ചാത്തന്നൂർ: യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന കെഎസ്ആർടിസിയുടെ ട്രാവൽ കാർഡ് വിതരണം നിലച്ചു. ഇന്റർനെറ്റ് പ്രശ്നം മൂലം യുപിഐ ഇടപാടുകളാകട്ടെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. യാത്രക്കാർക്കും കണ്ടക്ടർമാർക്കും വളരെയേറെ സൗകര്യപ്രദമായിരുന്നു ട്രാവൽ കാർഡ്. വളരെ വേഗം കണ്ടക്ടർക്കു ടിക്കറ്റ് നല്കാനും കഴിഞ്ഞിരുന്നു. മുൻകൂർ പണമടച്ച് ട്രാവൽ കാർഡ് എടുക്കുന്നതിനാൽ യാത്രയ്ക്ക് പണം കൈയിലില്ലെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലായിരുന്നു.
കെഎസ്ആർടിസിയുടെ ട്രാവൽ കാർഡിനെതിരെ പല കോണുകളിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. ബാഹ്യ സമ്മർദം മൂലമാണ് ട്രാവൽ കാർഡ് വിതരണം നിർത്തിവച്ചതെന്ന ആക്ഷേപവും ജീവനക്കാർ ഉയർത്തുന്നുണ്ട്. ബസുകളിൽ ടിക്കറ്റ് എടുക്കുന്നതിനു യുപിഐ വഴിയുള്ള സംവിധാനം നടപ്പിലാക്കിയതുമുതൽ യാത്രക്കാർ ടിക്കറ്റ് തുക കൈവശം കരുതാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്.
യുപിഐ ഇടപാടുകൾ പലവിധ കാരണത്താൽ കൃത്യമായും സമയബന്ധിതമായും നടക്കാത്തതിനാൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കങ്ങൾ ഉണ്ടാകുകയും പലരീതിയിലുള്ള പരാതികൾക്ക് ഇടവരുത്തുകയും ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് കിട്ടിയില്ലെങ്കിൽ യുപിഐ ഇടപാട് നടക്കില്ല. പലപ്പോഴും യുപിഐ മുഖേന ബസ്ചാർജ് അടച്ചാലും ടിക്കറ്റ് ഇടിഎം റിലീസ് ചെയ്യാറില്ല. യാത്രക്കാരന്റെ പണം നഷ്ടമാകുമെന്നതിനെക്കാൾ ഇതു യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള വഴക്കിനും ഇടയാക്കുന്നു. മാത്രമല്ല മൂന്ന് മിനിറ്റോളം സമയമെടുക്കുകയും ചെയ്യുന്നു.
തിരക്കുള്ള ബസുകളിൽ ഇത് വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യുപി ഐ ഇടപാട് നടത്താമെന്നതിനാൽ ടിക്കറ്റിന്റെ പണം കൈയിൽ കരുതാത്തവർ വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടിയും വരുന്നു. ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായും കുറ്റമറ്റ രീതിയിൽ പൊതു ജനങ്ങൾക്ക് സേവനം നൽകുന്നതിനു വേണ്ടിയും ഓഫ് ലൈൻ മുഖേനയും യുപിഐ സ്വീകരിക്കുന്നതിനു വേണ്ട മാറ്റങ്ങൾ ഇടിഎമ്മിൽ നടപ്പിലാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നു.
വിദ്യാർഥികൾക്കുവേണ്ടി അവതരിപ്പിച്ച സ്റ്റുഡന്റ് കാർഡിൽ വിദ്യാർഥിയുടെ യാതൊരുവിധ വിവരങ്ങളോ (ഫോട്ടോ, പേര്, പഠിക്കുന്ന സ്കൂൾ) എവിടെ മുതൽ എവിടെ വരെയാണ് യാത്ര അനുവദിച്ചിട്ടുള്ളത്, കാലാവധി എന്നിവയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങൾ ഇല്ല എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന പരാതിയും ജീവനക്കാർ ഉന്നയിക്കുന്നു.
യുപിഐ ഇടപാട് നടക്കാതെ വരികയും ടിക്കറ്റെടുക്കാൻ യാത്രക്കാരന്റെ പക്കൽ പണമില്ലാതെ വരികയും ചെയ്താൽ നിലവിലെ നിയമപ്രകാരം ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് തുക ഇല്ലാത്ത യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടുകയോ അതിനു തയാറാകാത്തവരെ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയോ ചെയ്യണമെന്നാണ് നിയമം.
അങ്ങനെ ചെയ്തില്ലെങ്കിൽ കണ്ടക്ടർ കുറ്റക്കാരനാകും എന്നാതണ് സ്ഥിതി. ഈ പ്രതിസന്ധി പരിഹരിക്കാൻ ട്രേഡ് യൂണിനുകളുമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനം എടുക്കണമെന്ന് ഐടിഇഎഫ് പ്രസിഡന്റ് ശ്രീഷാദ് സിഎംഡിക്ക് നിവേദനം നല്കി.
Tags : KSRTC travel card distribution halted UPI