തൃശൂർ: വടക്കാഞ്ചേരിയിലെ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതായി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
ഒരു പെറ്റീഷൻ കൊടുത്തപ്പോഴേക്കും ഇരുചെവിയറിയാതെ വിജിലൻസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേരളചരിത്രത്തിൽ ഇന്നേവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. അതുതന്നെ സംശയാസ്പദമാണ്.
സിപിഎം ഏരിയാ കമ്മിറ്റി അംഗം ബാബുവുമായുള്ള ശബ്ദരേഖ ജാഫർ നിഷേധിച്ചിട്ടുണ്ടോയെന്നും സിപിഎം നേതാക്കന്മാർ നിഷേധിച്ചിട്ടുണ്ടോയെന്നും ടാജറ്റ് ചോദിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി അബ്ദുൾ ഖാദർ എത്ര ലാഘവത്തോടെയാണ് കാര്യങ്ങൾ പറയുന്നത്. ഞങ്ങളെ സംബന്ധിച്ച് തെറ്റുപറ്റിയാൽ പറ്റിയെന്നു പറയുകയും അതിനു തക്കതായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടാണു ജനങ്ങളോടു സംസാരിക്കുന്നത്.
മറ്റത്തൂരിൽ ഒരംഗത്തെ ചാക്കിട്ടു പിടിക്കുന്നു. വല്ലച്ചിറയിൽ ബിജെപിയുടെ വോട്ട് അസാധുവാകുന്നു. അവിടെ പ്രസിഡന്റ് സ്ഥാനം കിട്ടിയ രമാ പ്രകാശിനെ രാജിവയ്പിച്ചില്ല. ഇവിടെ ലീഗ് സ്വതന്ത്രൻ മാറ്റി വോട്ട് ചെയ്യുന്നു. ഇത്തരം സാഹചര്യമുണ്ടായിട്ടും സിപിഎം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? ജനാധിപത്യ വ്യവസ്ഥയ്ക്കു നിരക്കാത്ത കാര്യങ്ങളാണു നടന്നതെന്നു സ്പഷ്ടമാണ്. എന്നാൽ, അതെല്ലാം നിഷേധിച്ച് ഇതൊന്നുമില്ലെന്നു വരുത്തിത്തീർക്കാനും അങ്ങനെ ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് സിപിഎം ശ്രമം.
വടക്കാഞ്ചേരി വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കട്ടെ. എല്ലാം പുറത്തുവരും. എന്നാൽ, ഒന്നും സംഭവിച്ചിട്ടില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി പൊടിതട്ടിപ്പോകുന്ന രീതിയാണ് സിപിഎം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എന്തുകൊണ്ട് ആദ്യമേ പ്രതികരിച്ചു? ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതികരിക്കാതെ, താഴെ നടന്ന ഒരു കാര്യത്തിലാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ഇതൊരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
Tags : Congress sabotage investigation Vadakkanchery Corruption Dcc president joseph tajet