പാലക്കാട്: ശബരിമല യുവതീപ്രവേശനവിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
യുവതീപ്രവേശനത്തെ അനുകൂലിച്ച പഴയ നിലപാടില്‍ മാറ്റമുണ്ടെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതുയുഗയാത്രയ്ക്കു പാലക്കാട്ട് നല്കിയ സ്വീകരണയോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സതീശൻ.
വിശ്വാസികളെയും വിവിധ സംഘടനകളെയും കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുന്‍പ് മാപ്പുപറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ്. സത്യവാങ്മൂലം തിരുത്തിയില്ലെങ്കില്‍ സര്‍ക്കാരിന്റെ കാപട്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടും.
താന്‍ ഇന്‍സ്റ്റന്റായി തീരുമാനമെടുക്കുന്ന ആളാണെന്ന നിയമമന്ത്രിയുടെ പരിഹാസത്തിനും സതീശൻ മറുപടി നല്കി. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഞങ്ങള്‍. അഫിഡവിറ്റ് തിരുത്താന്‍ ഒരുകൊല്ലം ആലോചിക്കേണ്ട കാര്യമില്ല. സിപിഎമ്മിനു നിലപാടുമില്ല, ഉറപ്പുമില്ല, എന്നാല്‍ അയ്യപ്പഭക്തരുടെ വോട്ട് വേണമെന്നു സതീശൻ കളിയാക്കി.
മാറ്റത്തിനുമാത്രമാണ് മാറ്റമില്ലാത്തതെന്ന സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന ആര്‍ക്കും മനസിലാകാത്ത ഭാഷയാണെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നു മര്യാദയ്ക്കു പറഞ്ഞാല്‍ പോരേയെന്നും സതീശന് ചോദിച്ചു. യുഡിഎഫ് അധികാരത്തില്‍വന്നാല്‍ ശബരിമലയിലെ ആചാരങ്ങളെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നല്‍കും.
പിണറായി സര്‍ക്കാര്‍ മൂന്നാമതും വരുമെന്ന മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയെ സതീശന് തള്ളിക്കളഞ്ഞു. അയ്യർക്ക് ഇപ്പോള്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ലെന്നും അധികാരവും സുഖസൗകര്യങ്ങളും അനുഭവിച്ചശേഷം പാര്‍ട്ടിയെ തള്ളിപ്പറയുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളതെന്നും സതീശന് പരിഹസിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പിഎ എ. സുരേഷ് യുഡിഎഫിലേക്കു വരുന്നതിനെ സതീശൻ സ്വാഗതംചെയ്തു. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രതീകമായ വിഎസിന്റെ സന്തതസഹചാരികള്പോലും സിപിഎമ്മുമായി പിരിയുകയാണെന്നും വരുംദിവസങ്ങളില്‍ കൂടുതല്‍ വിസ്മയങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : Sabarimala VD Satheesan government lying Sabarimala Gold Theft Sabarimala Gold pali Sabarimala Swarna Pali