തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിൽ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് ഗോവര്ധൻ എസ്ഐടിക്ക് മൊഴി നൽകി.
ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയതെന്നും ഗോവർധൻ എസ്ഐടിയോട് വെളിപ്പെടുത്തി. പണം നൽകിയതിന്റെ തെളിവുകളും ഗോവര്ധൻ എസ്ഐടിക്ക് കൈമാറി. ഗോവർധനനെയും പങ്കജ് ഭണ്ഡാരിയെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇതിനായി തിങ്കളാഴ്ച അപേക്ഷ നൽകും. കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തിരുന്നു. എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ധന്റെ വാദം.
ഇയാൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകുമെന്നാണ് വിവരം. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്റെ മൊഴി.
Tags : sit sabarimala gold theft kerala high court kerala police