തൃശൂർ: സ്കൂൾ കലോത്സവവേദിയിലെ പദ്യോച്ചാരണമത്സരങ്ങളിൽ സാധാരണ കേൾക്കാറുള്ളതു ഷേക്സ്പിയറോ വേർഡ്സ്വർത്തോ ആണ്.
എന്നാൽ സെന്റ് ക്ലെയേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വേദിയിൽ ഇത്തവണ മുഴങ്ങിക്കേട്ടതു നീതിക്കുവേണ്ടിയുള്ള ഒരു കൗമാരക്കാരിയുടെ രോഷമായിരുന്നു.
കൊൽക്കത്തയിൽ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ ഓർമകൾക്കുമുന്നിൽ സ്വന്തം വരികൾകൊണ്ട് പ്രണാമമർപ്പിച്ചാണ് സേറ റോസ് ജോസഫ് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയത്.
മറ്റു മത്സരാർഥികൾ പ്രമുഖകവികളുടെ രചനകൾ ആലപിച്ചപ്പോൾ, സേറ തെരഞ്ഞെടുത്തതു താൻതന്നെ രചിച്ച "കസാൻഡ്രാസ് കഴ്സ്' എന്ന കവിതയായിരുന്നു. സമൂഹത്തിലെ അനീതികൾക്കെതിരേ വിരൽചൂണ്ടുന്ന വരികൾ വിധികർത്താക്കളുടെയും കാണികളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. സെന്റ് ക്ലെയേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ സേറയ്ക്കു സ്വന്തം സ്കൂൾതന്നെ മൽസരവേദിയായി എന്നതും ഏറെ ശ്രദ്ധേയമായി.
Tags : Sara poetry Kalakalaravam Kerala School fest Kerala School Kalolsavam