നേടാനും ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കാനും കെഎസ് ആർടിസിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമ പരിപാടികൾ നടപ്പിലാക്കിവരികയാണ്.
നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്ററിന് ചെലവാകുന്ന ഡീസൽ) വെറും ഒരു ശതമാനം വർധന കൈവരിച്ചാൽ പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്.
ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം.
District News
വിളപ്പിൽശാല: കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെയുണ്ടായ പീഡനശ്രമത്തിൽ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഏഴിനു തിരുവനന്തപുരത്തുനിന്ന് വെള്ളറടയിലേക്കുപോയ ബസിലുണ്ടായ സംഭവത്തിലാണ് പൂജപ്പുര പോലീസ് കേസെടുത്തത്.
തുടർന്നു വിളപ്പിൽശാല പോലീസിനു കൈമാറി. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ കണ്ടെത്തുകയും, ഫോണിൽ വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. യുവതി പൂജപ്പുര പോലീസ് സ്റ്റേഷനടുത്തായതിനാലാണ് അവിടേക്കു മൊഴി നൽകിയത്. പൂജപ്പുര എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പോലീസ് മൊഴി രേഖപ്പെടുത്തി.
District News
കൊല്ലം: മികച്ചസൗകര്യങ്ങളുമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിരത്തിലിറക്കുമെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കരയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷ െ ന്റ ശിലാസ്ഥാപനം ഉടനെ നടക്കും.
ബസ് സ്റ്റേഷനുകളില്‍ തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസുകള്‍ ഉടനെ നിരത്തിലിറങ്ങുമെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരം - എറണാകുളം റൂട്ടില്‍ ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ഫാസ്റ്റ്, കുണ്ടയം-ഏനാത്ത് -കടമ്പനാട്-ചക്കുവള്ളി വഴിയുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ മേഖലകളിലൂടെയുള്ള മിനി ബസ് സര്‍വീസുകള്‍ തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അധ്യക്ഷനായി. പട്ടാഴി വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി. രമാദേവി, ജില്ല പഞ്ചായത്തംഗം സുനിത രാജേഷ് കെഎസ് ആര്‍ടിസി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ഗൂഡല്ലൂർ: പാലക്കാട് നിന്നും ഗൂഡല്ലൂരിലേക്ക് കഐസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു. പാലക്കാട് - ഗൂഡല്ലൂർ ബസ് സർവീസ് ആവശ്യപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ചാണ് പുതിയ സർവീസ് അനുവദിച്ചത്. ഈ സർവീസ് പാലക്കാട്, മലപ്പുറം, നീലഗിരി ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാർക്ക് ഉപകാരപ്രദമാകും.
ഗൂഡല്ലൂരിൽ നിന്നും കോയന്പത്തൂർ, ത്രിച്ചി, പൊള്ളാച്ചി, തഞ്ചാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മേട്ടുപാളയം ചുരം കയറാതെ യാത്രചെയ്യാൻ സാധിക്കും. രാവിലെ 07.45ന് പാലക്കാട് നിന്നും പുറപ്പെട്ട് 8.55 ന് മണ്ണാർക്കാട്, 9.40ന് മേലാറ്റൂർ, 10 ന് പാണ്ടിക്കാട്, 10.40ന് നിലന്പൂർ, 11.30ന് വഴിക്കടവ്, 12.30ന് ഗൂഡല്ലൂരിൽ എത്തും. തിരിച്ച് ഉച്ചയ്ക്ക് 01.30ന് പാലക്കാട്ടേയ്ക്ക് പുറപ്പെടുന്ന ബസ് നിലന്പൂർ, പാണ്ടിക്കാട്, മേലാറ്റൂർ, മണ്ണാർക്കാട് വഴി വൈകുന്നേരം 6.15ന് പാലക്കാട് എത്തും.
District News
കൊല്ലം: മദ്യപിച്ച് കെഎസ്ആർടി സി ബസിൽ കയറി അഭ്യാസം കാണിച്ചാൽ പിടി വീഴുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അത്തരക്കാരെ അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്ത് പറഞ്ഞു.
പുകവലി ചോദ്യം ചെയ്ത പെൺകുട്ടിയെ ട്രെയിനിൽ നിന്നും ചവിട്ടി തള്ളിയിട്ട സംഭവത്തി െ ന്റ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മദ്യപിച്ച കാരണം കൊണ്ട് ആരെയും ബസിൽകയറ്റാതിരിക്കാൻ കഴിയില്ല. എന്നാൽ മദ്യപിച്ച് സഹയാത്രക്കാരോടോ സ്ത്രീകളോടോ അപമര്യാദയായി പെരുമാറിയാൽ ആർക്കും കണ്ടക്ടറോട് റിപ്പോർട്ട് ചെയ്യാം. അവരെ അടുത്ത പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ കണ്ടക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളതായി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.
പുകവലിച്ചു കൊണ്ട് അടുത്തെത്തിയാളോട് മാറി നിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞതിന് വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം നടന്നത് രണ്ടു ദിവസം മുൻപായിരുന്നു. കെഎസ്ആർടി സിയിലും സമാനസംഭവങ്ങൾ നടക്കുന്നുണ്ട്.രണ്ടു മാസം മുൻപാണ് കൊല്ലത്ത് സഹയാത്രികയോട് ഒരാൾ നഗ്നത പ്രദർശിപ്പിച്ച് അറസ്റ്റിലാവുന്നത്.
District News
കാട്ടാക്കട: ബസ് സ്റ്റേഷനുകളും വര്‍ക്ക്ഷോപ്പുകളും ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള ബസ് സ്റ്റേഷന് ബ്രാന്‍ഡിംഗ് പദ്ധതി കെഎസ്ആർടിസി കാട്ടാക്കട ബസ് സ്റ്റേഷനിൽ ആരംഭിച്ചു. ബസ് സ്റ്റേഷൻ ബ്രാൻഡിംഗ് പ്രാവർത്തികമാകുന്നതിലൂടെ ബസ് സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിക്കുകയും യാത്രക്കാർക്കും ജീവനക്കാർക്കും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകുകയും ചെയ്യും.
പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനവും കാട്ടാക്കട നിന്ന് ചെറുകോട്, വിളപ്പിൽശാല, പുളിയറക്കോണം, വട്ടിയൂർക്കാവ്, വെള്ളയമ്പലം വഴി കിഴക്കക്കോട്ടയ്ക്കുള്ള പുതിയ സർവീസിന്റെ ഫ്ളാഗ് ഓഫ് കർമവും കാട്ടാക്കട ഡിപ്പോ അങ്കണത്തിൽ അഡ്വ.ഐ.ബി. സതീഷ് എംഎൽഎ നിർവഹിച്ചു.
District News
കോതമംഗലം: മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ അന്തർ സംസ്ഥാന സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം - എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഉദ്ഘാടനം കോതമംഗലം ഡിപ്പോയിൽ ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ, സ്ഥിരം സമിതി ചെയർമാൻമാർ, കോതമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് എൽദോസ് പോൾ, അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ജെ. നിജാമുദീൻ , ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.
പുലർച്ചെ 4.50ന് കോതമംഗലത്ത് നിന്ന് ആരംഭിക്കുന്ന സർവീസ് ആലുവയിൽ എത്തി ആറിന് കോതമംഗലം- ചെറുതോണി- കട്ടപ്പന- കമ്പംമെട്ട് വഴി കമ്പത്തിന് പോകും. ഉച്ചയ്ക്ക് 12.10 ന് കമ്പത്തു നിന്നും ഇതേ വഴി തന്നെ എറണാകുളത്തിന് പോയി കോതമംഗലത്ത് തിരിച്ചെത്തി അവസാനിക്കും. സർവീസ് നാളെ മുതൽ സ്ഥിരമായി ആരംഭിക്കും.
District News
പുലാമന്തോൾ: പുലാമന്തോൾ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, ഗതാഗത മന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ്കെഎസ്ആർടിസിക്ക് സ്റ്റാൻഡിൽ കയറാൻ അനുമതി ലഭിച്ചത്. കേരളപ്പിറവി ദിനമായിരുന്ന ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകൾ പുലാമന്തോൾ ബസ് സ്റ്റാൻഡിൽ പ്രവേശിച്ചു.
ബസിലെ യാത്രക്കാരെ മധുരം നൽകി സ്വീകരിച്ചു. പ്രസിഡന്റ് പി. സൗമ്യ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻ പനങ്ങാട്, പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി ചെയർമാൻ വി.എം. വാസുദേവൻ, സി. ഹംസ, പി.ടി.എസ് മൂസു, അബ്ദുറഹിമാൻ കക്കാട്ട്, കെ. വേലപ്പൻ, പി.ജി. സൂര്യനാരായണൻ, ദേവദാസ് പണിക്കർ, കിഴക്കേതിൽ മുഹമ്മദ്കുട്ടി, മോഹനൻ, കെ.പി. മൊയ്തീൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
District News
പനങ്ങാട്: കുമ്പളം ടോൾ പ്ലാസയിലെ മീഡിയനിലേക്ക് നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറി. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. നിസാര പരിക്കേറ്റ ഡ്രൈവർ രാജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. പനങ്ങാട് പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് കെട്ടി വലിച്ച് നീക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്നത് ഭ്രാന്തന് പരിഷ്കാരങ്ങളാണെന്ന് കുറ്റപ്പെടുത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്. ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് കെഎസ്ആര്‍ടിസിയില്‍ ഓരോ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഏകപക്ഷീയമായ സമീപനമാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് സ്വീകരിക്കുന്നത്. തൊഴിലാളികളെയോ തൊഴിലാളികള്‍ക്കോ സംഘടനകള്‍ക്കോ യാതൊരു പരിഗണനയും നല്‍കുന്നില്ല.
പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടുന്നില്ലെന്നും രാമകൃഷ്ണന് പറഞ്ഞു. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ വിശ്വാസത്തില്‍ എടുക്കാന്‍ മാനേജ്മെന്റ് തയാറാകണം. ഒരു നീതീകരണവുമില്ലാത്ത പരിഷ്കാരങ്ങളാണ് മാനേജ്മെന്റ് നടപ്പാക്കുന്നതെന്നും രാമകൃഷ്ണന് കുറ്റപ്പെടുത്തി.
District News
കുളത്തൂപ്പുഴ: തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന മലയോര ഹൈവേയിൽ കല്ലുവെട്ടാൻ കുഴി 30 അടി പാലത്തിനു സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ തേക്ക് മരത്തിൽ ഇടിച്ചുനിന്നു.
യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കുളത്തൂപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയറിയ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടി തിരിക്കവേ ആണ് മരത്തിൽ ഇടിച്ചത്. അപടത്തിൽപ്പെട്ട ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.