കൊച്ചി: സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെയും പ്രശ്നങ്ങളെയും അവതരിപ്പിക്കാനും അവർക്ക് ആവശ്യമായ വിവരങ്ങളും വസ്തുതകളും കൃത്യതയോടെ നൽകാനും മാധ്യമങ്ങൾക്കു കടമയുണ്ടെന്ന് മന്ത്രി പി. രാജീവ്.
കർഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങളറിഞ്ഞു ശക്തമായ മാധ്യമ നിലപാടുകൾ സ്വീകരിക്കാൻ ദീപികയ്ക്കു സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.കൊച്ചിയിൽ ദീപിക ന്യൂസ് പോർട്ടലിന്റെ റീലോഞ്ചിംഗ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങൾക്കുമുമ്പ് ദീപികയുടെ ന്യൂസ് പോർട്ടൽ ഉദ്ഘാടനം ചെയ്തതു മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്. ഇപ്പോൾ പോർട്ടലിന്റെ റീലോഞ്ചിംഗ് നിർവഹിക്കാനായത് അഭിമാനമായി കാണുന്നു.
വസ്തുതകളേക്കാൾ വ്യാഖ്യാനങ്ങൾക്കു പ്രാമുഖ്യം നൽകുന്ന മാധ്യമപ്രവർത്തനത്തിൽ വഴിമാറി നടക്കാനും സത്യത്തോടൊപ്പം നീങ്ങാനും ദീപികപോലുള്ള പത്രങ്ങൾക്കു സാധിക്കും.
ചെറുപ്പക്കാരെ വാർത്താമാധ്യമങ്ങളിലേക്കു കൊണ്ടുവരാനാകുന്ന ശ്രമങ്ങൾ ഉണ്ടാകണം. ബുദ്ധിമുട്ടുകൾ നേരിടുന്ന ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിൽ ദീപിക എക്കാലവും പ്രത്യേകം താത്പര്യമെടുത്തിട്ടുണ്ട്. അടുത്തിടെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച ദീപിക പരമ്പര ശ്രദ്ധിച്ചിരുന്നു. ദീപിക നിരന്തരം പുതുക്കലുകൾ കൊണ്ടുവരുന്നതും എടുത്തുപറയേണ്ടതാണ്.
സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്നു. പുതിയ മേഖലകളിലേക്കുള്ള ദീപികയുടെ ചുവടുവയ്പുകൾ പ്രതീക്ഷ നൽകുന്നതാണ്-മന്ത്രി പറഞ്ഞു.
നിലകൊണ്ട മൂല്യങ്ങളുടെ വലിപ്പമാണ് ദീപികയുടെ മൂലക്കല്ല്: മാർ തട്ടിൽ
കൊച്ചി: നിലകൊണ്ട മൂല്യങ്ങളുടെ വലിപ്പമാണു ദീപികയുടെ മൂലക്കല്ലെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. വിറ്റഴിക്കുന്ന കോപ്പികളുടെ പേരിലല്ല, നിലകൊണ്ട ആശയങ്ങളിൽ പരാജയപ്പെടാത്തവിധം കൃത്യതയോടും വ്യക്തതയോടും സുദൃഢമായും നിലകൊണ്ടതാണു ദീപികയുടെ മഹിമയെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ഡോട്ട് കോമിന്റെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദീപിക എന്നും വെളിച്ചമാണ്. വെളിച്ചമുള്ളിടത്ത് ഇരുട്ടില്ല, വഴികൾ സുതാര്യമാണ്, ഊഷ്മളതയുണ്ട്.
ദീപിക ദിനപത്രത്തിന്റേതു കേവലം കച്ചവടതാത്പര്യങ്ങളായിരുന്നില്ല. അതിനപ്പുറത്ത് നീതിയും ധർമവും സത്യവും പീഠത്തിൽ വച്ച വിളക്കുപോലെ സംരക്ഷിക്കാനും മറ്റുള്ളവരിലേക്കു പകരാനുമായിരുന്നു ദീപിക ശ്രദ്ധിച്ചത്. സമുദായം നടത്തുന്ന പത്രമെങ്കിലും സമൂഹത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കാണു ദീപിക എക്കാലവും മുഖ്യപരിഗണന നൽകിയിട്ടുള്ളത്.
സർവതോമുഖമായ അഭിവൃദ്ധിയുടെയും സത്യസന്ധതയുടെയും നീതിയുടെയും സംസ്കാരമാണ് ദീപിക നിലനിർത്തിയത്. ദീപിക നിലകൊണ്ട മൂല്യങ്ങളുടെ വലിപ്പമാണ് ഈ പത്രത്തിന്റെ മൂലക്കല്ല്. ദീപികയുടെ വഴി കൃത്യതയും വ്യക്തതയുമുള്ളതാണ്. അതു നാടിന്റെ വളർച്ചയ്ക്കു സഹായകമാണെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
Tags : Minister P. Rajiv Deepika.com Media