കോട്ടയം: ഡിസംബർ മുതൽ നമുക്കും ആകാശവിസ്മയമായ ഉൽക്കാവർഷം കാണാം. ധൂമകേതുക്കളുടെയോ ഛിന്നഗ്രഹങ്ങങ്ങളുടെയോ അവശിഷ്ടങ്ങളെ ഭൂമി മുറിച്ചുകടക്കുമ്പോഴാണ് അത് ഉൽക്കാവർഷമായി നമുക്ക് കാണാനാകുന്നത്.
ഡിസംബർ മുതൽ ഫെബ്രുവരി വരം ഭൂമി അത്തരം നിരവധി അവശിഷ്ടങ്ങൾക്കരികിലൂടെ കടന്നുപോകുന്നുണ്ട്. ഈ സീസൺ നക്ഷത്ര, ഉൽക്കാ നിരീക്ഷങ്ങൾക്ക് പറ്റിയ കാലമാണ്. ഈ മഞ്ഞുകാലത്തെ ഉൽക്കാവർഷം ഏതൊക്കെയെന്നു നോക്കാം.
ജെമിനിഡ് (ഡിസംബർ)
നാസയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഡിസംബർ 13, 14 തീയതികളിൽ രാത്രി ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷം കാണാനാകും. മണിക്കൂറിൽ 120 ഉൽക്കകൾ വരെ വീഴാം.
ഛിന്നഗ്രഹം 3200-ഫേത്തണിൽ നിന്ന് ഉത്ഭവിക്കുന്ന തിളക്കമുള്ളതും വർണാഭമായതുമായ ഉൽക്കകൾ കിഴക്കൻ ആകാശത്ത് വ്യാഴത്തിന് സമീപം പ്രകാശമഴയായി നമുക്ക് കാണാനാകും.
ക്വാഡ്രന്റിഡ് (ജനുവരി ആദ്യം)
നാസയുടെ റിപ്പോർട്ട് പ്രകാരം ക്വാഡ്രാന്റിഡ് ഉൽക്കാവർഷം ഡിസംബർ 26 മുതൽ 2026 ജനുവരി 16 വരെ സജീവമായിരിക്കും. 2026 ജനുവരി മൂന്നിനും നാലിനുമിടയിൽ ഏറ്റവും കൂടുതൽ വ്യക്തതയോടെ ഉൽക്കാവർഷം കാണാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ചിലപ്പോൾ ശക്തമായ പൊട്ടിത്തെറിയും സംഭവിച്ചേക്കാം.
ജനുവരി-ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന മറ്റ് ഉൽക്കാപ്രവാഹങ്ങളുണ്ട്. ഉദാഹരണത്തിന്, ഡെൽറ്റ-കാൻക്രിഡ്സ് ഉൽക്കാവർഷം ഏകദേശം ജനുവരി ഒന്നു മുതൽ ജനുവരി 24 വരെ നീണ്ടുനിൽക്കും. ചിലപ്പോൾ ഡിസംബർ പകുതി മുതൽ ഫെബ്രുവരി പകുതി വരെയും നീണ്ടുനിൽക്കാം. എന്നിരുന്നാലും ഇത് വളരെ ദുർബലമാണ്.
ഇന്ത്യയിൽ എവിടെ, എങ്ങനെ കാണാം
ജെമിനിഡ് ഉൽക്കാവർഷം വൈകുന്നേരം മുതൽ പ്രഭാതത്തിനു മുമ്പുള്ള സമയം വരെ കാണാൻ സാധിക്കും. ക്വാഡ്രന്റിഡ് പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിൽ ഏറ്റവും മനോഹരമായി കാണാം. നഗരത്തിലെ വെളിച്ചത്തിൽനിന്ന് അകലെയുള്ള സ്ഥലം കണ്ടെത്തുക. ഗ്രാമപ്രദേശങ്ങൾ, കുന്നുകൾ തുടങ്ങിയവ സാധാരണയായി മികച്ച ദൃശ്യപരത നൽകുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് ഉൽക്കാവർഷം ആസ്വദിക്കാം.
ഡിസംബർ-ഫെബ്രുവരി മാസങ്ങളിൽ കാണപ്പെടുന്ന അവശിഷ്ട പ്രവാഹങ്ങൾ പലപ്പോഴും വ്യത്യസ്ത വാൽനക്ഷത്രങ്ങളിൽ നിന്നോ, ഛിന്നഗ്രഹങ്ങളിൽ നിന്നോ വരുന്നതിനാൽ, ഒന്നിനുപുറകെ ഒന്നായി പെയ്യുന്നതു കാണാം.
ഇന്ത്യൻ വാനനിരീക്ഷകരെ സംബന്ധിച്ചിടത്തോളം, ശൈത്യകാലത്ത് ഈർപ്പം കുറവും പലപ്പോഴും തെളിഞ്ഞ ആകാശവുമാണു ലഭിക്കുന്നത്. ഇത് മൺസൂൺ-വേനൽക്കാല മാസങ്ങളെ അപേക്ഷിച്ച് മികച്ച വാനനിരീക്ഷണത്തിനു സഹായിക്കുന്നു.
Tags : celestial wonder meteor shower december