തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗീകപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന് ജാമ്യം.
സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നീ ഉപാധികളോടെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. റിമാൻഡിലായി 16 ദിവസങ്ങൾക്ക് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം, അന്വേഷണവുമായി സഹകരിക്കാത്തതു കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നു പ്രോസിക്യൂഷന് അറിയിച്ചു.
സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.
ആളെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ എന്നിവരടക്കം ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഭിഭാഷക ദീപ ജോസഫ്, ദീപ ജോസഫ് എന്നു പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍.
Tags : Rahul Easwar bail court case police