തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി നൽകിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് രാഹുൽ ഈശ്വർ അറസ്റ്റിൽ. രാഹുൽ ഈശ്വറിനെ സൈബർ പോലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്.
രാഹുലിന്റെ ലാപ്ടോപ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. പരാതിക്കാരിക്കെതിരേ സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപം തുടരുന്ന സാഹചര്യത്തിൽ അതാത് ജില്ലകളിൽ കേസ് രജിസ്റ്റർ ചെയ്യാൻ ക്രമസമാധാന വിഭാഗം എഡിജിപി നിർദേശം നൽകിയിരുന്നു.
തിരുവനന്തപുരം സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ രാഹുൽ അഞ്ചാം പ്രതിയാണ്. തിങ്കളാഴ്ച രാഹുലിനെ കോടതിയിൽ ഹാജരാക്കും.
യുവതിയുടെ പരാതിയിൽ രാഹുലിനു പുറമേ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും സന്ദീപ് വാര്യർ നാലാം പ്രതിയുമാണ്. മഹിളാ കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രജ്ഞിത പുളിക്കനാണ് ഒന്നാം പ്രതി.
അഭിഭാഷകയായ ദീപ ജോസഫിനെ പ്രതിയാക്കിയിട്ടുണ്ട്. അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നിവയും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
Tags : Rahul Easwar arrested Sandeep.G.Varier cyber bullying cyber attacks Rahul Mamkootathil