കൊച്ചി: വഖഫ് വിവാദത്തെ തുടർന്ന് മുനമ്പം നിവാസികൾ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച രാത്രിയിൽ ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.
മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 ഓളം വരുന്ന കുടുംബങ്ങൾ കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. ഭൂമി പോക്ക് വരവിന് ഹെൽപ് ലൈൻ തുറക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു.
മന്ത്രി പി.രാജീവ്, കെ. എൻ.ഉണ്ണികൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിൽ എത്തി സമരം ഇരിക്കുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. 2024 ഒക്ടോബര്‍ 13 ന് തുടങ്ങിയ മുനമ്പം ഭൂസമരമാണ് 413 ാം ദിവസം പര്യവസാനിക്കുന്നത്.
വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാര്‍ക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിക്കാൻ സമര സമിതി തീരുമാനിച്ചത്.
Tags : Munambam land issue sunday p.rajeev