പാലക്കാട്: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരായ കരസേന മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ വെളിപ്പെടുത്തലുകൾ ഓരോ ഭാരതീയനെയും ആശങ്കയിലാഴ്ത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
അതിർത്തിയിൽ ചൈനീസ് വെല്ലുവിളി നേരിടുമ്പോൾ, സൈന്യത്തിന്റെ ആത്മവീര്യം തകർക്കുന്ന നിലപാടുകൾ എന്തിന് സ്വീകരിക്കുന്നുവെന്നും സന്ദീപ് ചോദിച്ചു. സത്യം വിളിച്ചുപറയുന്ന ഒരു സൈനികന്റെ പുസ്തകം ജനങ്ങളിലേക്ക് എത്താതിരിക്കാൻ സർക്കാർ ഭയപ്പെടുന്നത് എന്തിനെയാണെന്നും സന്ദീപ് കുറിപ്പിലൂടെ ചോദിച്ചു.
"നമ്മുടെ രാജ്യം സുരക്ഷിതമായിരിക്കുന്നത് അതിർത്തിയിൽ ഉറക്കമൊഴിച്ച് കാവൽ നിൽക്കുന്ന ധീരരായ സൈനികരുടെ കരുത്തിലാണ്. രാജ്യത്തെ സേവിക്കാൻ സന്നദ്ധരായി വരുന്ന യുവാക്കളുടെ ആവേശം കെടുത്തുന്ന 'അഗ്നിപഥ്' പോലുള്ള പദ്ധതികൾ സൈനിക നേതൃത്വത്തെപ്പോലും ഇരുട്ടിൽ നിർത്തിക്കൊണ്ട് നടപ്പിലാക്കി എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. സൈന്യത്തിന്റെ അന്തസ്സും പ്രൊഫഷണലിസവും തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി എടുക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല.'-സന്ദീപ് കുറിച്ചു.
സൈനിക മേധാവികളുടെ അഭിപ്രായങ്ങളെ മറികടന്നാണോ സുപ്രധാനമായ പ്രതിരോധ തീരുമാനങ്ങൾ എടുക്കുന്നതെന്നും സന്ദീപ് ചോദിച്ചു. ദേശസ്നേഹം എന്നത് വെറും മുദ്രാവാക്യങ്ങളല്ലെന്നും അത് നമ്മുടെ സൈന്യത്തോടും അവരുടെ ഭരണഘടനാപരമായ സ്വയംഭരണത്തോടും കാണിക്കുന്ന ബഹുമാനം കൂടിയാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
രാജ്യസുരക്ഷയുടെ കാര്യത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണെന്നും വിഷയത്തിൽ സത്യം പുറത്തുവന്നേ തീരൂവെന്നും സന്ദീപ് കുറിച്ചു.
2020ൽ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണമാണ് നരവനെ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ പ്രസിദ്ധീക്കരിക്കാത്ത "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്.
Tags : congress leader sandeep varrier reacts memoir general manoj mukund naravane defense minister rajnath singh