തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ യുവാവിന് 47 വര്‍ഷം കഠിന തടവിന് വിധിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശേരി അമര്‍ തേജസ് (26) ആണ് കേസിലെ പ്രതി.
ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പ്രണയം നടിച്ച് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
അമർ തേജസിന് 47 വര്‍ഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വാടാനപ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന് 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.
Tags : kerala police crime news thrissur pocso act