തൃശൂര്‍: നൗഫല്‍ കോട്ടയം എന്ന കലാകാരന്റെ പരീശീലനമികവില് ളാക്കാട്ടൂര്‍ എംജിഎം എന്‍എസ്എസ് സ്കൂളില്‍ വട്ടപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ്. കഴിഞ്ഞ 15 വര്‍ഷമായി സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ വട്ടപ്പാട്ട് അഭ്യസിപ്പിക്കുന്ന നൗഫല്‍ ആദ്യമായാണ് ളാക്കാട്ടൂര്‍ സ്കൂളില്‍ പരിശീലകനായി എത്തുന്നത്. സഹായികളായി എസ്.അരവിന്ദ്, എ.വി. ആകാശ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
വട്ടപ്പാട്ടിനുപുറമെ ദഫ് മുട്ട്, അറബനമുട്ട് ഇനങ്ങളിലും നൗഫല്‍ പരിശീലനം നല്‍കുന്നുണ്ട്.
ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിളകലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയില്‍ പെണ്ണുങ്ങളെന്നതുപോലെ വട്ടപ്പാട്ടില്‍ ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്യാണവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്.
മണവാട്ടിയുടെ വീട്ടിലേക്കു കല്യാണച്ചെക്കനെ ആനയിക്കുന്നതുമുതല്‍ പെണ്‍വീട്ടുകാരുമായുള്ള വാശിയേറിയ സംവാദത്തിലൂടെ ഒത്തുതീര്‍പ്പില്‍ അവസാനിക്കുന്നതാണ് വട്ടപ്പാട്ടിന്റെ ഘടന. പരമ്പരാഗതരീതിയില്‍ വട്ടപ്പാട്ട് കളിക്കാന്‍ ഒരു മണിക്കൂറെങ്കിലും വേണം. സ്കൂള്‍കലോത്സവങ്ങളില്‍ വട്ടപ്പാട്ട് ഒരു മത്സര ഇനമായതോടെ സമയം പത്തുമിനിറ്റായി പരിമിതപ്പെടുത്തി.
വേദിയില്‍ ഒരു മണവാളനും കൈകൊട്ടി പാടാനായി ഒരു പ്രധാന പാട്ടുകാരനും കോറസായി എട്ടു ഗായകരുമുണ്ടാകും. മണവാളനായി നന്ദന് പ്രദീപായിരുന്നു വേദിയില്‍. ആല്വിന് ജോസഫ്, അമീര്‍ നിയാസ്, വി.എം. സ്വാമിനാഥ്, എസ്. നീരദ്, അശ്വന്ത് കെ. ഷാജിമോന്‍, കെ.ബി. ദേവദത്ത്, ഗോകുല്‍ ബിജു, സാവിയോ സന്തോഷ്, നന്ദന് നിബു എന്നിവരാണ് കൈകൊട്ടിപ്പാടിയത്.
Tags : MGM Lakkatur Kerala State School fest Kalakalaravam School Kalolsavam Vattappatt