തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. രാഹുൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിനു തടസമല്ലെന്നാണ് പോലീസിന്റെ വാദം. രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം രാഹുലിനെ കണ്ടെത്താനുള്ള നീക്കം വഴിത്തെറ്റിക്കാനുള്ള ശ്രമമായാണ് പോലീസ് കാണുന്നത്.
രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനം നടന്ന ഫ്ലാറ്റിൽ പരാതിക്കാരിയുമായെത്തി പോലീസ് മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് പരാതികാരിക്ക് എതിരെ രാഹുൽ കോടതിയിൽ നൽകിയത്. ബാഹ്യപ്രേരണകൊണ്ടാണ് യുവതി രാഹുലിനെതിരെ പരാതി നൽകിതെന്നും ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയത്.
ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം. വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പോലീസിനെ അറിയിച്ചു.
Tags : Rahul mamkoottathil absconding Police anticipatory bail arrest