കോട്ടയം: പീരുമേട് മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി ചരിത്രനിമിഷത്തിനൊരുങ്ങുന്നു. കോളജിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ നിര്‍മിച്ച ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ റോക്കറ്റ് വിക്ഷേപിച്ചാണു ചരിത്രഭാഗമാകുന്നത്. ബേസിലിയന്‍-01 നാളെ രാവിലെ 10.30നു കോളജ് ഗ്രൗണ്ടിലെ ലോഞ്ചറില്‍നിന്നു കുതിച്ചുയരും.
ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞനും കോളജ് ഗവേഷണവിഭാഗം ഡീനുമായ ഡോ. ഉമ്മന്‍ തരകന്റെ നേതൃത്വത്തിലാണ് റോക്കറ്റ് വിക്ഷേപണത്തിനു തയാറാക്കിയത്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, സിവില്‍ എന്‍ജിനിയറിംഗ് എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റോക്കറ്റിന്റെ രൂപകല്പനയും നിര്‍മാണവും പരീക്ഷണഘട്ടവും പൂര്‍ത്തിയാക്കിയത്. അഞ്ച് പേരില്‍ കുറയാത്ത 20 ഗ്രൂപ്പുകളുടെ ഏകോപനമാണ് റോക്കറ്റിന്റെ വിവിധഘട്ടങ്ങളെ സംയോജിപ്പിച്ചത്.
സുഗന്ധവ്യഞ്ജനങ്ങള്‍ മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ എയറോസോളിനെക്കുറിച്ചുള്ള പഠനം, കുട്ടിക്കാനത്തെ അന്തരീക്ഷ താപനിലയുടെ പഠനവും വിക്ഷേപണത്തിലൂടെ സാധ്യമാകുമെന്ന് കോളജ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡീനും ഐഎസ്ആര്‍ഒയില്‍ 36 വര്‍ഷം സയന്റിസ്റ്റായി വിരമിച്ച ഡോ. ഉമ്മന്‍ തരകന് പറഞ്ഞു. ഗ്രൗണ്ട് സ്റ്റേഷനിലൂടെ നിയന്ത്രണവും ഡേറ്റ ശേഖരണവും നടത്താന്‍ കഴിയുന്ന സംവിധാനം വിദ്യാര്‍ഥികള്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ പൂര്‍ണ പങ്കാളിത്തത്തോടെ റോക്കറ്റ് നിര്‍മിക്കുന്നതെന്ന് എംബിസി കോളജ് ഡയറക്ടര്‍ ഡോ. ഉമ്മന്‍ മാമ്മന്‍ പറഞ്ഞു. മൂന്ന് മിനിറ്റില്‍ രണ്ട് കിലോമീറ്റര്‍ ഉയരത്തിലെ ലക്ഷ്യസ്ഥാനത്തെത്തി ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പഠനം നടത്തിയശേഷം 10 മിനിറ്റിനുള്ളില്‍ നിലംതൊടും. വിക്ഷേപണകേന്ദ്രത്തില്‍നിന്നു 900 മീറ്ററിനുള്ളില്‍ നിലംപതിക്കാന്‍ സാധിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. 2.5 കിലോഗ്രാം ഭാരമുള്ള റോക്കറ്റ് നിര്‍മാണത്തിന് സാങ്കേതികവിദ്യ കൂടാതെ അഞ്ച് ലക്ഷം രൂപ ചെലവുണ്ടായി. സോളിഡ് പ്രൊപ്പല്ലന്റാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.
വിക്ഷേപണത്തില്‍നിന്നു ലഭിക്കുന്ന സാങ്കേതിക വിവരങ്ങള്‍ വെള്ളായണി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിക്ക് കൈമാറും. ഏലം ഉള്‍പ്പെടെയുള്ള കൃഷിയുടെ വളര്‍ച്ചയും ഉത്പാദനവര്‍ധനയും കാലാവസ്ഥാ വ്യതിയാനവും പഠനവിധേയമാക്കുമെന്ന് കോളജ് റിസേര്‍ച്ച് വിഭാഗം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. ഉമ്മന്‍ മാമ്മന്‍, ഡോ. ഉമ്മന്‍ തരകന് എന്നിവരെ കൂടാതെ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ഐ. ജോര്‍ജ്, ഏലിയാസ് ജാക്സണ് എന്നിവരും പങ്കെടുത്തു.
Tags : Peerumedu' rocket ready for launch Basilian-01