കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോഴാണ് എസ്ഐടി റിപ്പോർട്ട് സമർപ്പിക്കുക.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് എംപി എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയാണ് പ്രത്യേക അന്വേഷണ സംഘം കോടതിക്ക് കൈമാറുക. അടച്ചിട്ട കോടതി മുറിയിലാണ് നടപടിക്രമങ്ങള്‍.
ശബരിമല ശ്രീകോവിലിന് മുന്നിലെ സ്വർണപ്പാളികൾ കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രതികൾ മാറ്റിയോ എന്നതിലും എസ്ഐടി ഇന്ന് വ്യക്തത വരുത്തും. ഇതുസംബന്ധിച്ച് വിഎസ്എസ്സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി അറിയിച്ചിരുന്നു. അതേസമയം എൻ. വാസു കേസിൽ സ്വാഭാവിക ജാമ്യം തേടി ഇന്ന് കോടതിയെ സമീപിച്ചേക്കും. റിമാൻഡിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും കോടതി ഇന്ന് വാദം കേൾക്കും.
Tags : Sabarimala gold theft Kadakampally surendran Adoor Prakash