സുൽത്താൻ ബത്തേരി: എൽഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിനേക്കാള്‍ ആഗ്രഹിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് തർക്കമുണ്ടെന്ന പ്രചരണം സിപിഎം തന്ത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ വിസ്മയങ്ങളുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി ഇടതുപക്ഷത്തിന്റെ സഹയാത്രികര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലെത്തുമെന്നും വി.ഡി. സതീശൻ അറിയിച്ചു.
കേരളത്തിന്റെ പ്രതിപക്ഷം അടുത്ത തെരഞ്ഞെടുപ്പിൽ 100ൽ അധികം സീറ്റുകളോടെ അധികാരത്തിലെത്തും. യുഡിഎഫ് അടിത്തറ ശക്തിപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളതുകൊണ്ടാണ് 100 സീറ്റ് എന്ന ലക്ഷ്യം മുന്നോട്ടുവച്ചതെന്നും അദേഹം വ്യക്തമാക്കി.
വയനാട്ടിൽ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ലക്ഷ്യ-2026 സമാപനത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഇത് വെറും യുഡിഎഫ് അല്ലെന്നും ടീം യുഡിഎഫ് ആണെന്നും കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോം ഉയരുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കും. നികുതി കൊള്ള നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Tags : vd satheesan congress udf cpm assembly election