തിരുവനന്തപുരം: ശബരിമലയിലെ സ്വർണത്തട്ടിപ്പിൽ പ്രതിയായവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഴിമതിക്കാരോടു സന്ധിയില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കും.
പാർട്ടികളുടെ പ്രതിനിധികളായി എത്തുന്നവർ അഴിമതി ചെയ്യാൻ പാർട്ടികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലാം പാഠമാണ്. പാളിച്ചപറ്റിയാൽ സമ്മതിക്കും. സിപിഐയ്ക്ക് അങ്ങനെ ചെയ്യുന്നതിൽ ഒരു മടിയുമില്ലെന്നും ഭാവിയിൽ വളരെ സൂക്ഷിച്ചുമാത്രമേ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ അംഗങ്ങളെയടക്കം തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബന്ധുവല്ല. കോണ്‍ഗ്രസും യുഡിഎഫുമാണു അവരുമായും വെൽഫെയർ പാർട്ടിയുമായും രാഷ്ട്രീയ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് ഇങ്ങനെ ബന്ധം സ്ഥാപിക്കുന്പോൾ മറുഭാഗത്തു ഹിന്ദുവർഗീയ സംഘടനകളുമായും കോണ്‍ഗ്രസ് ചങ്ങാത്തം സ്ഥാപിക്കുകയാണ്.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ രാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉജ്ജ്വല വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Tags : Binoy Vishwam Sabarimala Sabarimala gold theft Sabarimala gold scam