കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ കോൺഗ്രസ് വിമതന്‍റെ പിന്തുണയിൽ ഭരണം പിടിക്കാൻ യുഡിഎഫ്. വിമതനായി മത്സരിച്ച ജിതിൻ പല്ലാട്ട് കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.
ധാരണ പ്രകാരം, ഭരണസമിതിയുടെ ആദ്യ രണ്ടര വര്‍ഷം ജിതിന്‍ പല്ലാട്ടും ബാക്കി കാലയളവില്‍ കോണ്‍ഗ്രസ് പ്രതിനിധിയും അധ്യക്ഷനാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകും. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി.
19 അംഗ ഭരണസമിതിയില്‍ ഒന്‍പത് വീതം സീറ്റുകളോടെ ഇടത് വലത് മുന്നണികള്‍ അംഗബലത്തില്‍ തുല്യനിലയിലായതോടെയാണ് ഇവിടെ കോണ്‍ഗ്രസ് വിമതന്‍റെ നിലപാട് നിര്‍ണായകമായത്.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പുന്നക്കലില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി മത്സരിച്ച ജിതില്‍ 535 വോട്ടുകള്‍ക്കാണ് ജയിച്ചത്.
Tags : Rebel UDF Thiruvambadi Grama Panchayat