ചങ്ങനാശേരി: അക്ഷരഭടന്മാരുടെ അതിജീവന പോരാട്ടമായി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് വിദ്യാഭ്യാസ അവകാശസംരക്ഷണ മഹാറാലിയും സമ്മേളനവും. അവകാശപോരാട്ടങ്ങളില്‍ തളരില്ല, തോല്‍ക്കില്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മലയാളക്കരയിലെ ഏറ്റവുംവലിയ അധ്യാപക സംഘടനയിലെ അംഗങ്ങള്‍ ചങ്ങനാശേരിയിൽ നടന്ന അവകാശറാലിയില് അണിചേര്‍ന്നത്.
ചുവപ്പും വെള്ളയും മഞ്ഞയും കലര്‍ന്ന പതാകകള്‍ കൈകളിലുയര്‍ത്തി തലയില്‍ തൊപ്പികളണിഞ്ഞും വിവിധ അവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് കൊടുംചൂടിനെ അവഗണിച്ച് നൂറുകണക്കിന് അധ്യാപകര്‍ അണിനിരന്നത്.
1956ല്‍ ജന്മംകൊണ്ട കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ എഴുപതാംജന്മദിനത്തോടനുബന്ധിച്ചാണ്, സംഘടന പിറന്ന മണ്ണില്‍ മഹാസംഗമവും റാലിയും സംഘടിപ്പിച്ചത്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസ് കവാടത്തില്‍ ആരംഭിച്ച അവകാശസംരക്ഷണറാലി കൊടിക്കുന്നില്‍ സുരേഷ് എംപി കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് പതാക കൈമാറി ഫ്ളാഗ് ഓഫ് ചെയ്തു.
അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖപ്രസംഗം നടത്തി. അതിരൂപത വികാരിജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ആറണി അറയ്ക്കല്‍, അതിരൂപത കോര്‍പറേറ്റ് മാനജര്‍ ഫാ. ജോബി ആന്റണി മൂലയില്‍, അസിസ്റ്റന്റ് കോര്‍പറേറ്റ് മാനേജര്‍മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. സെബു ചാലയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഫാ. ജോജോ പള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
റാലി സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജില്‍ എത്തിയതിനെതുടര്‍ന്ന് സംസ്ഥാന സമ്മേളനം ആരംഭിച്ചു. സീറോമലബാര്‍, മലങ്കര, ലത്തീന്‍ രൂപതകളിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നാലായിരത്തിലധികം അധ്യാപകരാണ് റാലിയിലും സമ്മേളനത്തിലും പങ്കെടുത്തത്.
ടീച്ചേഴ്സ് ഗില്‍ഡ് നേതാക്കളായ ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, സി.ജെ. ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഈശോ തോമസ്, ഡോ.ജീമോള്‍ അലക്സ്, ജോഗോഷ് വര്‍ഗീസ്, സിസ്റ്റര്‍ ഷൈനമ്മ ജയിംസ്, പ്രകാശ് കെ. തോമസ്, ഷേര്‍ളിക്കുട്ടി ആന്റണി, സിസ്റ്റര്‍ സോഫിയാമ്മ ജോര്‍ജ്, ബിജു ടി. ജോണ്‍, എം.സി. ബിനു, ബോണി ലിയോ തോമസ്, റിന്‍സ് വര്‍ഗീസ് തുടങ്ങിയവര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്കി.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ കത്തോലിക്കാസഭ നിര്‍വഹിച്ച വിദ്യാഭ്യാസമുന്നേറ്റം അവിസ്മരണീയമാണെന്നും സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ തിരുത്തിച്ച ചരിത്രം ചങ്ങനാശേരി അതിരൂപതയ്ക്കുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെയും അധ്യാപകരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും വിഷയം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ചേര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ തൊഴിലാളികളോട് കാട്ടുന്ന മാന്യതയും നീതിയുംപോലും അധ്യാപകരോടു കാണിക്കാന്‍ സര്‍ക്കാർ തയാറാകുന്നില്ല. അക്ഷരം പഠിപ്പിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തെരുവില്‍ ഇറക്കി സമരം ചെയ്യിക്കുന്നത് സര്‍ക്കാരിനു ഭൂഷണമല്ല.
എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നവര്‍ക്കും അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കും മാത്രം വോട്ടുചെയ്യുന്ന നിലപാടിലേക്ക് അധ്യാപക സമൂഹം മാറിച്ചിന്തിക്കേണ്ടി വരും.
Tags : Rights protection rally survival changanacherry Kerala Catholic Teachers Guild Kodikunnil suresh MP Mar Thomas Tharayil