തിരുവനന്തപുരം: ശാസ്ത്രീയ പരിശോധന ഫലം വന്നതോടെ ശബരിമലയിൽ സ്വർണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. വിഎസ്എസ്സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം.
ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം കുറവ് വന്നതായി പരിശോധനയിൽ കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്. എഡിജിപി എച്ച് വെങ്കിടേഷാണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്സിയിൽ നിന്നു ശാസ്ത്രീയ പരിശോധനാഫലം സീൽ വച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്.
തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഇന്നലെയാണ് വിഎസ്എസ്സി റിപ്പോർട്ട് എസ്ഐടിക്ക് കൈമാറിയത്. ദ്വാരപാലക ശിൽപ്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനാ ഫലമാണിത്. ചെമ്പു പാളികളിലെ സ്വർണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ടാണിത്.
Tags : Sabarimala gold smuggling confirmed Test results lack of gold Kattilapalli Dwarpalaka sculptures