തൊടുപുഴ/കോട്ടയം/ പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനം കുറഞ്ഞു. ഇന്നലെ വൈകുന്നേരം ആറുവരെയുള്ള കണക്കിൽ ജില്ലയിൽ 66.78 ശതമാനം മാത്രമാണ് പോളിംഗ്. അന്തിമ കണക്ക് വരുന്പോൾ നേരിയ വ്യതിയാനം പ്രതീക്ഷിക്കുന്നു. 2020ൽ 69.72 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. രാവിലെതന്നെ ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാർ എത്തിയിരുന്നു. ഉച്ചയോടെ എല്ലായിടത്തും 50 ശതമാനത്തിലധികം പോളിംഗ് നടന്നു. എന്നാൽ ഉച്ചകഴിഞ്ഞതോടെ ബൂത്തുകളിൽ തിരക്കുണ്ടായില്ല.
വോട്ടർപട്ടികയിൽ പേരുള്ളവരിൽ നല്ലൊരു പങ്കും നാടുവിട്ടതാണ് പത്തനംതിട്ട ജില്ലയിൽ പോളിംഗ് ശതമാനത്തിലെ കുറവിനു പ്രധാന കാരണമായി കണക്കാക്കുന്നത്. ആൾത്താമസമില്ലാതെ അടച്ചിട്ടിരിക്കുന്ന വീടുകളുടെ എണ്ണവും ജില്ലയിൽ കൂടുതലാണ്. പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറു കാരണം പലയിടത്തും പോളിംഗ് തടസപ്പെട്ടു. യന്ത്രത്തകരാറു കാരണം രണ്ട് മണിക്കൂറിലേറെ കാത്തിരുന്ന ശേഷം വോട്ടെടുപ്പ് ആരംഭിച്ച ബൂത്തുകളുമുണ്ട്.
ഇടുക്കിയിൽ 71.71 ശതമാനം
ഇടുക്കി ജില്ലയിൽ 71.71 ശതമാനം പോളിംഗ്. കോവിഡ് ഭീഷണിയുടെ നിഴലിൽ 2020ൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ 74.68 ശതമാനമായിരുന്നു പോളിംഗ്. 9,12,133 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 6,54,070 വോട്ടുകൾ പോൾ ചെയ്തു. തൊടുപുഴ നഗരസഭയിൽ 79.17 ശതമാനവും കട്ടപ്പന നഗരസഭയിൽ 70.67 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
തൊടുപുഴ നഗരസഭ മൂന്നാംവാർഡായ വേങ്ങത്താനത്ത് ഇക്കുറി റിക്കാർഡ് പോളിംഗാണ് നടന്നത്. 98.57 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. ചില കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയെങ്കിലും വൈകാതെ തകരാറുകൾ പരിഹരിച്ച് വോട്ടിംഗ് സുഗമമാക്കി.
വട്ടവട പഞ്ചായത്തിലെ കടവരി വാർഡിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ കള്ളവോട്ടിനെചൊല്ലി നേരിയ സംഘർഷമുണ്ടായി. ഇതേ തുടർന്നു ബിജെപി ഇന്ന് വട്ടവട പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.
കഴിഞ്ഞ 15 വർഷമായി സിപിഎം എതിരില്ലാതെ വിജയിക്കുന്ന വാർഡാണിത്. ഇത്തവണ ബിജെപി ഇവിടെ സ്ഥാനാർഥിയെ നിർത്തിയിരുന്നു. രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും പോളിംഗ് സുഗമമായി നടന്നു.
ഇവിടെ 68.22 ശതമാനമായിരുന്നു പോളിംഗ്. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഞായറാഴ്ച ഇവിടെ നേരിട്ടെത്തി ഒരുക്കം വിലയിരുത്തിയിരുന്നു. കരുണാപുരം പഞ്ചായത്തിലെ 13-ാംവാർഡിൽ അപ്പാപ്പികട രണ്ടാംബൂത്തിൽ വോട്ട് ചെയ്ത് ശേഷം മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചത് ദാരുണസംഭവമായി.
കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്താണ് (20) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12-ഓടെയായിരുന്നു സംഭവം.
കോട്ടയത്ത് 70.91 ശതമാനം
കോട്ടയം ജില്ലയില്‍ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുനിസിപ്പാലിറ്റിയില്‍ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് 85.71 ശതമാനം. ബ്ലോക്ക് അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വൈക്കത്താണ് രേഖപ്പെടുത്തിയത്.
ആര്‍പ്പൂക്കരയിലും നീലൂരിലും ചെറിയ സംഘര്‍ഷം ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് പൊതുവേ സമാനധാനപരമായിരുന്നു. പലയിടത്തും വോട്ടിംഗ് മെഷീന് തകരാറിലായത് വോട്ടര്‍മാരെ ബുദ്ധിമുട്ടിച്ചു. ജില്ലയിലെ മന്ത്രിമാരും പ്രമുഖ നേതാക്കാളും സമുദായ നേതാക്കളും രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി.
Tags : Pathanamthitta Idukki Kottayam Kerala Local body election Poling percentage