മാരാമണ്‍: 131- ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ ഞായറാഴ്ച പമ്പാ നദിയിലെ മാരാമണ്‍ മണല്‍പ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലില്‍ ആരംഭിക്കും. എട്ടുനാള്‍ നീളുന്ന വചന പ്രഘോഷണം 15ന് സമാപിക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്‍റ് ഡോ. ഐസക്ക് മാര്‍ പീലക്സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കും. ഡോ. ക്ലിയോഫസ് ജെ. ലാറു(യുഎസ്എ) സുവിശേഷ സന്ദേശം നല്‍കും.
മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ.), റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ് ഡോ. പോള്‍ സ്വരൂപ് (ഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളില്‍ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നല്‍കും.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30ന് ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. സായാഹ്നയോഗങ്ങള്‍ ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളില്‍ ഡോ.ജിറ്റി ജോര്‍ജ് (കോട്ടയം), ഫാ. എഡ്വേര്‍ഡ് ജോര്‍ജ് (മൂവാറ്റുപുഴ) എന്നിവര്‍ പ്രസംഗിക്കും.
ബുധനാഴ്ച രാവിലെ 10നു ചേരുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു 2.30ന് ചേരുന്ന സാമൂഹിക തിന്മകള്‍ക്കെതിരായ യോഗത്തില്‍ ബിഷപ് ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം നാലിന് പന്തലില്‍ ഒരുക്കുന്ന യുവവേദി യോഗങ്ങളില്‍ റവ. ഫാ. അലക്സാണ്ടര്‍ കുര്യന്‍, ജോസ് പനച്ചിപ്പുറം, ഡോ. യശ്വിന്‍ കെ. തോമസ് എന്നിവര്‍ പ്രസംഗിക്കും. ബുധന്‍ മുതല്‍ ശനി വരെ രാത്രി 7.30 മുതല്‍ ഒൻപത് വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ് കൂട്ടായ്മകള്‍ ഹിന്ദി, ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി ക്രമീകരിച്ചിരിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലെ രാവിലത്തെ യോഗങ്ങളില്‍ വിവിധ വിഷയങ്ങളെ അധീകരിച്ച് തിരുമേനിമാരുടെ നേതൃത്വത്തില്‍ മധ്യസ്ഥ പ്രാര്‍ഥന നടത്തപ്പെടും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കും. കെഎസ്ആര്‍ടിസി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേകം ബസ് സര്‍വീസ് ക്രമീകരിക്കും.
Tags : Maramon Convention Sunday