തിരുവനന്തപുരം: ജീവകാരൂണ്യ പ്രവർത്തനം നടത്തി മാതൃകയായ സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ റെഡ്ക്രോസ് സൊസൈറ്റി ബ്രാഞ്ചിന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കേരള ബ്രാഞ്ച് ഏർപ്പെടുത്തിയ ജീൻ ഹെൻറി ഡ്യൂണന്റ് പുരസ്കാരത്തിന് കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റി അർഹമായി.
ആറിന് തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ വിതരണം ചെയ്യും. സംസ്ഥാന ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. കോട്ടയം ജില്ലാ റെഡ്ക്രോസ് സൊസൈറ്റിക്കുവേണ്ടി ചെയർമാൻ ജോബി തോമസ് പുരസ്കാരം ഏറ്റുവാങ്ങും.
മികച്ച ജെആർസി യൂണിറ്റിൽ ഒന്നാം സ്ഥാനം നേടിയ കോട്ടയം മൗണ്ട് കാർമൽ ജിഎച്ച്എസ്എസ് അഡ്വ. സുനിൽ സി. കുര്യൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും കാഷ് പ്രൈസും ലഭിക്കുന്നതിന് അർഹത നേടി. രണ്ടാം സ്ഥാനം കൊല്ലം ഗവ. എച്ച്എസ്എസ് പൂയപ്പള്ളിക്കാണ്.
മികച്ച റവന്യു ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള ബാബു എസ്. പ്രസാദ് സ്മാരക അവാർഡിന് കെ.എസ്. അനിതയും മികച്ച സ്കൂൾ ടീച്ചർ കൗണ്സലർക്കുള്ള അവാർഡിന് എം.കെ. പ്രിയയും അർഹരായി. മികച്ച വൈആർസി യൂണിറ്റിനുള്ള അവാർഡ് നിംസ് കോളജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം കരസ്ഥമാക്കി.
Tags : Red Cross Awards announced Kottayam district best lifesaving work