തൃശൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമചിത്തതയോടെ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ.ആർ. ബിന്ദു. സർക്കാരിന്റെ അഭിപ്രായമനുസരിച്ചല്ല സുപ്രീം കോടതി വിധി പറയുന്നതെന്നും മന്ത്രി പറഞ്ഞു.
"സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് ഇടതുപക്ഷ പ്രവർത്തകയല്ല. കലാപമോ തങ്ങൾക്കനുകൂല സാഹചര്യമോ ലക്ഷ്യമിട്ടു നിക്ഷിപ്ത താത്പര്യക്കാരാണു ഹർജി നൽകിയത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം.'-ബിന്ദു പറഞ്ഞു.
"ഇത്തരം വിഷയങ്ങൾ വിവാദമാക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. നിഷ്കളങ്കരായ പലരും ഇതിൽ വീണു പോകുന്നു. കൂട്ടായി ഉരുത്തിരിയുന്ന അഭിപ്രായങ്ങളേ സർക്കാരിനു പറയാൻ കഴിയൂ.'-ബിന്ദു വ്യക്തമാക്കി.
പ്രേം കുമാർ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ഇടതുപക്ഷത്തെ പ്രതിനിധീകരിച്ചു പ്രേം കുമാറിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. യുഡിഎഫ് തകർന്ന പാളയമാണ്. പ്രസംഗപീഠത്തിനു പിന്നിൽ നടന്ന അടി നാം കണ്ടതാണ്. എത്ര ജീർണിച്ച സാംസ്കാരിക സാഹചര്യമാണ് അവർ ഉണ്ടാക്കുന്നത്. ജനപ്രതിനിധിക്കെതിരേവരെ നിരവധി പരാതികൾ ഉയർന്നു. ഇവർക്കൊപ്പം പോകുന്നതാണോ നല്ലതെന്നു പ്രേംകുമാർ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
Tags : sabarimala women entry minister r bindu