കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോംഗ് റൂമിലുള്ള വാതിൽപ്പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
കണ്ടെടുത്ത സ്വര്‍ണപ്പാളി യഥാര്‍ത്ഥമാണോയെന്നും അല്ലെങ്കിൽ അതും ഉണ്ണികൃഷ്ണൻ പോറ്റി കടത്തിക്കൊണ്ടുപോയോയെന്നും അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വര്‍ണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണം പൂശി നൽകിയത് 34 ഗ്രാം മാത്രമുള്ള വാതിൽപ്പാളിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കാനാണ് നിർദേശം.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയനിഴലില്‍ നിര്‍ത്തുകയാണ് ഹൈക്കോടതി. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്നാണ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി ലക്ഷ്യം വെച്ചത് രാജ്യാന്തര വിഗ്രഹ കടത്തെന്ന സംശയവും ദേവസ്വം ബെഞ്ച് പ്രകടിപ്പിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. 2019 ലെ ഭരണസമിതിക്കെതിരെയും അതിരൂക്ഷ വിമര്‍ശനമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി കൈവശം വെച്ചിട്ടും ക്രിമിനല്‍ നടപടി സ്വീകരിക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും കോടതി വ്യക്തമാക്കി.
Tags : sabarimala goldscam highcourt unnikrishnan potti