പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കേസിൽ അറസ്റ്റിലായവരുടെ എല്ലാം സാമ്പത്തിക സ്ഥിതി അന്വേഷിക്കണം. സ്വർണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ തുറന്ന സംവാദത്തിന് താൻ തയാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളിൽ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോഴെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയിൽ ലോകം അമ്പരന്ന് നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ്ഐടിക്കു മേൽ സമ്മർദ്ദം ചെലുത്തി.
ശബരിമലയിലെ സ്വർണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വർണത്തിന് തൂക്കത്തേക്കാൾ മൂല്യമുള്ളതാണ്. കേസിലെ എസ്ഐടി അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Tags : Sabarimala gold theft case