കോട്ടയം: കുട്ടനാടിന്റെ ഹൃദയഭാഗമായ പുളിങ്കുന്നിലെ പുന്നക്കുന്നത്തുശേരി ഗ്രാമം ഇപ്പോൾ ആഹ്ളാദത്തിമിർപ്പിലാണ്. തങ്ങളുടെ ഗ്രാമത്തിലേക്ക് രണ്ടാമതൊരു ഷെവലിയർ പദവികൂടി എത്തിയതിന്റെ ആവേശത്തിലാണ് നാട്ടുകാർ.
വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിലെ അതുല്യ സംഭാവനകൾ പരിഗണിച്ച് പ്രഫ. ജെ. ഫിലിപ്പിന് ലെയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചിരിക്കുകയാണ്.
ചരിത്രം ആവർത്തിക്കുന്നു
പുന്നക്കുന്നത്തുശേരി ഗ്രാമത്തെ തേടിയെത്തുന്ന രണ്ടാമത്തെ ഷെവലിയർ പദവിയാണിത്. മുൻപ്, പ്രശസ്ത ഭാഷാപണ്ഡിതനും തിരുവിതാംകൂർ വ്യവസായ ഡയറക്ടറുമായിരുന്ന ഐ.സി. ചാക്കോയെ തേടിയാണ് ആദ്യമായി ഈ ബഹുമതി എത്തിയത്. 1960ൽ ജോൺ ഇരുപത്തിമൂന്നാം മാർപാപ്പയാണ് അദ്ദേഹത്തിന് ഷെവലിയർ സ്ഥാനം നൽകിയത്.
മലയാള ഭാഷാ സാഹിത്യ രംഗങ്ങളിൽ ഐ.സി. ചാക്കോ നൽകിയ മഹനീയ സംഭാവനകളെ മുൻനിർത്തിയായിരുന്നു മാർപാപ്പയുടെ ആദരവ്. പാപ്പാധിപത്യത്തെക്കുറിച്ച് കെ.എൻ. ഡാനിയേലുമായി നടന്ന സുദീർഘമായ തർക്കവും അതിനെത്തുടർന്നുണ്ടായ പ്രമാദമായ കോടതി കേസും അതിന്റെ വിജയവും ഐ.സി. സഭയ്ക്ക് നല്കിയ മികച്ച സംഭാവനയാണ്.
പ്രഫ. ജെ. ഫിലിപ്പിലൂടെ പുത്തൻ തിളക്കം
പതിറ്റാണ്ടുകൾക്കു ശേഷം പ്രഫ. ജെ. ഫിലിപ്പിലൂടെ അതേ ഗ്രാമത്തിലേക്ക് വീണ്ടും ഒരു വത്തിക്കാൻ ബഹുമതി എത്തുമ്പോൾ അത് പുന്നക്കുന്നത്തുശേരിയുടെ ചരിത്രത്തിലെ സുവർണ അധ്യായമായി മാറുന്നു. മാനേജ്മെന്റ് വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.
ഒരു ചെറിയ ഗ്രാമത്തിൽനിന്ന് ആഗോളസഭാ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ട് വ്യക്തിത്വങ്ങൾ ഉയർന്നുവന്നത് കുട്ടനാടിനാകെ അഭിമാനകരമാണെന്ന് പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ് പള്ളി വികാരി റവ. ഡോ. മാത്യു തെക്കേടത്ത് പറഞ്ഞു.
Tags : Punnakunathuseri Chevalier award Kuttanad Prof. J Philip IC Chakko