പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്‍റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്‍റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Tags : rahul mamkootathil sexual abuse against women sexual abuse police case